തുന്നലോ, വലിയ മുറിവുകളോ ഉണ്ടാകില്ല; എന്നിട്ടും വന്ധ്യംകരണത്തിന് മനസ്സില്ലാതെ ആണുങ്ങൾ

കണ്ണൂർ: സ്ത്രീകളിലെ ശസ്ത്രക്രിയയെക്കാൾ എളുപ്പവും സുരക്ഷിതവുമാണെങ്കിലും സ്ഥിരമായ കുടുംബാസൂത്രണ മാർഗത്തിനോടുള്ള പുരുഷന്മാരുടെ മടി മാറുന്നില്ല. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടുപ്രകാരം കേരളത്തിൽ 0.2 ശതമാനം പുരുഷന്മാർ മാത്രമാണ് വന്ധ്യംകരണത്തിനുള്ള വാസക്ടമിക്ക് സന്നദ്ധരാവുന്നത്. തുന്നലോ, വലിയ മുറിവുകളോ, വേദനയോ ഇല്ലാത്ത നോ-സ്കാൽപൽ ശസ്ത്രക്രിയാരീതി നടപ്പിലായിട്ടും ഇതിനു മാറ്റമുണ്ടായിട്ടില്ല.
രാജ്യത്തെമ്പാടും പുരുഷവന്ധ്യംകരണം ഒരു ശതമാനത്തിൽ താഴെയാണിപ്പോൾ. അതേസമയം, 42.3 ശതമാനം സ്ത്രീകൾ കേരളത്തിൽ സ്ഥിരമായ ഗർഭനിരോധന ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നു.
ഇന്ത്യയിലാകെ ദമ്പതിമാരിൽ കുടുംബാസൂത്രണമാർഗങ്ങളുടെ ഉപയോഗം കൂടിയിട്ടുണ്ട്. ഇന്ത്യയിൽ ശരാശരി 69 ശതമാനം ദമ്പതിമാരും കേരളത്തിൽ 67 ശതമാനം ദമ്പതിമാരും ഏതെങ്കിലും താത്കാലിക മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ 55ശതമാനം ദമ്പതിമാരും ആധുനിക രീതിയിലുള്ള കുടുംബാസൂത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്.
കേരളത്തിൽ സ്ത്രീകളിൽ 10 ശതമാനം പേർക്കും രാജ്യത്ത് എട്ടു ശതമാനം സ്ത്രീകൾക്കും കുടുംബാസൂത്രണ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ പ്രസവം കൂടുതലും സ്വകാര്യ ആസ്പത്രികളിൽ
- കേരളത്തിൽ ഗർഭിണികളിൽ 99.7 ശതമാനവും ആശുപത്രികളിൽ പ്രസവിക്കുന്നവരാണ്. ഇക്കാര്യത്തിൽ ദേശീയ ശരാശരി 90 ശതമാനമാണ്. ഇന്ത്യയിൽ കൂടുതൽ പേരും പ്രസവിക്കുന്നത് (58.6 ശതമാനം) സർക്കാർ ആശുപത്രികളിലാണ്. കേരളത്തിൽ 34.3 ശതമാനം പ്രസവങ്ങളാണ് സർക്കാർ ആശുപത്രികളിൽ നടക്കുന്നത്.
- കേരളത്തിൽ 41.3 ശതമാനം പ്രസവങ്ങൾ സിസേറിയൻ വഴിയാണ്. സ്വകാര്യ ആശുപത്രികളിൽ 42.5 ശതമാനവും ഗവ. ആശുപത്രികളിൽ 39.3 ശതമാനവും പ്രസവവും സിസേറിയൻ വഴിയാണ് നടക്കുന്നത്.
- കേരളത്തിലെ ഗർഭിണികളിൽ ഭൂരിഭാഗവും (88.6ശതമാനം) നാലുതവണ ഗർഭകാല പരിശോധനകൾ ലഭിച്ചവരാണ്. ഇന്ത്യൻ ശരാശരി 65 ശതമാനമാണ്.
- കേരളത്തിലെ അമ്മമാരിൽ ആറുമാസംവരെ പ്രായമുള്ള ശിശുക്കൾക്ക് മുലപ്പാൽമാത്രം കൊടുക്കുന്നവർ 55 ശതമാനത്തിൽ നിന്ന് 73 ആയി വർധിച്ചു. ഇന്ത്യയിലാകെ ഈ ശീലം 64 ശതമാനത്തിൽനിന്ന് 56 ശതമാനമായി കുറഞ്ഞു.
Content Highlights: Vasectomy rates among men in Kerala remain stagnant at 0.2%., 42.3% of women in Kerala undergo permanent sterilization procedures.