ചെറുപ്പക്കാർക്കിടയിൽ ട്രെൻഡായി 'ഷുഗർ കട്ട്'; മധുരമില്ലാത്ത ചായയ്ക്ക് പ്രിയമേറുന്നു

#ഹിരൺ എസ്.കുമാർ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

‘ചേട്ടാ.. ഒരു വിത്തൗട്ട്’..

 27-കാരൻ വൈഭവ് എം.വാര്യർ പറഞ്ഞപ്പോൾ തൃശ്ശൂർ ടൗണിലെ ചായക്കടച്ചേട്ടൻ സംശയത്തോടെ ഒന്നുനോക്കി. നോട്ടത്തിന്റെ അർഥം മനസ്സിലായ വൈഭവ് ഷുഗർ കൂടിയതുകൊണ്ടല്ലെന്നും ഇപ്പോഴത്തെ ട്രെൻഡ് ആണിതെന്നും ചായ ആസ്വദിച്ച് കുടിക്കുന്നതിനിടെ ചേട്ടന് ക്ലാസെടുത്തുകൊടുത്തു. വൈഭവ് അഞ്ചുകൊല്ലമായി മധുരമിടാത്ത ചായയാണ് കുടിക്കുന്നത്.

മുൻപ് പ്രമേഹരോഗികളും പ്രായമായവരുമാണ് മധുരമില്ലാത്ത ചായയും കാപ്പിയും കൂടുതലായി കുടിച്ചിരുന്നത്. എന്നാൽ കുറച്ചുകാലമായി യുവാക്കളിലെ ആരോഗ്യശീലങ്ങളിൽ ശ്രദ്ധേയമായ മാറ്റമുണ്ട്. ഈ മാറ്റം മധുരമിടാത്ത ചായയിൽ മാത്രം ഒതുങ്ങുന്നില്ല. മുൻപ് എണ്ണക്കടികൾ കഴിച്ചിരുന്ന പലരും അത് ഉപേക്ഷിച്ച് ആവിയിൽ പുഴുങ്ങിയ കൊഴുക്കട്ട, ഇലയട പോലുള്ള പലഹാരങ്ങളെ സ്നേഹിച്ച് ഹെൽത്തിക്കുട്ടന്മാരായി.

കോവിഡ് കൊണ്ടുവന്ന മാറ്റം

മലയാളികളുടെ, പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ആരോഗ്യശീലങ്ങളിൽ കോവിഡിനുശേഷം പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തൃശ്ശൂരിലുള്ള ഫിറ്റ്നസ് സോൺ ജിമ്മിലെ പരിശീലകനായ കെ.എം.അമൽ പറയുന്നു.

കോവിഡിന് ശേഷമാണ് ആരോഗ്യസംരക്ഷണം കൂടുതൽ ഗൗരവത്തിൽ ആളുകൾ കാണാൻ തുടങ്ങിയത്. പഞ്ചസാര ശരീരത്തിൽ ഉണ്ടാക്കുന്ന ദോഷഫലങ്ങളെ കുറിച്ചും ആളുകൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ ബോധവാന്മാരാണ്- അമൽ പറയുന്നു.

കോവിഡിന് ശേഷം വ്യായാമം ചെയ്യുന്നവരുടെയും ജിമ്മിൽ പോകുന്നവരുടെയും എണ്ണം കൂടി. ചെറുപ്പക്കാർ ആരോഗ്യം ശ്രദ്ധിക്കാൻ വലിയ ഉത്സാഹം കാണിക്കുന്നു. അതേസമയം പലപ്പോഴും ജിമ്മുകളിൽ പരിചയസമ്പന്നരായ ഡയറ്റീഷ്യൻമാരുടെ കുറവ് കാണുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്- തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഡയറ്റീഷ്യൻ കെ.പി. അനിത പറയുന്നു.

ട്രെൻഡാകുന്ന ഷുഗർകട്ട്

പഞ്ചസാരയുടെ അമിതമായ ഉപയോഗംമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സീൻ ആണെന്നാണ് ജെൻസികളുടെ അഭിപ്രായം. ചെറുപ്പക്കാർക്കിടയിൽ ഷുഗർ കട്ട് ട്രെൻഡ് ആവുന്നുണ്ടെന്നാണ് തൃശ്ശൂർ കേരളവർമ കോളേജിലെ എം.എസ്.സി കെമിസിട്രി വിദ്യാർഥി സൂര്യാദാസ് പറയുന്നത്. ശരീരസംരക്ഷണത്തിനും ശരീരഭാരം കുറയ്ക്കാനുമായി പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറച്ചെന്ന് എം.എസ്.സി. മാത്തമാറ്റിക്സ് വിദ്യാർഥി നിതിൻ കൃഷ്ണൻ പറഞ്ഞു. കേരളവർമ കോളേജിലെ വിമൻ ക്രിക്കറ്റ് ടീം, ബോൾ ബാഡ്മിന്റൺ ടീം പ്ലെയർ എൻ.ആർ.നയന, കോളേജ് വിമൻ ബോൾ ബാഡ്മിന്റൺ ടീം പ്ലെയർ ഫിദ നിഷഫ്, പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥി മുഹമ്മദ് ഷാഹിർ എന്നിവരും കുറേനാളായി ഷുഗറിനോട് നോ പറഞ്ഞിരിക്കുകയാണ്. പഞ്ചസാര ഉപേക്ഷിക്കാൻ ഇവർക്ക് പലകാരണങ്ങൾ പറയാനുണ്ട്. തങ്ങളുടെ സമപ്രായക്കാർക്കിടയിൽ മധുരം കുറയ്ക്കുന്നവരുടെ എണ്ണം പൊതുവെ കൂടിയിട്ടുണ്ടെന്നാണ് ഇവരുടെയും അഭിപ്രായം.

അറിഞ്ഞുനോക്കണം ഡയറ്റ്

ഷുഗർ കട്ട് എടുക്കുന്നതിന് മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കണം. പഞ്ചസാര ആഹാരത്തിൽനിന്ന് ഒഴിവാക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ഊർജം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. പഞ്ചസാര അടങ്ങിയവ കുറയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കും. എന്നാൽ സ്വാഭാവിക മധുരമുള്ള പഴങ്ങൾ, പാൽ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നത് ശരിയല്ല. അതിലൂടെ പോഷകക്കുറവ്, ക്ഷീണം, അമിത മധുരാഗ്രഹം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ‘ബുലിമിയ നെർവോസ’ പോലെയുള്ള ഈറ്റിങ് ഡിസോഡറുകൾ ഇപ്പോൾ ചെറുപ്പക്കാർക്കിടയിൽ കാണുന്നുണ്ട്. ഇത് ആശങ്കപ്പെടേണ്ട കാര്യമാണ്.

സോഷ്യൽ മീഡിയയുടെ സ്വാധീനവും വൻതോതിൽ വർധിച്ചു. ‘ഷുഗർ കട്ട്’, ‘കീറ്റോ ഡയറ്റ്’, ‘ഇന്റർമിറ്റന്റ് ഫാസ്റ്റിങ്’, ‘ഡിറ്റോക്സ് ഡയറ്റ്’, ‘മിലറ്റ് ഡയറ്റ്’, ‘ക്ലീൻ ഈറ്റിങ്’ തുടങ്ങി നിരവധി ഡയറ്റ് ട്രെൻഡുകൾ പ്രചാരത്തിലായി. ചിലത് ശരിയായ സാഹചര്യങ്ങളിൽ ഗുണകരമാണെങ്കിലും എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ലെന്നത് തിരിച്ചറിയണം.

കെ.പി. അനിത, ഡയറ്റീഷൻ, തൃശ്ശൂർ ജനറൽ ആശുപത്രി

ആവശ്യക്കാർ കൂടിയത് ഇപ്പോൾ

18 വയസ്സ് മുതലുള്ളവർ വിത്തൗട്ട് ചായ കുടിക്കാൻ എത്തുന്നുണ്ട്. അഞ്ചു വർഷമായി ഇവിടെ ചായയടിക്കുന്നു. വിത്തൗട്ട് ചായയ്ക്ക്‌ ഇത്ര ആവശ്യക്കാർ കൂടുന്നത് ഇപ്പോഴാണ്.

ഡേവിസ്, കാനറി കഫെ, തൃശ്ശൂർ

സ്പോർട്സിനു കൂട്ട് ഷുഗർകട്ട്

സ്പോർട്സിൽ പങ്കെടുക്കുന്നത് കൊണ്ടും ശരീരഭാരം കൂട്ടാനുള്ള വർക്കൗട്ട് ചെയ്യുന്നതുകൊണ്ടും കുറച്ചുകാലമായി ഷുഗർ കട്ടിലാണ്.

എൻ.ആർ. നയന, ബി.എസ്‍സി. കെമിസ്ട്രി, കേരളവർമ കോളേജ്, തൃശ്ശൂർ

ആരോഗ്യം നിലനിർത്താൻ

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനുമാണ് ഷുഗർ കട്ട് തുടങ്ങിയത്. അത് തുടരാനാണ് തീരുമാനം.

ഫിദാ നിഷാഫ്, ബി.എ. ഇക്കണോമിക്സ്, കേരളവർമ കോളേജ്, തൃശ്ശൂർ

ആരോഗ്യകരമായ ജീവിതശൈലി

കളരി, യോഗ തുടങ്ങിയവ പരിശീലിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനാണ് പഞ്ചസാര ഒഴിവാക്കിയത്.

മുഹമ്മദ്‌ ഷാഹിർ, പൊളിറ്റിക്കൽ സയൻസ്, കേരളവർമ കോളേജ്, തൃശ്ശൂർ

സ്ത്രീകളും ബോധവതികൾ

സ്ത്രീകളിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പഞ്ചസാര കാരണമാകുന്നുണ്ട്. ഇതിനെക്കുറിച്ച് സ്ത്രീകൾ ഇപ്പോൾ കൂടുതൽ ബോധവതികളാണ്.

നെൽസാ സജി

ഫിറ്റ്നസ് കോച്ച്

Content Highlights: Growing popularity of sugar-free beverages among youth in 2026., Shift from fried snacks to healthier steamed food options., The influence of post-pandemic health awareness on dietary choices., Expert advice on balancing sugar reduction with proper nutrition