ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സുരക്ഷിതമാണോ? ശരിയായ രീതിയിലല്ലെങ്കിൽ അസുഖങ്ങൾ പുറകെവരും

ഇടവിട്ടുള്ള ഉപവാസം അഥവാ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ശരീരഭാരം കുറയ്ക്കാനുള്ള മാർഗമായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഡയറ്റിങ് രീതിയാണ്. ദിവസവും ആറുമണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ദഹനവ്യവസ്ഥക്ക് വിശ്രമം നൽകുന്ന ഈ രീതി ആരോഗ്യം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും ഫലപ്രദമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതുമാണ്. എന്നാൽ 'ഡയബറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രോം: ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂസ്' എന്ന ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം, ഈ ഡയറ്റിങ്ങിന്റെ സുരക്ഷയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
യുഎസിലെ ഇരുപതിനായിരത്തോളം വരുന്ന പ്രായപൂർത്തിയായവരുടെ വിവരങ്ങൾ വിശകലനം ചെയ്തായിരുന്നു പഠനം നടന്നത്. സാധാരണയായി ഒരു ദിവസം പന്തണ്ട് മുതൽ പതിനാല് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച്, എട്ട് മണിക്കൂറിൽ താഴെ മാത്രം ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ബാധിക്കാനുള്ള സാധ്യത 135 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. അതിനാൽ മണിക്കൂറുകളോളം ഉപവസിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലമുള്ള മരണസാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. എന്നാൽ പുറത്തുവന്ന ഫലങ്ങൾ മുൻനിർത്തി ഡയറ്റ് മാത്രമാണ് അസുഖങ്ങൾക്ക് കാരണമെന്ന് വ്യക്തമാക്കുന്നില്ലെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡയറ്റിനെ സംബന്ധിച്ച കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നൽകാൻ പഠനം വിപുലീകരിക്കുമെന്നും സംഘം വ്യക്തമാക്കി.
ഇന്റർമിറ്റന്റ് ഫാസ്റ്റിങിന്റെ ഗുണങ്ങളും ദോഷങ്ങളും
ഇടവിട്ടുള്ള ഉപവാസം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുമെന്ന് മുൻകാല പഠനങ്ങൾ കാണിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിച്ചേക്കാം. എന്നാൽ ഉപവാസത്തിന് അതിൻ്റേതായ അപകടസാധ്യതകളുണ്ട്. ചിലർക്ക് പോഷകങ്ങളുടെ കുറവ് മൂലം തലവേദന, ദേഷ്യം, അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം.
പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി കുറയാൻ (ഹൈപ്പോഗ്ലൈസീമിയ) ഡയറ്റ് കാരണമായേക്കാം, പ്രായമായവരിൽ ദീർഘനേരമുള്ള ഉപവാസം ബലഹീനത കൂട്ടാനും പേശികളുടെ നഷ്ടത്തിനും കാരണമായേക്കാം.
ഇടവിട്ടുള്ള ഉപവാസം ചിലർക്ക് ഉപയോഗപ്രദമായ മാർഗ്ഗമായിരിക്കാം, എന്നാൽ ഇത് എല്ലാവർക്കും ഒരേപോലെ യോജിച്ച ഒന്നല്ല. കൂടുതൽ മണിക്കൂറുകൾ ഉപവസിക്കുന്നത് ഹൃദയസംബന്ധമായ അപകടസാധ്യതകൾക്ക് കാരണമായേക്കാം. അമിതവണ്ണത്തിനും പ്രമേഹത്തിനും അടിയന്തര പരിഹാരങ്ങൾ ആവശ്യമാണ്, പക്ഷേ ഉപവാസം ഒരു അത്ഭുത മരുന്നല്ല. ഇത് സന്തുലിതാവസ്ഥയോടെയും വിദഗ്ധരുടെ മേൽനോട്ടത്തിലും ചെയ്യുകയെന്നതാണ് പ്രധാനമെന്നും പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.
Content Highlights: studies shows fasting for more than eight hours can cause heart diseases