ക്ഷയരോഗികളെ ദത്തെടുക്കാം; ക്ഷയരോഗികൾക്ക്‌ സഹായധനമൊരുക്കാൻ കേന്ദ്രപദ്ധതി

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | Photo: canva.com/
പ്രതീകാത്മക ചിത്രം | Photo: canva.com/

ന്യൂഡല്‍ഹി: ക്ഷയരോഗബാധിതര്‍ക്ക് മരുന്ന്, പോഷകാഹാരം, തൊഴില്‍, മാന്യമായ ജീവിതനിലവാരം എന്നിവ ഉറപ്പാക്കാന്‍ 'നി-ക്ഷയമിത്ര' ദത്തെടുക്കല്‍ പദ്ധതിയുമായി ആരോഗ്യമന്ത്രാലയം.

സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് രോഗികളുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. വ്യക്തികള്‍, രാഷട്രീയപ്പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേറ്റുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങി ആര്‍ക്കും പദ്ധതിയുടെ ഭാഗമാകാം.

2025-ഓടെ ഇന്ത്യ ക്ഷയരോഗമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നു 'നി-ക്ഷയമിത്ര' ദത്തെടുക്കല്‍ പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, ഭാരതി പ്രവീണ്‍ പവാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒന്നോ അതിലധികമോ രോഗികളെ ദത്തെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രാദേശിക ആരോഗ്യ ഓഫീസര്‍ക്കോ ബ്ലോക്ക് ഓഫീസര്‍ക്കോ നിര്‍ദിഷ്ട ഫോം പൂരിപ്പിച്ചുനല്‍കണം. പദ്ധതിയുടെ ഭാഗമാകാന്‍ 9.26 ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ടെന്നും 8.95 ലക്ഷം പേര്‍ ഇതിനകം സമ്മതം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യമാണ് ഇന്ത്യ. നിലവില്‍ 13.5 ലക്ഷം രോഗികളുണ്ട്. പ്രതിവര്‍ഷം 26 ലക്ഷം പേരിലേക്ക് രോഗം പടരുന്നു. നാലുലക്ഷം പേര്‍ മരിക്കുന്നു. രോഗികള്‍ക്ക് സൗജന്യ ചികിത്സയും പോഷകാഹാരം ഉറപ്പാക്കാന്‍ പ്രതിമാസം 500 രൂപയും കേന്ദ്രം അനുവദിക്കുന്നുണ്ട്.

Content Highlights: tuberculosis patients, central scheme, assistance to tuberculosis patients, health