ചെറിയ പരിക്കെന്ന് ഡോക്ടർമാർ അവഗണിച്ചു, പിന്നീട് ഗുരുതര കാൻസർ സ്ഥിരീകരണം; 14-കാരന്റെ അതിജീവനം

ഇവാൻ ലാലോ | Photo: Instagram: clevelandclinic
ഇവാൻ ലാലോ | Photo: Instagram: clevelandclinic

ലത് തോളിൽ ചെറിയൊരു വേദനയോടെയായിരുന്നു 14 വയസ്സുകാരൻ ഇവാൻ ലാലോ ആദ്യം ആശുപത്രിയിലെത്തിയത്. ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ തുടങ്ങി കായികരം​ഗത്ത് സജീവമായിരുന്നു ഇവാന് തോളെല്ല് സംബന്ധമായ ഒരു രോഗമാണെന്നായിരുന്നു ഡോക്ടർമാർ ആദ്യം കരുതിയത്. എന്നാൽ, പിന്നീട് അവന്റെ വലത് കൈയിലെ വേദന കൂടുകയും ചലിപ്പിക്കുന്ന ശേഷി കുറയുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം കുടുംബത്തെ ഞെട്ടിച്ചു. അപൂർവമായ യൂയിങ് സാർക്കോമ എന്ന കാൻസറാണ് കുഞ്ഞ് ഇവാന് എന്ന് കണ്ടെത്തി.

വേദന സഹിക്കാനാകാത്ത സാഹചര്യം വന്നതോടെ, എംആർഐ സ്കാൻ നടത്താൻ ഡോക്ടർമാർ നിർദേശിച്ചു. അതിലൂടെയാണ് കഴുത്തിൽ ഒരു മുഴയുണ്ടെന്ന് വ്യക്തമാകുന്നത്. തുടർന്ന്, കുട്ടി ഒന്നിലധികം തവണ കീമോതെറാപ്പിക്കും റേഡിയേഷൻ തെറാപ്പിക്കും വിധേയനായി.

കുട്ടികളിൽ സാധാരണ കണ്ടുവരുന്ന കാൻസറുകളുടെ സ്ഥലത്തോ സ്വഭാവത്തിലോ അല്ലായിരുന്നു ഇവാന്റെ രോഗം. വിവിധ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്ധർ നടത്തിയ വിശദ പരിശോധനയ്ക്കുശേഷമാണ് കുട്ടിക്ക് യൂയിങ് സാർക്കോമ എന്നറിയപ്പെടുന്ന അപൂർവ ട്യൂമറാണെന്ന് വ്യക്തമായത്. ഈ മുഴ ഞരമ്പുകളോട് ചേർന്ന് വളർന്ന് വേദനയ്ക്കും കൈയ്യുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനും കാരണമാകും, ഇവാനെ ചികിത്സിച്ച ഡോക്ടർ മാറ്റിയോ ട്രൂക്കോ പറഞ്ഞു. 

എന്നാൽ, ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് തന്നെ ചികിത്സിച്ച ഡോക്ടർമാരുടേയും കുടുംബത്തിന്റേയും പിന്തുണയോടെ രോ​ഗവിമുക്തനായി. പഠനകാര്യങ്ങളിൽ ആവശ്യമായ പിന്തുണയെല്ലാം അവന്റെ അധ്യാപകർ ഉറപ്പുനൽകി. 2024 നവംബറിൽ രോ​ഗം സ്ഥിരീകരിച്ച ഇവാൻ ഏഴ് മാസങ്ങൾക്ക് ശേഷം ആശുപത്രി വിട്ടു. 

എന്താണ് യൂയിങ് സാർക്കോമ? 
എല്ലുകളിലോ അവയ്ക്ക് ചുറ്റുമുള്ള സോഫ്റ്റ് ടിഷ്യുകളേയോ ബാധിക്കുന്ന ഒരുതരം അർബുദമാണ് യൂയിങ് സാർക്കോമ. ഏത് പ്രായക്കാരേയും രോ​ഗം ബാധിക്കാമെങ്കിലും കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലും ചെറുപ്പക്കാരിലുമാണ്. കാലുകളിലെ എല്ലുകളിലോ പെൽവിസിലോ ആണ് ഇത് ആരംഭിക്കുന്നത്. അല്ലെങ്കിൽ, കൈകൾ പോലുള്ള മറ്റ് എല്ലുകളിലോ സോഫ്റ്റ് ടിഷ്യുകളിലോ പ്രത്യക്ഷപ്പെടാം. 

ലക്ഷണങ്ങൾ

  • കയ്യിലോ കാലിലോ നെഞ്ചിലോ ഇടുപ്പിലോ ഉണ്ടാകുന്ന മുഴ.
  • എല്ലുവേദന.
  • എല്ലിന് പൊട്ടലുണ്ടാവുക.
  • രോഗബാധിതമായ ഭാഗത്ത് വേദന.
  • നീർക്കെട്ട് അല്ലെങ്കിൽ തൊടുമ്പോഴുള്ള വേദന.

ശരീരം മുഴുവൻ ബാധിക്കുന്ന ലക്ഷണങ്ങൾ

  • പനി
  • കാരണമില്ലാതെ ഭാരം കുറയുക.
  • ക്ഷീണം

(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോ​ഗങ്ങളുടെ ഭാ​ഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)

Content Highlights: Teen Overcomes Rare Ewing Sarcoma: A Story of Perseverance and Medical Triumph