‘ഹാങ് ഓവറില്ലാതെ ഊർജസ്വലതയോടെ എഴുന്നേൽക്കാനായി’; മദ്യപാനം ഉപേക്ഷിച്ചതിനേക്കുറിച്ച് ടോം ഹോളണ്ട്

സ്പൈഡർമാൻ സീരീസുകളിലൂടെ ആരാധകരുടെ പ്രീതി നേടിയ താരമാണ് ഹോളിവുഡ് നടൻ ടോം ഹോളണ്ട്. ഇപ്പോഴിതാ മദ്യം ഉപേക്ഷിച്ചതിനേക്കുറിച്ചും അത് തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളേക്കുറിച്ചും പറയുകയാണ് ഇരുപത്തിയൊമ്പതുകാരനായ ടോം ഹോളണ്ട്.
2022-ൽ ഡ്രൈ ജനുവരി ചലഞ്ചിന്റെ ഭാഗമായാണ് താൻ മദ്യപാനം ഉപേക്ഷിച്ചതെന്ന് ടോം പറയുന്നു. യുഎസ്എ ടുഡേയോട് സംസാരിക്കവേയാണ് ടോം ഇക്കാര്യം പറഞ്ഞത്. കരിയറിനെ വരെ മദ്യപാനശീലം ബാധിച്ചുതുടങ്ങിയതോടെയാണ് ഇടവേളയെടുക്കണമെന്ന് തീരുമാനിക്കുന്നത്. ജനുവരിയിൽ മദ്യം ഉപേക്ഷിക്കാനുള്ള ചലഞ്ച് പിന്നീട് തുടരുകയായിരുന്നെന്നും തുടക്കത്തിൽ തനിക്കത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ടോം പറയുന്നു.
മദ്യം ഉപേക്ഷിക്കുക എന്നത് കരുതിയതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു. മദ്യത്തിൽ അത്രത്തോളം അടിമപ്പെട്ടിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കി. ജനുവരിയിൽ മാത്രമായി മദ്യം നിർത്താമെന്ന തീരുമാനം പിന്നീടിങ്ങോട്ടും തുടരുകയായിരുന്നു. ഇത് തന്നിൽ വലിയ മാറ്റങ്ങളുണ്ടാക്കി. രാവിലെകളിൽ ഹാങ്ങോവറില്ലാതെ ഊർജസ്വലതയോടെ എഴുന്നേൽക്കാൻ തുടങ്ങി, ഒരു വ്യക്തിയെന്ന നിലയിൽ കൂടുതൽ ആത്മവിശ്വാസം തോന്നാനും മദ്യം ഉപേക്ഷിച്ചത് സഹായിച്ചുവെന്ന് ടോം പറയുന്നു.
ചെറുപ്പക്കാരും മദ്യത്തിന് അടിമപ്പെടുന്നതിന് തടയിടുന്നതെങ്ങനെ എന്ന ആലോചനയിൽനിന്നാണ് ടോം നോൺ ആൽക്കഹോളിക് ബ്രാന്റായ ബെറോക്കിന് തുടക്കമിടുന്നത്.
മിതമായ അളവിൽ മദ്യപിക്കുന്നത് പ്രശ്നമില്ലെന്നാണ് പലരും കരുതുന്നതെങ്കിലും ഒരളവും സുരക്ഷിതമല്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. മദ്യപാനം പലവിധ കാൻസറുകളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് സിഡിസി (Centers for Disease Control and Prevention) നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മിതമായ അളവിലുള്ള മദ്യപാനംപോലും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മദ്യപാനാസക്തി ഗുരുതരമായ പലരോഗങ്ങളിലേക്കും നയിക്കുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലങ്ങളോളമുള്ള മദ്യപാനശീലം രക്തസമ്മർദം വർധിക്കുക, കരൾ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകും.
മദ്യം ഉപേക്ഷിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ചില പോസിറ്റീവായ മാറ്റങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടും
പലരും ദിവസവും പരിമിതമായ അളവിൽ മദ്യംകഴിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. എന്നാൽ, മദ്യം ശീലമാവുകയും അതിനൊപ്പം അളവു കൂടുകയുമൊക്കെ ചെയ്യുന്നത് രക്തസമ്മർദത്തിന്റെ തോതിനെ ബാധിക്കും. ഇത് ഹൃദയാരോഗ്യത്തേയും തകരാറിലാക്കും. കൂടാതെ ട്രൈഗ്ലൈസിറൈഡ്സ് എന്ന കൊഴുപ്പ് ശരീരത്തിൽ അടിയാൻ കാരണമാവുകയും ഇതും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
കരളിന്റെ ആരോഗ്യം
ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറംതള്ളി വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ, മദ്യപാനം അതിരുവിടുന്നത് കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ അവസ്ഥകൾക്ക് കാരണമാവുകയും ചെയ്യും. മദ്യപാനം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ഭാരം കുറയാൻ
വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവരും മദ്യപാനം ഉപേക്ഷിക്കുന്നത് ഗുണംചെയ്യും. ഒരു ഗ്ലാസ് ബിയറിൽ 150 കലോറിയും വൈനിൽ 120 കലോറിയുമാണുള്ളത്. ഇനി കലോറി തീരെ കുറഞ്ഞവയാണെങ്കിൽപ്പോലും മദ്യം വിശപ്പിനെ അധികരിക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കാനിടയാക്കുകയും വണ്ണംവെക്കാൻ കാരണമാവുകയും ചെയ്യും. അതിനാൽ മദ്യപാനം നിർത്തുകവഴി ശരീരഭാരവും കുറയ്ക്കാനാവും.
ബന്ധങ്ങൾ സുഖകരമാക്കും
മാനസികാവസ്ഥയെ സ്വാധീനിക്കുന്നതിലും മദ്യത്തിന് വലിയ പങ്കാണുള്ളത്. സോഷ്യൽ ഡ്രിങ്കിങ് എന്ന അവസ്ഥയിൽനിന്ന് പലരും ബോധം നഷ്ടമാകും വരെ മദ്യപിക്കുന്നത് ദോഷമേ ചെയ്യൂ. മദ്യോപയോഗം കുറയ്ക്കുന്നതും നിർത്തുന്നതും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കൂടാതെ വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും സഹായകമാകും.
കാൻസർ സാധ്യത
മദ്യപാനം പലതരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുമെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമായിരുന്നു. വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനത്തിലുണ്ടായിരുന്നത്. സ്തനാർബുദം, വായിലെ അർബുദം, കുടലിലെ അർബുദം തുടങ്ങി ഏഴോളം തരത്തിലുള്ള കാൻസറുകൾക്ക് പിന്നിൽ മദ്യത്തിന്റെ ഉപഭോഗവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഉറക്കം മെച്ചപ്പെടും
മദ്യപാനം തുടക്കത്തിൽ മയക്കത്തിന് സമാനമായ അനുഭവം നൽകുമെങ്കിലും സുഖകരമായ ഉറക്കത്തിന് തടസ്സമാകാം. മൂത്രമൊഴിക്കുന്നതിനുൾപ്പെടെ ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം അസ്വസ്ഥമാക്കും. രാത്രി വളരെ വൈകുംവരെ മദ്യപിക്കുന്ന ശീലം പാടേ ഉപേക്ഷിക്കുന്നതാണ് ഗുണകരം.
പ്രതിരോധശേഷി
മദ്യം ശരീരത്തിന്റെ അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷിയെ ദുർബലമാക്കാം. മദ്യത്തിന്റെ അളവു കൂടുന്നതിനൊപ്പം പ്രതിരോധശേഷി ദുർബലമാവും. ഇതുതടയാൻ മദ്യം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണം.
രക്തസമ്മർദം നിയന്ത്രിക്കാനാവും
വലിയ അളവിൽ മദ്യം കഴിക്കുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കും. കൂടാതെ മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തേയും ബാധിക്കും. കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ശേഷി കുറയുകയും മോട്ടോർ സ്കില്ലുകളെ ബാധിക്കുകയും ചെയ്യും. മദ്യം കുറയ്ക്കുന്നതിനനുസരിച്ച് ഈ ശേഷികൾ മെച്ചപ്പെടുകയും ചെയ്യും.
Content Highlights: Tom Holland quit alcohol starting with the 2022 Dry January challenge., Sobriety led to improved energy, confidence, and overall well-being.