ആൺകുട്ടികളിലെ പെട്ടെന്നുള്ള വൃഷണവേദന അവഗണിക്കരുത്; അടിയന്തര ചികിത്സ വേണമെന്ന് യൂറോളജി വിദഗ്ധർ

കൊച്ചി: ആൺകുട്ടികളിലും കൗമാരക്കാരിലും പെട്ടെന്നുണ്ടാകുന്ന കടുത്ത വൃഷണവേദന അവഗണിക്കരുതെന്ന് യൂറോളജി വിദഗ്ധർ. ചികിത്സ വൈകിയാൽ വൃഷണത്തിന് സ്ഥിരമായ തകരാർ സംഭവിക്കാനും നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൊച്ചി ലെ മെറിഡിയനിൽ ആരംഭിച്ച കേരള യൂറോളജിക്കൽ അസോസിയേഷന്റെ 40-ാമത് വാർഷിക സമ്മേളനത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
വൃഷണത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന ടെസ്റ്റിക്കുലാർ ടോർഷൻ എന്ന അവസ്ഥ അപകടകരമാണ്. ഇതിനെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും അവബോധം നൽകാൻ ‘സേവ് ദ ടെസ്റ്റിസ്– ബി അവെയർ, ടേക്ക് കെയർ’ എന്ന ബോധവത്കരണ പരിപാടിക്കും അസോസിയേഷൻ രൂപം നൽകിയിട്ടുണ്ട്.
പ്രമുഖ യൂറോളജി വിദഗ്ധനും അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ. കെ. ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദ്യശാസ്ത്രത്തിലെ പുരോഗതിയിലൂടെ മുമ്പ് അവയവനഷ്ടത്തിനും സ്ഥിരമായ വൈകല്യങ്ങൾക്കും കാരണമായിരുന്ന പല രോഗങ്ങളും ഇന്ന് ഫലപ്രദമായി ചികിത്സിക്കാനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതും പ്രധാനമാണ്.
യൂറോളജിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സഞ്ജീവൻ കളവമ്പാറ, സെക്രട്ടറി ഡോ. എം. മണികണ്ഠൻ, ഓർഗനൈസിങ് ചെയർമാൻ ഡോ. ജോൺ എബ്രഹാം, സെക്രട്ടറി ഡോ. ഗ്രിഗറി പത്രോസ്, സതേൺ യൂറോളജിസ്റ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഡോ ജഗദീശ്വർ ടി; ഡോ. ദിനേശ് തോമസ് ചെറിയാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
വൃഷണത്തിലേക്കുള്ള രക്തക്കുഴലുകൾ അടങ്ങിയ ബീജനാളം പിരിഞ്ഞുമുറുകി രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയായ ടെസ്റ്റിക്കുലാർ ടോർഷൻ യൂറോളജിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സഞ്ജീവൻ കളവമ്പാറ വിശദീകരിച്ചു.
ഏതു പ്രായത്തിലും സംഭവിക്കാമെങ്കിലും കൗമാരക്കാരിലാണ് കൂടുതലായി കാണുന്നത്. ഉറക്കത്തിനിടയിലോ കളിക്കുമ്പോഴോ മറ്റു സമയങ്ങളിലോ പെട്ടെന്ന് സംഭവിക്കാം. കടുത്ത വേദന, വീക്കം, വൃഷണം സാധാരണയേക്കാൾ മുകളിലേക്ക് വലിഞ്ഞുനിൽക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
“വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ചാൽ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. വേദന തുടങ്ങി ആദ്യത്തെ നാലു മുതൽ ആറു മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തിയാൽ വൃഷണം സംരക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. വേദന മാറുമോയെന്ന് നോക്കാനോ നേരം വെളുക്കുന്നതുവരെ കാത്തിരിക്കാനോ കുട്ടികളോട് പറയരുത്. ഉടൻ ആശുപത്രിയിലെത്തിക്കണം,” അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചില ആശുപത്രികളിൽ നടത്തിയ പരിമിതമായ പഠനങ്ങളിൽ ടെസ്റ്റിക്കുലാർ ടോർഷൻ ബാധിച്ച പത്തിൽ ഏഴുപേർക്കും വൃഷണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. സഞ്ജീവൻ പറഞ്ഞു. ഇത് സംസ്ഥാനത്തെ മുഴുവൻ രോഗികളുടെയും സ്ഥിതിയായി കണക്കാക്കാനാവില്ലെങ്കിലും ചികിത്സ വൈകുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.
ബോധവത്കരണം സ്കൂളുകളിലേക്കും പൊതുസമൂഹത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഓർഗനൈസിങ് ചെയർമാൻ ഡോ. ജോൺ എബ്രഹാം പറഞ്ഞു. സ്വകാര്യഭാഗങ്ങളിലെ വേദനയെക്കുറിച്ച് പറയാൻ ആൺകുട്ടികൾ പലപ്പോഴും മടിക്കാറുണ്ട്. കളിക്കിടെയുണ്ടായ ചെറിയ പരിക്കാണെന്ന് മാതാപിതാക്കളും അധ്യാപകരും കായിക പരിശീലകരും തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. ലക്ഷണങ്ങൾ തിരിച്ചറിയാനും ഉടൻ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും സഹായിക്കുന്ന മലയാളം അനിമേഷൻ വീഡിയോയും തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അവയവങ്ങളുടെ പ്രവർത്തനവും രോഗികളുടെ ജീവിതനിലവാരവും സംരക്ഷിക്കുന്ന ചികിത്സാരീതികൾക്ക് സമ്മേളനം പ്രാധാന്യം നൽകുന്നതായി സംഘാടക സെക്രട്ടറി ഡോ. ഗ്രിഗറി പത്രോസ് പറഞ്ഞു. കൃത്യതയാർന്ന രോഗനിർണയം, അവയവങ്ങൾ സംരക്ഷിച്ചുള്ള അർബുദ ചികിത്സ, റോബോട്ടിക് ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കൽ എന്നിവയിലെ പുരോഗതി രോഗികൾക്ക് കൂടുതൽ ചികിത്സാ സാധ്യതകൾ നൽകുന്നതായി അദ്ദേഹം പറഞ്ഞു.
മൂത്രാശയം നീക്കം ചെയ്യാതെയുള്ള അർബുദ ചികിത്സ, തലച്ചോറും മൂത്രാശയവും തമ്മിലുള്ള നാഡീബന്ധം, നിയന്ത്രിക്കാനാകാത്ത മൂത്രശങ്കയ്ക്കുള്ള നൂതന ചികിത്സകൾ എന്നിവ ആദ്യദിവസത്തെ ശാസ്ത്രീയ സെഷനുകളിൽ ചർച്ചയായി. കുട്ടികളിലെ വൃക്ക മാറ്റിവയ്ക്കൽ, വീണ്ടും വൃക്ക മാറ്റിവയ്ക്കേണ്ടിവരുന്ന സാഹചര്യങ്ങൾ, സങ്കീർണമായ ശസ്ത്രക്രിയകൾ, ശസ്ത്രക്രിയയ്ക്കുശേഷം വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ചികിത്സാരീതികൾ എന്നിവയും ചർച്ച ചെയ്തു.
ഞായറാഴ്ച പ്രോസ്റ്റേറ്റ് അർബുദത്തിന്റെ കൃത്യതയാർന്ന രോഗനിർണയം, റോബോട്ടിക് ശസ്ത്രക്രിയ, വൃക്കയിൽ കല്ലുകൾ ആവർത്തിക്കുന്നത് തടയാനുള്ള മാർഗങ്ങൾ, പ്രോസ്റ്റേറ്റ് രോഗങ്ങൾക്കുള്ള പുതിയ ചികിത്സകൾ എന്നിവ അവതരിപ്പിക്കും. കൊച്ചി യൂറോളജി ക്ലബിന്റെ സഹകരണത്തോടെയാണ് രണ്ടുദിവസത്തെ സമ്മേളനം നടക്കുന്നത്.
Content Highlights: Testicular pain in boys can indicate serious conditions like testicular torsion. Early diagnosis and treatment are crucial to prevent permanent damage.