വ്യായാമമില്ലേ? സ്ക്രീനിനു മുന്നിൽ തന്നെയാണോ? എങ്കിൽ നിങ്ങൾക്കുമുണ്ടാവാം ഡിജിറ്റൽ ഡിമെൻഷ്യ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജോലിയുടെ ഭാ​ഗമായും അല്ലാതെയുമൊക്കെ ദിവസവും മൊബൈൽ ഫോൺ, ലാപ്ടോപ് സ്ക്രീനുകൾ മുന്നിലിരിക്കുന്നവർ നിരവധിയാണ്. ഈ ശീലം ആരോ​ഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നു മാത്രമല്ല വ്യായാമം കൂടിയില്ലാത്തവരാണെങ്കിൽ മറവിരോ​ഗത്തിന് സാധ്യത വളരെ കൂടുതലാണെന്ന് ​വിദ​ഗ്ധർ പറയുന്നു. 

വ്യായാമക്കുറവും സ്ക്രീനിനു മുന്നിൽ കുത്തിയിരിക്കുന്നതുമൊക്കെ മസ്തിഷ്കത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുമെന്നും ഡിജിറ്റൽ ഡിമെൻഷ്യ എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നുമാണ് ​വിദ​ഗ്ധർ പറയുന്നത്. സ്മാർട്ഫോണുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയവയെ അമിതമായ ആശ്രയിക്കുന്നതുമൂലം ഉണ്ടാകുന്ന ഓർമക്കുറവും വൈജ്ഞാനിക പ്രവർത്തനങ്ങളുടെ അപചയവുമൊക്കെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്നതുകൊണ്ട് ​വിദ​ഗ്ധർ ഉദ്ദേശിക്കുന്നത്. 

2012-ൽ, ജർമൻ ന്യൂറോസയന്റിസ്റ്റും സൈക്യാട്രിസ്റ്റുമായ മാൻഫ്രെ‍ഡ് സ്പിറ്റ്സറാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന പദം ആദ്യമായി ഉപയോ​ഗിക്കുന്നത്. ശാസ്ത്രീയ പദമല്ലെങ്കിലും സ്ക്രീൻ ടൈമും വ്യായാമമില്ലായ്മയും എത്രത്തോളം ഓർമയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കാൻ ഇതിൽപരം മികച്ച പദമില്ലെന്നാണ് ​ഗവേഷകർ കരുതുന്നത്. 

2022-ൽ അരിസോണ സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ ഒരുപഠനത്തിൽ ഉദാസീനമായ ജീവിതശൈലിയും കംപ്യൂട്ടർ, ടി.വി., സ്മാർട്ഫോൺ തുടങ്ങിയവയ്ക്ക് മുന്നിൽ മണിക്കൂറുകളോളം ഇരിക്കുന്നതുമൊക്കെ ഡിമെൻഷ്യക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. 2023-ൽ ആന്ധ്രാപ്രദേശിൽ നിന്നുളള ​ഗവേഷകർ നടത്തിയ പഠനത്തിലും അമിതമായ സ്ക്രീൻ ടൈം ദൈനംദിനപ്രവർത്തനങ്ങളെയും, ഓർമയെയുമൊക്കെ ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തി. 

ഡിജിറ്റൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ

മറ്റുരോ​ഗങ്ങളെപ്പോലെ സ്ഥിരീകരിക്കുന്ന അവസ്ഥയല്ല ഡിജിറ്റൽ ഡിമെൻഷ്യ. ഹ്രസ്വകാല ഓർമക്കുറവ്, പെട്ടെന്ന് കാര്യങ്ങൾ മറന്നുപോവുക, വാക്കുകൾ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്, ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. 

ഡിമെൻഷ്യയെപ്പോലെത്തന്നെ ഡിജിറ്റൽ ഡിമെൻഷ്യയും ആശയവിനിമയശേഷി ശ്രദ്ധകേന്ദ്രീകരിക്കൽ, യുക്തിപരമായി ചിന്തിക്കൽ തുടങ്ങിയവയെ ബാധിക്കും. കൂടാതെ സ്ക്രീൻ ടൈം അധികരിക്കുന്നത് ഉറക്കത്തകരാറുകൾ ഉണ്ടാക്കുകയും മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യും. മസ്ഷ്കത്തിന്റെ ആരോ​ഗ്യകരമായ പ്രവർത്തനത്തിന് ഇവ രണ്ടുംകൂടിയേ തീരൂ. 

എങ്ങനെ പ്രതിരോധിക്കാം?

ഡിജിറ്റൽ ഡിമെൻഷ്യയെ പ്രതിരോധിക്കാൻ ചില മാർ​ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കുക എന്നതാണ് അതിൽ പ്രധാനം. നോട്ടിഫിക്കേഷനുകൾ കാണുമ്പോഴേക്കും സ്ക്രീനിൽ പരതുന്നതിന് പകരം പ്രധാനമല്ലാത്തവ സൈലന്റ് ആക്കിവെക്കാം. ഒന്നും ചെയ്യാനില്ലാതിരിക്കുമ്പോൾ ഫോണിൽ കുത്തിയിരിക്കുന്നവരാണ് ഭൂരിഭാ​ഗവും. അത്തരത്തിൽ വെറുതെയിരുന്ന് ബോറടിക്കാനുള്ള സാഹചര്യം ഉണ്ടാക്കാതെ എന്തെങ്കിലും കാര്യങ്ങളിൽ സജീവമായിരിക്കുന്നത് ​ഗുണംചെയ്യും. ചെറിയ ​ഔട്ട്ഡോർ ഗെയിമുകളിൽ ഏർപ്പെട്ടും വ്യായാമം സ്ഥിരമാക്കിയുമൊക്കെ വിരസതയകറ്റി ഡിജിറ്റൽ ഡിമെൻഷ്യയെ പടിക്കുപുറത്തു നിർത്താം. 

Content Highlights: what is digital dementia