26 കിലോമീറ്റര്‍ ഇടനാഴിയിൽ അന്താരാഷ്ട്ര യോഗാദിന സംഗമം, ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സംഗമത്തിൽ| ഫോട്ടോ: PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സംഗമത്തിൽ| ഫോട്ടോ: PTI

വിശാഖപട്ടണം: മൂന്ന് ലക്ഷം പേര്‍ അണിനിരന്ന അന്താരാഷ്ട്ര യോഗാദിനാഘോഷ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് ആരംഭിച്ചു. ഏക ഭൂമിയ്ക്കും ആരോഗ്യത്തിനുമായി യോഗ എന്നതാണ് ഇക്കൊല്ലത്തെ യോഗാദിന പ്രമേയം. 

ആധുനിക ഗവേഷണങ്ങളിലൂടെ യോഗയുടെ ശാസ്ത്രീയ വശങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് യോഗയെ ഇന്ത്യ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് യോഗദിന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ശാസ്ത്രീയ അടിത്തറയില്‍ ഊന്നിയുള്ള യോഗയാണ് ഇന്ത്യ പ്രോത്‌സാഹിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഡല്‍ഹി എയിംസ് മികച്ച മാതൃകയാണ്. സ്ത്രീകളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനും ഹൃദ്രോഗങ്ങള്‍ക്കും നാഡീസംബന്ധമായ രോഗങ്ങളുടെ ശമനത്തിനും യോഗയ്ക്ക് വലിയ പങ്കുണ്ടെന്ന് അവരുടെ ഗവേഷണങ്ങള്‍ തെളിയിച്ചു'- പ്രധാന മന്ത്രി പറഞ്ഞു. 

പ്രധാന മന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കിയ പരിപാടി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ് റാവ ജാധവ് തുടങ്ങിയവര്‍ പങ്കെടുത്തു.  വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ നിന്ന് ഭോഗപുരം വരെ 26 കിലോമീറ്റര്‍ ഇടനാഴിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് ഒരേസമയം യോഗ ചെയ്യാന്‍ കഴിയുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ വിശാഖപട്ടണത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

രാവിലെ 6:30 മുതല്‍ രാവിലെ 8:00 വരെ നടക്കുന്ന പരിപാടി നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും ഗിന്നസ് ബുക്കില്‍ ഇടംനേടുമെന്നുമാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രതീക്ഷ.


 

Content Highlights: PM Modi led a record-breaking International Yoga Day celebration in Visakhapatnam