മൂന്നുനാലു വർഷമായി ഓട്ടോഇമ്മ്യൂൺ രോഗവുമായുള്ള പോരാട്ടത്തിൽ, അതാണ് ക്ഷീണത്തിന് കാരണം- വിഷ്ണു വിശാൽ

ഓട്ടോഇമ്മ്യൂൺ രോഗവുമായുള്ള പോരാട്ടത്തിലാണ് താനെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടനും നിർമാതാവുമായ വിഷ്ണു വിശാൽ. വരാനിരിക്കുന്ന ചിത്രമായ 'ഗട്ടാ കുസ്തി 2'- റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് വിഷ്ണുവിന്റെ തുറന്നുപറച്ചിൽ. കഴിഞ്ഞ മൂന്ന് നാല് വർഷമായി രോഗവുമായി പോരാടിക്കൊണ്ടിരിക്കുകയാണ് എന്നും വിഷ്ണു പറഞ്ഞു.
അടുത്തിടെയായി താൻ ക്ഷീണിതനായി കാണപ്പെട്ടതിന്റെ കാരണം രോഗമാണെന്നും അദ്ദേഹം പറഞ്ഞു. പലരും തന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുഖം അടുത്തിടെയായി ക്ഷീണിതനായി കാണുന്നുവെന്ന് പറഞ്ഞു. അതിന് കാരണം ഞാൻ കഴിഞ്ഞ 3-4 വർഷമായി ഒരു ഓട്ടോ ഇമ്മ്യൂൺ രോഗവുമായി പോരാടുകയാണ്. അതിനായി കഴിക്കുന്ന മരുന്നുകൾക്ക് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നതുൾപ്പെടെയുള്ള പാർശ്വഫലങ്ങളുണ്ട്. - വിഷ്ണു പറഞ്ഞു.
തന്റെ ആരോഗ്യം ഉടൻ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടൻ പറഞ്ഞു. ആരാധകർ തന്നിൽ കാണിക്കുന്ന ആശങ്ക കൂടുതൽ തന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ?
ശരീരത്തെ സംരക്ഷിക്കേണ്ട രോഗപ്രതിരോധ സംവിധാനം തന്നെ തെറ്റായി ശരീരത്തിനെതിരെ പ്രവർത്തിക്കുന്ന അവസ്ഥയാണിത്. ഇത്തരം രോഗങ്ങളെ “ഓട്ടോഇമ്യൂൺ ഡിസോർഡേഴ്സ്” എന്നും വിളിക്കും. നൂറിലേറെ ഓട്ടോഇമ്മ്യൂൺ രോഗങ്ങളുണ്ട്. സന്ധികൾ, പേശികൾ, ചർമം, രക്തക്കുഴൽ, ദഹനവ്യനസ്ഥ, നാഡീവ്യവസ്ഥ എന്നിവയെയെല്ലാം ബാധിക്കാം. റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപസ്, മയോസൈറ്റിസ് തുടങ്ങിയവ സന്ധികളെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ രോഗങ്ങളാണ്. സോറിയാസിസ്, ഡെർമറ്റോമയോസൈറ്റിസ്, സ്ക്ലിറോഡെർമ, വിറ്റിലിഗോ തുടങ്ങിയവ ചർമത്തെയും ക്രോൺസ് ഡിസീസ്, സീലിയാക് ഡിസീസ്, ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയവ ദഹനവ്യവസ്ഥയെയും ബാധിക്കുന്നതാണ്. ടൈപ്പ് 1 ഡയബറ്റിസും ഓട്ടോഇമ്മ്യൂൺ രോഗമാണ്.
പേശികളെ ബാധിക്കുന്ന രോഗങ്ങൾ പേശികളുടെ ബലഹീനതയ്ക്ക് കാരണമാകാം. റ്യൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിൽ സന്ധിവേദന, വീക്കം, കാഠിന്യം എന്നിവ ഉണ്ടാകാം. ടൈപ്പ് 1 ഡയബറ്റിസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ (ഹൈപ്പർഗ്ലൈസീമിയ) കാരണമാകുന്നു. ചില ഓട്ടോഇമ്യൂൺ രോഗങ്ങൾ കാഴ്ചയെയും ബാധിക്കാം. പല ഓട്ടോഇമ്യൂൺ രോഗങ്ങൾക്കും പ്രധാനമായൊരു ലക്ഷണം വീക്കം ആണ്.
ഇത്തരം രോഗങ്ങൾ ദീർഘകാലം നിലനിൽക്കുന്ന അവസ്ഥകളാണ്. അതിനാൽ ഓട്ടോഇമ്യൂൺ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ അതിനെ നിയന്ത്രിക്കാനുള്ള ചികിത്സയും തുടരേണ്ടിവരും.
Content Highlights: Vishnu Vishal confirms he has been battling an autoimmune disease for 3-4 years., Medication side effects are the primary cause of his visible fatigue and inflammation