വെൻഡി വില്യംസിന് അഫേസിയയും ഫ്രംണ്ടോടെംപറൽ ഡിമെൻഷ്യയും സ്ഥിരീകരിച്ചു

പ്രശസ്ത അമേരിക്കൻ അവതാരകയും എഴുത്തുകാരിയുമായ വെൻഡി വില്യംസിന് അഫേസിയയും ഫ്രണ്ടോടെംപറൽ ഡിമെൻഷ്യയും സ്ഥിരീകരിച്ചു. വെൻഡിയുടെ ആരോഗ്യത്തേക്കുറിച്ച് പല ഊഹാപോഹങ്ങളും പരക്കുന്ന സാഹചര്യത്തിലാണ് നിജസ്ഥിതി പുറത്തുവിടാൻ തീരുമാനിച്ചതെന്ന് വെൻഡിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.
ആരോഗ്യപരമായ പ്രശ്നങ്ങൾ കടുത്തതോടെയാണ് അമ്പത്തിയൊമ്പതുകാരിയായ വെൻഡി 2022-ൽ തന്റെ പ്രശസ്തമായ ഷോയ്ക്ക് അവസാനമിട്ടത്. തൈറോയ്‍ഡ് ഹോർമോണുകളുടെ തകരാർമൂലമുണ്ടാകുന്ന ഗ്രേവ്സ് ഡിസീസ്, ശരീരത്തിൽ ലിംഫ് ഫ്ലൂയിഡ് അടിയുന്നതുമൂലമുണ്ടാകുന്ന ലിംഫെഡിമ എന്നീ രോഗാവസ്ഥകളോട് പൊരുതുന്നതിനേക്കുറിച്ച് നേരത്തേ വെൻഡി പറഞ്ഞിരുന്നു.
റേഡിയോ ജോക്കിയായി തുടക്കമിട്ട വെൻഡി 2008 മുതൽ 2021 വരെ അവതരിപ്പിച്ച വെൻഡി വില്യംസ് ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
അടുത്തിടെ ഹോളിവുഡ് താരം ബ്രൂസ് വില്ലിസിനേയും അഫേസിയയും ഫ്രംണ്ടോടെംപറൽ ഡിമെൻഷ്യയും ബാധിച്ച വിവരം പുറത്തുവിട്ടിരുന്നു.
ഫ്രംണ്ടോടെംപറൽ ഡിമെൻഷ്യ
മസ്തിഷ്കത്തിന്റെ മുൻഭാഗത്ത് തകരാർ സംഭവിക്കുന്നതുമൂലമുണ്ടാകുന്ന ഡിസോർഡറാണ് ഫ്രംണ്ടോടെംപറൽ ഡിമെൻഷ്യ. ഭാഷയേയും ആശയവിനിമയത്തേയും പെരുമാറ്റത്തേയും ബാധിക്കും. കാലക്രമേണ ലക്ഷണങ്ങൾ രൂപപ്പെടുകയാണ് ചെയ്യുക. മറ്റു ഡിമെൻഷ്യകളിൽ നിന്ന് വ്യത്യസ്തമായി ചെറിയ പ്രായത്തിലേ ബാധിക്കാം. നാൽപ്പത്തിയഞ്ചു മുതൽ അറുപത്തിയഞ്ചുവയസ്സുവരെ പ്രായക്കാരെയാണ് പൊതുവേ ബാധിക്കാറുള്ളത്.
ലക്ഷണങ്ങൾ
അനുചിതമായ പെരുമാറ്റം, മറ്റുള്ളവരോട് സഹാനുഭൂതി ഇല്ലായ്മ, വ്യക്തിശുചിത്വം ഇല്ലാതിരിക്കുക, അമിതമായി ഭക്ഷണം കഴിക്കുകയോ മധുരമോ കാർബോഹൈഡ്രേറ്റുകളോ കൂടുതൽ കഴിക്കുകയോ ചെയ്യുന്നരീതിയിലുള്ള മാറ്റങ്ങൾ, ഇടയ്ക്കിടെ കൈകൊട്ടുക, ചുണ്ടിൽ ഇടയ്ക്കിടെ തട്ടുക തുടങ്ങിയവ പെരുമാറ്റപ്രശ്നങ്ങളായി കാണാം.
സംസാരിക്കാനും എഴുതാനുമുള്ള ബുദ്ധിമുട്ട്, സംസാരിക്കുമ്പോൾ കൃത്യമായ പദങ്ങൾ ലഭിക്കാതിരിക്കുക, വസ്തുക്കളുടെ പേരുകൾ പറയാനുള്ള ബുദ്ധിമുട്ട്, വാചകങ്ങളിൽ തെറ്റുവരുത്തുക തുടങ്ങിയവയാണ് ഭാഷാപരമായി നേരിടാവുന്ന പ്രശ്നങ്ങൾ.
ഏകാഗ്രതയില്ലായ്മ, പേശീക്ഷയം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, അനുചിതമായി ചിരിക്കുകയോ കരയുകയോ ചെയ്യുക, നടക്കുമ്പോൾ വീഴുക, വിറയൽ തുടങ്ങിയവയും അനുഭവപ്പെടാം.
എന്താണ് അഫേസിയ? എങ്ങനെ ഉണ്ടാകുന്നു?
മസ്തിഷ്‌കത്തിലെ ഏറ്റവും സങ്കീര്‍ണങ്ങളായ രണ്ട് പ്രവര്‍ത്തനങ്ങളാണ് സംസാരവും ആശയവിനിമയവും. ഒരു വ്യക്തിയുടെ സംസാരത്തില്‍ നിന്ന് നമുക്ക് അയാളുടെ പ്രായം, വ്യക്തിത്വം, ചിന്താശക്തി, ഭാഷ, വികാരം എന്നിവ മനസ്സിലാക്കാന്‍ സാധിക്കും. ഭാഷാപരമായും ആംഗ്യപരമായും ആശയവിനിമയം നടത്താനുള്ള ശേഷിയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. ഈ സങ്കീര്‍ണമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് മനുഷ്യ മസ്തിഷ്‌കമാണ്.
പ്രധാനമായും മനുഷ്യ മസ്തിഷ്‌കത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഇടതുഭാഗവും വലതുഭാഗവും. മനുഷ്യശരീരത്തിലെ വലതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടതുഭാഗവും ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വലതുഭാഗവുമാണ്. സംസാരം, ഭാഷ എന്നിവ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ്, ഓര്‍മ, ചിന്താശക്തി എന്നിവ തലച്ചോറിലെ ഇടതുഭാഗം നിര്‍വഹിക്കുമ്പോള്‍ ഭാഷണപ്രക്രിയയെ മധുരിതമാക്കുന്ന സ്വരഭേദം, അനുക്രമം, ഊന്നല്‍ എന്നിവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ വലതുഭാഗമാണ്.
ഇക്കാരണങ്ങള്‍കൊണ്ട് മനുഷ്യമസ്തിഷത്തിന് സംഭവിക്കുന്ന ഏതൊരാഘാതവും മനുഷ്യന്റെ സംസാരത്തെയും ഭാഷയെയും ബാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതോ നിലക്കുന്നതോ മൂലമുണ്ടാകുന്ന നാശമാണ് പക്ഷാഘാതം (സ്‌ട്രോക്ക്). തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുക, (ഹെമറേജ്) രക്തക്കട്ടകള്‍, കൊഴുപ്പിന്റെ അംശം, വായുകുമിള, എന്നിവ മൂലം രക്തപ്രവാഹത്തിനുള്ള തടസ്സം (ഇഷ്‌കിമിയ) തുടങ്ങിയവയാണ് സ്‌ട്രോക്ക് സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍. തലച്ചോറിന്റെ ഇടതുഭാഗത്താണ് തകരാറെങ്കില്‍ ശരീരത്തിന്റെ വലതുഭാഗത്തും വലതുഭാഗത്താണെങ്കില്‍ ഇടതുഭാഗത്തുമാണ് തളര്‍ച്ചയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുക.
ഭാഷ മനസ്സിലാക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള തലച്ചോറിലെ ഭാഗത്തിന് നാശം സംഭവിക്കുമ്പോഴാണ് അഫേസിയ ഉണ്ടാകുന്നത്. സ്‌ട്രോക്ക് അഫേസിയ ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. അതുകൊണ്ട് സ്ട്രോക്ക് മൂലം സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്കും ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുറഞ്ഞുപോയവര്‍ക്കും ഒരു സംസാര-ഭാഷ വിദഗ്ദ്ധന്റെ സഹായത്തോടെ സംസാര-ഭാഷ പരിശീലനം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.
അഫേസിയ എന്നത് സ്‌ട്രോക്ക് മൂലമുണ്ടാകുന്ന ഭാഷാപരമായ നഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് ഭാഷയുടെ വിവിധതലങ്ങളിലും തകരാര്‍ സംഭവിച്ചിരിക്കും. പ്രധാനമായും സംസാരം, ഭാഷ കേട്ടു മനസ്സിലാക്കാനുള്ള കഴിവ്, ഭാഷ ഉപയോഗിക്കാനുള്ള കഴിവ്, പേരുകള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ്, പറയുന്നത് തിരിച്ചുപറയുന്നതിനുള്ള ബുദ്ധിമുട്ട്, വായന, എഴുത്ത്, ഗണിതം, സ്‌പെല്ലിംഗ് തുടങ്ങിയവയില്‍ തകരാറുകള്‍ സംഭവിക്കുക. മേല്‍പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും ഒരു പരിധിവരെ സ്പീച്ച് തെറാപ്പിയില്‍ കൂടി മാറ്റിയെടുക്കാവുന്നതാണ്.
ചില അഫേസിയ രോഗികള്‍ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള കഴിവ് പൂര്‍ണമായി നേടിയെടുക്കാറുണ്ട്. ഭാഷാ വൈകല്യത്തിനുള്ള തെറാപ്പിയിലൂടെ അഫേസിയ ഏതാണ്ട് പൂര്‍ണമായി മാറ്റിയെടുക്കാന്‍ സാധിക്കും. ചിലര്‍ക്ക് സ്‌ട്രോക്കിന് ശേഷം ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാഷയില്‍ പുരോഗതി കാണാന്‍ സാധിക്കും.
Content Highlights: wendy williams diagnosed with aphasia and dementia