നിപയുടെ ജീവിക്കുന്ന രക്തസാക്ഷി; നിപ രോഗിയെ പരിചരിച്ച കോഴിക്കോട്ടെ നഴ്സ് 8 മാസമായി അബോധാവസ്ഥയിൽ

ടിറ്റോ തോമസ്
ടിറ്റോ തോമസ്

നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയിൽ കഴിയുന്ന ആരോ​ഗ്യപ്രവർത്തകൻ. മം​ഗലാപുരം സ്വദേശിയായ ടിറ്റോ തോമസ് ആണ് നിപയ്ക്ക് ശേഷമുള്ള  ലേറ്റന്റ് എൻസഫലൈറ്റിസ് (നിപ എൻസഫലൈറ്റിസ് )  ബാധിച്ച് 8 മാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചലനമറ്റ് കിടക്കുന്നത്.  ഇതേ ആശുപത്രിയിൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ന​ഴ്സാ​യി​രുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നി​പ രോ​ഗിയിൽ നിന്നാണ് രോ​ഗം പിടിപെട്ടത്. നിപയിൽ നിന്നും മുക്തി നേടിയെങ്കിലും അധികം വൈകാതെ പാ​ർ​ശ്വ​ഫ​ല​മാ​യി ലേറ്റന്റ് എ​ൻ​സ​ഫ​ലൈ​റ്റി​സ് ബാ​ധി​ക്കു​ക​യായിരുന്നു. ഇപ്പോൾ തൊ​ണ്ട​യി​ൽ ഘ​ടി​പ്പി​ച്ച ട്യൂ​ബി​ലൂ​ടെയാണ് ഈ 24 വയസ്സുകാരൻ​ ശ്വാ​സോ​ച്ഛാ​സം നിലനിർത്തുന്നത്. ഇതുവരെ കണ്ണ് തുറന്നിട്ടില്ല. 

മം​ഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിൽ 23നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി എത്തുന്നത്. ആ​ഗസ്റ്റ് അവസാനം  ഇതേ ആശുപത്രിയിൽ ക​ടു​ത്ത പ​നി​യു​മാ​യി എത്തുകയും ഇവിടെ വച്ച്​ മരിക്കുകയും ചെയ്ത രോ​ഗിക്ക് മരണ ശേഷം നിപ സ്ഥീരീകരിച്ചിരുന്നു. ഇതേ രോ​ഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോ​ഗബാധ ഉണ്ടായത്.  രോ​ഗ മു​ക്തി​നേ​ടി ക്വാറന്റൈൻ പൂർത്തിയാക്കി നവംബറിൽ വീട്ടിൽ എത്തിയ  ടി​റ്റോയ്ക്ക് ആ സമയം മുതൽ തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നുവെന്ന് ടിറ്റോയുടെ സഹോദരൻ ഷി​ജോ തോമസ് പറയുന്നു. 

അന്ന് തലവേദന അത്രകാര്യമായി എടുത്തിട്ടില്ല. വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ടിറ്റോയ്ക്ക് ഡി​സം​ബ​റി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടതിനെ തു​ട​ർ​ന്ന് പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാണ് ലേറ്റന്റ് എ​ൻ​സ​ഫ​ലൈ​റ്റി​സ് ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ തുടങ്ങി. ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ ടിറ്റോ അബോധാവ​സ്ഥ​യി​ലാ​വു​ക​യും ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോ​ഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോ​ഗ്യ​സ്ഥി​തി​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം. ‌‌

എന്നാൽ കൂടുതൽ സൗകര്യങ്ങൾ ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് പ്രധാന തടസ്സം. ജോ​ലി ഉ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട്ട് ആ​ശു​പ​ത്രി​യി​ൽ ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണ് ഏ​ക സ​ഹോ​ദ​ര​ൻ ഷി​ജോ തോ​മ​സും അ​മ്മ ലി​സിയും. ഇതുവരെയുള്ള ചി​കി​ത്സ പൂ​ർ​ണ​മാ​യും സ്വകാര്യ ആ​ശു​പ​​ത്രി മാ​നേ​ജ്മെ​ൻറ് ഏ​റ്റെ​ടു​ത്തിട്ടുണ്ട്.  ഇ​തി​ന​കം 40 ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​ക്കാ​യി മാ​നേ​ജ്മെ​ൻറ് ചെ​ല​വ​ഴി​ച്ചു. തുടർചികിത്സയക്കായി സർക്കാരിൽ നിന്നും സാമ്പത്തിക സഹായം വേണം എന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. ടിറ്റോയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് ആരോ​ഗ്യവകുപ്പിനറിയാമെന്നും സാമ്പത്തിക സഹായം ലഭിച്ചാൽ ടിറ്റോയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാവും എന്നും കുടുംബം പറയുന്നു.

നിപ വൈറസ് മൂലം പിന്നീട് മസ്തിഷ്കജ്വരമുണ്ടാകുന്നതാണ് നിപ എൻസഫലൈറ്റിസ്. ഇത് രോ​ഗബാധിതനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിപ എൻസഫലൈറ്റിസിന് നിലവിൽ നൽകിവരുന്നത്. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

Content Highlights: titto thomas in coma due to latent encephalitis after nipah