30കഴിഞ്ഞാൽ പതിവായി പരിശോധിക്കണം, വ്യായാമത്തിൽ വിട്ടുവീഴ്ചയരുത്; ടൈപ്2 ഡയബറ്റിസ് പ്രതിരോധത്തിൽ WHO

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്നാണ് പ്രമേഹമെന്ന് ലോകാരോഗ്യസംഘടന. ഇന്ത്യയിൽ മുതിർന്നവരിൽ പകുതിയിലധികം പേരും തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയാതെ ജീവിക്കുന്നുവരാണെന്നും ലോകാരോഗ്യസംഘടന പറഞ്ഞു. ഇത് പിൽക്കാലത്ത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറിലാവുക, കാഴ്ച നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ലോകത്ത് പ്രമേഹ ബാധിച്ചർ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് 77 ദശലക്ഷം മുതിർന്നവർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ട്. 25 ദശലക്ഷം പേർ പ്രീ-ഡയബെറ്റിസ് ഉള്ളവരും 50 ശതമാനത്തിലധികം പേർ രോഗനിർണയം നടത്താത്തവരുമാണ്. 1990-ൽ പ്രമേഹബാധിതർ 200 ദശലക്ഷം ആയിരുന്നെങ്കിൽ 2022 ആയതോടെ നാലുമടങ്ങ് വർധിച്ച് 830 ദശലക്ഷം എന്ന നിലയിലേക്കെത്തി. വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് ഏറ്റവും വേഗത്തിലുള്ള വർധനവെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. പ്രമേഹത്തിന് ചികിത്സ വൈകിക്കുന്നത് ഹൃദയം, രക്തക്കുഴലുകൾ, കണ്ണുകൾ, വൃക്കകൾ, നാഡികൾ തുടങ്ങിയവയെ നശിപ്പിമെന്നും ലോകാരോഗ്യ സംഘടന പറയുന്നു,

ടൈപ്പ് 2 പ്രമേഹത്തിന് സാധാരണയായി പ്രകടമാകുന്ന ലക്ഷണങ്ങളേക്കുറിച്ചും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അമിതമായ ദാഹം, സ്ഥിരമായ ക്ഷീണം, അകാരണമായി ഭാരം കുറയുക, കാഴ്ച മങ്ങുക തുടങ്ങിയവയാണവ. 30 വയസ്സിന് മുകളിലുള്ളവർ പ്രമേഹപരിശോധന പതിവായി നടത്തണമെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.

ടൈപ് 2 ഡയബറ്റിസിനെ പ്രതിരോധിക്കാനുള്ള വഴികളും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, കൊഴുപ്പ് കുറഞ്ഞതും പഞ്ചസാര കുറഞ്ഞതുമായ ഭക്ഷണം, പുകയില ഉപേക്ഷിക്കുക തുടങ്ങിയവയാണവ.

ടൈപ് 2 ഡയബറ്റിസ്

ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്‌. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങൾ, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.

Content Highlights: Over 50% of adults with diabetes in India remain undiagnosed., Regular health screening is recommended for individuals over 30., 150 minutes of moderate exercise per week is crucial for prevention., Early detection prevents long-term damage to the heart, kidneys, and eyes., Lifestyle modifications and healthy diet are primary defense mechanisms.