ഒരുമാസത്തിനിടെ 24 കാരനെ പാമ്പുകടിച്ചത് 6 തവണ; അഞ്ച് പ്രാവശ്യവും കടിയേറ്റത് സ്വന്തം വീട്ടില്‍വെച്ച്

35 ദിവസത്തിനിടെ ഇരുപത്തിനാലുകാരന് പാമ്പുകടിയേറ്റത് ആറ് തവണ, അഞ്ച് തവണയും സ്വന്തം വീട്ടില്‍വെച്ച്. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ സ്വദേശിയായ വികാസ് ദുബെയ്ക്കാണ് ഈ ഗതികേട്. ഓരോ തവണ പാമ്പിന്റെ കടിയേല്‍ക്കുമ്പോഴും വികാസിനെ ആശുപത്രിയിലെത്തിക്കും. അവിടെനിന്ന് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങും. ജൂണ്‍ രണ്ട് മുതല്‍ ജൂലായ് ആറ് വരെ ഇങ്ങനെയാണ് വികാസിന്റെ കാര്യങ്ങള്‍.
ജൂണ്‍ രണ്ടിന് രാവിലെ കിടക്കയില്‍ നിന്നെണീക്കുമ്പോഴാണ് വികാസിന് ആദ്യമായി കടിയേറ്റത്. യുവാവിനെ ഉടനെതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നാലാമത്തെ കടിയേറ്റതോടെ വികാസിനോട് വീട് മാറിത്താമസിക്കാന്‍ എല്ലാവരും ഉപദേശിച്ചു. തുടര്‍ന്ന് വികാസ് രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നിട്ടും കാര്യമുണ്ടായില്ല. അഞ്ചാമതും യുവാവിനെ പാമ്പ് കടിച്ചു.
വീണ്ടും കടിയേറ്റതോടെ വികാസിനെ മാതാപിതാക്കള്‍ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടേ, ജൂലായ് ആറിന് വികാസിനെ വീണ്ടും പാമ്പ് കടിച്ചു. ഇത്തവണ നിലയല്‍പം വഷളായി. എന്തായാലും കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ തല്‍ക്കാലത്തേക്ക് വികാസ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലാണ് തനിക്ക് പാമ്പുകടിയല്‍ക്കുന്നതെന്നും കടിയേല്‍ക്കുന്നതിനുമുമ്പ് തനിക്ക് കടിയേല്‍ക്കുമെന്ന തോന്നലുണ്ടാകുമെന്നും വികാസ് പറയുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 54 ലക്ഷത്തോളം പാമ്പുകടി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ 18 ലക്ഷം മുതല്‍ 27 ലക്ഷം വരെ വിഷപ്പാമ്പുകളുടെ കടിയാണ്. 8000-1,30,000 പേര്‍ മരിക്കുകയോ ഇതിന്റെ മൂന്നിരട്ടിപേര്‍ക്ക് വൈകല്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: Uttar Pradesh man bitten by snakes 6 times in 35 days