വയനാട്ടിൽ വീണ്ടും ഷിഗെല്ല: ഒരാൾക്ക് സ്ഥിരീകരിച്ചു, നാലുപേർ ലക്ഷണങ്ങളോടെ ചികിത്സയിൽ, ഇന്ന് അവലോകനയോഗം

#Health Desk
പ്രതീകാത്മകചിത്രം | ഫോട്ടോ: Canva
പ്രതീകാത്മകചിത്രം | ഫോട്ടോ: Canva

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങൾക്കുമുൻപ്‌ ചികിത്സതേടിയെത്തിയ വിദ്യാർഥിയുടെ പരിശോധനാഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഇതേ കോളേജിലെ നാലു വിദ്യാർഥികളും രോഗലക്ഷണങ്ങളോടെ ചികിത്സതേടിയിട്ടുണ്ട്.

കോളേജ് ഹോസ്റ്റലിൽ താമസിച്ചുപഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സതേടിയവരിൽ ഒരാൾ കോളേജ് ഹോസ്റ്റലിലും മറ്റു മൂന്നുപേർ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, പേര്യ സി.എച്ച്.സി, കോളേജ് അധികൃതരെ ഉൾപ്പെടുത്തി യോഗംചേർന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ ഒൻപതിന് ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കോളേജിൽ അവലോകനയോഗം ചേരുമെന്ന് എം.ജി. ബിജു പറഞ്ഞു. ഈ വർഷം ജൂൺ ആദ്യവാരം നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു.

മാർ ബസേലിയസ് എ.യു.പി. സ്കൂളിലെ 17 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 570-ാളം പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയിരുന്നു. ജില്ലയിൽനിന്ന്‌ ഷിഗെല്ല രോഗബാധ പൂർണമായും നിയന്ത്രണവിധേയമാക്കി ഒരുമാസം പിന്നിടുമ്പോഴാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: A student at Wayanad Government Engineering College in Mananthavady has tested positive for Shigella, prompting health authorities to isolate four others with symptoms and initiate emergency preventive measures across Tavinhal Panchayat.