എലിപ്പനി പരത്തുന്നതിലും തെരുവുനായകൾക്ക് പങ്ക്, വിരരോഗങ്ങളും നായകളിലൂടെ വരാം

#രൺജിത്ത് ചാത്തോത്ത്
Representative Image| Photo: Mathrubhumi
Representative Image| Photo: Mathrubhumi

കണ്ണൂർ: പൊതുജനാരോഗ്യരംഗത്ത് ഏറ്റവുംവലിയ ഭീഷണിയായി മാറിയിട്ടുണ്ട് തെരുവുനായകൾ. പേ വിഷബാധ മാത്രമല്ല, എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) പരത്തുന്നതിലും പ്രധാനപങ്കുവഹിക്കുന്നത് തെരുവുനായകളാണ്. 2022 മുതൽ ഇതുവരെ 1121 പേരാണ് സംസ്ഥാനത്ത് എലിപ്പനിബാധിച്ച് മരിച്ചത്. മറ്റുചില വിരരോഗങ്ങളും നായകളിലൂടെ വരാം.

പേ വിഷബാധ മാത്രമല്ല

11 വർഷത്തിനിടയിൽ 22.52 ലക്ഷം പേർക്ക് നായയുടെ കടിയേറ്റു. പേ വിഷബാധയേറ്റ് മരിച്ചത് 161 പേർ. ഈ വർഷം ഏപ്രിൽവരെ മാത്രം 1.31 ലക്ഷം പേർക്ക് കടിയേറ്റു.

മാരകമായ കടിയേറ്റാൽ മുറിവുണങ്ങാൻ ആഴ്ചകളോ മാസങ്ങളോ ചികിത്സവേണ്ടിവരും. മുഖത്തും മറ്റും കടിയേറ്റാൽ രോഗഭീതിയേറുന്നതിനൊപ്പം കോസ്മറ്റിക് ശസ്ത്രക്രിയ വേണ്ടിവരും. ലക്ഷങ്ങൾ ചെലവാകും.

ആളുകളെ കൊല്ലും എലിപ്പനി

എലിപ്പനി പരത്തുന്നതിൽ എലിയെക്കാളും കന്നുകാലികളെക്കാളും പങ്ക് തെരുവുനായകൾക്കാണ്. മലിനവെള്ളത്തിൽ ജോലിചെയ്യുന്നവരെക്കാൾ കൂടുതൽ മഴയെത്തുടർന്ന് കെട്ടിനിൽക്കുന്ന വെള്ളത്തിലും മറ്റും നടക്കുന്നവരെയാണ് രോഗം കൂടുതലും ബാധിക്കുന്നത്. ഇവിടെയൊക്കെ കൂടുതൽ ഉണ്ടാവുക തെരുവുനായകളുടെ മൂത്രമാണ്. മലിനവെള്ളത്തിൽ ജോലിചെയ്യുന്നവർക്ക് പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ ഗുളിക നൽകുന്നുണ്ട്.

ഹൈഡാറ്റിഡ് സിസ്റ്റ്

നായകളിൽ കാണുന്ന എക്കൈനോകോക്കസ് ഗ്രാനുലോസസ് എന്ന വിരയുടെ മുട്ട ആഹാരത്തിലോ വെള്ളത്തിലോ കലർന്ന് മനുഷ്യരിലെത്താം. കരളിലോ ശ്വസകോശത്തിലോ ഹൈഡാറ്റിഡ് സിസ്റ്റുകൾ രൂപപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

ടോക്സോകാരിയാസിസ്

നായകളിൽ കാണുന്ന ടോക്സോകാര കാനിസ് എന്ന വിരയുടെ മുട്ട മനുഷ്യരിലെത്തി കരൾ, ശ്വാസകോശം ഉൾപ്പെടെയുള്ള അവയവങ്ങളെ ബാധിക്കാം.

ഡൈറോലോഫിലേറിയ

നായകളിൽ കാണുന്ന ഫൈലേറിയൽ വിരയായ ഡൈറോലോഫിലേറിയ ഇനം കൊതുകുകടിയിലൂടെ മനുഷ്യരിലെത്താം.

വർഷം രോ​ഗികൾ മരണം
2022  5315   290
2023 5186  282
2024 5980  394
2025 ഇതുവരെ 2476  157

Content Highlights: Kerala faces a stray dog crisis. Leptospirosis deaths rise, rabies cases surge.