വന്ധ്യതയിലൂടെ കടന്നുപോകുന്ന ദമ്പതികൾക്ക് പ്രതീക്ഷ നൽകിയ ജനനം, ലോകത്തെ ആദ്യ ഐവിഎഫ് ബേബിക്കിന്ന് 48

മാതാപിതാക്കളാകാനുള്ള നിരവധിപേരുടെ സ്വപ്നം സഫലമാക്കിയതിൽ ഐ.വി.എഫിന്റെ പങ്ക് വലുതാണ്. അതിനാദ്യത്തെ ചുവടുവച്ചത് 1978-ൽ ഇംഗ്ലണ്ടിലാണ്. ലോകത്തെ ആദ്യത്തെ ഐവിഎഫ് ബേബിക്ക് ഇപ്പോൾ 48 വയസ്സായി. 1978-ലാണ് ലൂയീസ് ജോയ് ബ്രൗൺ എന്ന ഐ.വി.എഫ് ബേബി ചരിത്രം സൃഷ്ടിച്ചുകൊണ്ടു പിറന്നുവീണത്.
മെഡിക്കൽ രംഗത്തുതന്നെ പുതുയുഗം സൃഷ്ടിക്കുകയായിരുന്നു ലൂയീസ്. മക്കളില്ലാതെ കഴിഞ്ഞിരുന്ന ലെസ്ലിക്കും ജോൺ ബ്രൗണിനും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഐ.വി.എഫിലൂടെ ലൂയീസ് ബ്രൗൺ പിറന്നത്. ഫലോപിയൻ ട്യൂബിൽ ബ്ലോക്ക് ഉണ്ടായിരുന്നതാണ് ലെസ്ലിക്ക് സ്വാഭാവിക ഗർഭം തടസ്സമാക്കിയത്. അക്കാലത്താണ് കേട്ടുകേൾവിപോലുമില്ലാത്ത ചികിത്സാരീതിക്ക് ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ റോബർട്ട് എഡ്വാർഡ്സും ഗൈനക്കോളജിസ്റ്റ് പാട്രിക് സ്റ്റെപ്ടോയും തുടക്കമിട്ടത്.
ലെസ്ലി ബ്രൗണിൽ നിന്ന് പൂർണവളർച്ചയെത്തിയ അണ്ഡമെടുത്ത് ലബോറട്ടറിയിൽവച്ച് ഭർത്താവിന്റെ ബീജവുമായി സംയോജിപ്പിച്ച് രൂപപ്പെടുന്ന ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയായിരുന്നു അത്. പുതിയ ചികിത്സാരീതി ഫലംകണ്ടുവെന്നു മാത്രമല്ല 1978 ജൂലൈ 25-ന് സിസേറിയനിലൂടെ ലൂയീസ് ബ്രൗൺ പിറക്കുകയും ചെയ്തു.
അക്കാലത്ത് വലിയ വാർത്തയായിരുന്നു ലൂയീസിന്റെ ജനനം. വന്ധ്യതയിലൂടെ കടന്നുപോകുന്ന നിരവധി ദമ്പതികൾക്ക് പ്രതീക്ഷയേകുന്നതുമായിരുന്നു. ടെലിവിഷൻ ചാനലുകളിലും പത്രവാർത്തകളിലുമൊക്കെ ലൂയീസ് നിറഞ്ഞുനിന്നു. ഇന്ന് നാൽപത്തിയെട്ടുകാരിയായ ലൂയീസ്, കാമറോൺ, എയ്ഡൻ എന്നീ രണ്ട് ആൺമക്കളുടെ അമ്മ കൂടിയാണ്. കൂടാതെ ഇന്റർനാഷൻൽ ഫെഡറേഷൻ ഓഫ് ഫെർട്ടിലിറ്റി സൊസൈറ്റിയുടെ അംബാസഡറായി പ്രവർത്തിക്കുന്നുമുണ്ട്.
ഐ.വി.എഫ്.
സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.
ആർക്കൊക്കെ അനുയോജ്യം ?
അണ്ഡവാഹിനിക്കുഴലിന് തടസ്സം, എൻഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരിൽ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവർക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ.വി.എഫ്. നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവർക്കും ഐ.വി.എഫ്. വേണ്ടിവരും.
ചികിത്സാരീതി
കൂടുതൽ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാൻ ഗൊണോഡോട്രോപ്പിൻ എന്ന ഹോർമോൺ ഇഞ്ചക്ഷൻ നൽകും. വജൈനൽ അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളർച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോർമോൺ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.
അണ്ഡമുള്ള ഫോളിക്കളുകൾക്ക് 18 മില്ലി മീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസർജനത്തിന് പാകമാക്കാൻ സഹായിക്കുന്ന ഹ്യൂമൺ കോറിയോണിക് ഗൊണാഡോട്രോഫിൻ ഇഞ്ചക്ഷൻ നൽകും. ഈ ഇഞ്ചക്ഷൻ നൽകിയശേഷം 34-36 മണിക്കൂറുകൾക്കുശേഷമാണ് അണ്ഡങ്ങൾ ശേഖരിക്കുക.
അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളിൽനിന്നും അണ്ഡങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങൾ ഉടൻ ലാബിലെ കൾച്ചർ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളിൽ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.
ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബിൽതന്നെ വളരാൻ അനുവദിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുക. ആറുമുതൽ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളർച്ചാ ഘട്ടത്തിലാണ് ഇതിനെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗർഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അൾട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അതിനുമുൻപുതന്നെ ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭപാത്രത്തെ സജ്ജമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയിൽ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.
Content Highlights: Louise Brown, the world's first IVF baby, celebrates her 48th birthday in 2026., The pioneering procedure was developed by Robert Edwards and Patrick Steptoe in 1978., IVF provides a viable solution for infertility issues like blocked fallopian tubes and endometriosis.