'കൊക്ക കോള കരിമ്പിൽനിന്നുള്ള പഞ്ചസാര ഉപയോഗിക്കും', അവകാശവാദവുമായി ട്രംപ്; പ്രതികരിക്കാതെ കമ്പനി

കൃത്രിമമായ മധുരത്തിന് പകരം കരിമ്പിൽനിന്ന് സംസ്കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്റെ നിർദേശം കൊക്ക കോള അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. അതേസമയം, വിഷയത്തിൽ കൊക്ക കോള ഇതുവരെ പ്രതികരിച്ചിട്ടില്ല.
'യു.എസ്സിലെ കോക്കിൽ യഥാർഥ പഞ്ചസാര ഉപയോഗിക്കണമെന്ന് കൊക്ക കോളയ്ക്ക് നിർദേശം നൽകിയിരുന്നു. അങ്ങനെ ചെയ്യാൻ അവർ സമ്മതിച്ചിട്ടുണ്ട്. അവരുടെ ഭാഗത്ത് നിന്നുള്ള മികച്ച നീക്കമായിരുന്നു ഇത്. കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു', ട്രംപ് കുറിച്ചു.
ഡയറ്റ് കോക്ക് സ്ഥിരമായിട്ടുപയോഗിക്കുന്ന വ്യക്തിയാണ് താനെന്ന് നേരത്തെ ട്രംപ് വ്യതക്തമാക്കിയതാണ്. വസവും 12 ക്യാനുകൾ വരെ ഉപയോഗിച്ചിരുന്നതായും അദ്ദേഹം അന്ന് വ്യക്തമാക്കി. കൊക്ക കോളയ്ക്ക് മധുരം ലഭിക്കുന്നതിനായി ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് ആണ് നിലവിൽ കമ്പനി ഉപയോഗിക്കുന്നത്. ഇത് അമിതവണ്ണം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആക്ഷേപമുണ്ട്.
കരിമ്പിൽനിന്നുള്ള പഞ്ചസാര ആരോഗ്യത്തിന് നല്ലതാണോ?
ഗ്ലൂക്കോസും ഫ്രക്ടോസും ചേർന്നുള്ള സൂക്രോസ് ആണ് അടിസ്ഥാനപരമായി കരിമ്പിൽനിന്നുള്ള പഞ്ചസാര എന്നത്. ഇതിൽ, കലോറിയും കാർബോഹൈഡ്രേറ്റുമല്ലാതെ മറ്റ് പോഷകങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്. അതിനാൽ, മിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
കരിമ്പിൻ പഞ്ചസാര ഉൾപ്പെയുള്ള എല്ലാ പഞ്ചസാരയുടേയും അളവ് സ്ത്രീകൾക്ക് പ്രതിദിനം 6 ടീസ്പൂൺ, പുരുഷന്മാർക്ക് 9 ടീസ്പൂൺ എന്നിങ്ങനെ പരിമിതപ്പെടുത്താൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.
Content Highlights: Trump Claims Coca-Cola to Adopt Cane Sugar Following Presidential Suggestion