വ്യായാമം ചെയ്യുന്നുണ്ട്, നല്ല ഭക്ഷണം കഴിക്കുന്നുണ്ട്, എന്നിട്ടും വണ്ണംകുറയുന്നില്ലേ? കാരണമിതാവാം

നന്നായി വ്യായാമം ചെയ്യുന്നുണ്ട്, ആരോഗ്യകരമായ ആഹാരം കഴിക്കുന്നുണ്ട്, എന്നിട്ടും വണ്ണം കുറയുന്നില്ലല്ലോ എന്നു പരാതിപ്പെടുന്നവരേറെയുണ്ട്. പോഷകസമ്പന്നമായ ആഹാരം കഴിച്ചതുകൊണ്ടോ, വ്യായാമം ചെയ്തതുകൊണ്ടോ മാത്രം കാര്യമില്ല സുഖകരമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും വണ്ണംകുറയ്ക്കുന്നതിൽ പ്രധാനമാണെന്ന് പറയുകയാണ് ഹൈദ്രാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ.
അടുത്തിടെ പുറത്തുവന്ന ഒരു പഠനംകൂടി പരാമർശിച്ചാണ് ഡോക്ടർ ഇതേക്കുറിച്ച് വിശദമാക്കുന്നത്. രാത്രിയിലെ ഉറക്കത്തിലുണ്ടാകുന്ന ചെറിയ കുറവുപോലും വണ്ണംകൂടാൻ കാരണമാകുമെന്ന് ഡോക്ടർ പറയുന്നു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡോ.സുധീർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എല്ലാദിവസവും എൺപതുമിനിറ്റോളം ഉറക്കം കുറയുന്നത് വണ്ണം കൂടാൻ കാരണമാകുമെന്ന് പഠനം പറയുന്നുണ്ട്. ഇതിനൊപ്പം ഉദാസീനമായ ജീവിതശൈലി കൂടിയാകുമ്പോൾ വണ്ണം പെട്ടെന്നു കൂടുമെന്നും പഠനം പറയുന്നു. ഉറക്കം കുറയുന്നതിന് അനുസരിച്ച് വിശപ്പു കൂടുകയും കൂടുതൽ കലോറിയുള്ള ആഹാരങ്ങൾ കഴിക്കുകയും ഇൻസുലിൻ പ്രതിരോധം, ടൈപ് 2 ഡയബറ്റിസ്, അമിതവണ്ണം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയ്ക്കു കാരണമാവുകയും ചെയ്യുമെന്നും ഡോ.സുധീർ പറയുന്നു.
പലരും വണ്ണംകുറയ്ക്കാൻ ശ്രമിക്കുമ്പോൾ വ്യായാമത്തിലും ഭക്ഷണത്തിലും മാത്രമാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക. എന്നാൽ അതിനൊപ്പം സുഖകരമായ ഉറക്കം കൂടി ലഭിച്ചാലേ ആരോഗ്യകരമായി വണ്ണംകുറയൂ എന്നും അദ്ദേഹം പറയുന്നു. നല്ല ഭക്ഷണം കഴിച്ചിട്ടും നന്നായി വ്യായാമം ചെയ്തിട്ടും വണ്ണംകുറയുന്നില്ലെങ്കിൽ ഉറക്കത്തിന്റെ രീതി ശരിയല്ലേ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. പ്രായപൂർത്തിയായവർ ഏഴുമുതൽ ഒമ്പതുമണിക്കൂറെങ്കിലും ഉറങ്ങണം. ഹൃദയാരോഗ്യം കാക്കാനും മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉറക്കം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും പൊരിച്ചതും മസാല ചേർത്ത് അളവിൽ കൂടുതലും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
Content Highlights: Lack of sleep (even 80 minutes less) leads to weight gain., Sleep deprivation increases hunger and calorie intake., Sleep is as vital as diet and exercise for weight management.