ഹൃദയം തുറക്കാതെ വാൽവ് മാറ്റി തൃശ്ശൂർ മെഡിക്കൽ കോളേജ്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മെഡിക്കൽ കോളേജ്: ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. അക്കിക്കാവ് സ്വദേശിനി(74)ക്കാണ് കത്തീറ്റർ ചികിത്സയിലൂടെ വാൽവ് മാറ്റിവെച്ചത്. നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഇടക്കിടെ ബോധംകെട്ടുവീഴൽ എന്നീ ലക്ഷണങ്ങളോടെയാണ് രോഗി ചികിത്സക്കെത്തിയത്. പരിശോധനകളിൽ ഹൃദയത്തിലെ അയോർട്ടിക് വാൽവ് വളരെയധികം ചുരുങ്ങിയതായി കണ്ടെത്തി. ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പ് ചെയ്ത് എത്തിക്കാനാകില്ലായിരുന്നു.

നെഞ്ചും ഹൃദയവും തുറന്ന് ചുരുങ്ങിയ വാൽവ് മുറിച്ചുമാറ്റി കൃത്രിമ വാൽവ് പിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ. എന്നാൽ, രോഗിയുടെ പ്രായവും ശാരീരികാവശതയും പരിഗണിച്ചപ്പോൾ അതിനാകുമായിരുന്നില്ല. തുടർന്നാണ് കത്തീറ്റർ ചികിത്സയുടെ സാധ്യത തേടിയത്. കാലിലെ രക്തക്കുഴൽ വഴി കത്തീറ്റർ എന്ന ട്യൂബ് കടത്തി ബലൂൺ ഉപയോഗിച്ച് ചുരുങ്ങിയ വാൽവ് വികസിപ്പിക്കുകയും തുടർന്ന് മറ്റൊരു കത്തീറ്റർ ട്യൂബിലൂടെ കൃതിമ വാൽവ് ഹൃദയത്തിലെത്തിച്ച് അവിടെ സ്ഥാപിക്കുകയുമായിരുന്നു. മൂന്നു മണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. രോഗി സുഖംപ്രാപിച്ചുവരുന്നു.

കാർഡിയോളജി വിഭാഗം മേധാവി ഡോ. സി.പി. കരുണദാസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ആന്റണി പാത്താടൻ, ബിജിലേഷ്, ഹരികൃഷ്ണ, നിതിൻ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ അമ്മിണിക്കുട്ടി, അരുൺ വർഗീസ്, ആതിര, ശ്രീലക്ഷ്മി കാത്ത്‌ലാബ് ടെക്‌നീഷ്യന്മാരായ അൻസിയ, അമൃത, നഴ്സുമാരായ ബീനാ പൗലോസ്, രജനി, മീത്തു എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. അടിയന്തരമായി ഹൃദയം തുറക്കേണ്ടിവരുന്ന സാഹചര്യം നേരിടാൻ ഹൃദയശസ്ത്രക്രിയാവിഭാഗത്തിലെ ഡോ. അഷ്റഫും കൂടെയുണ്ടായിരുന്നു. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് നടത്തുന്നത്.

Content Highlights: Thrissur Medical College-Heart Valve Replacement Without Open Heart Surgery