ദഹനക്കേടെന്ന് കരുതി അവഗണിക്കരുത്; ഉദരത്തിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ അറിയാം, ചികിത്സ വൈകരുത്

ആഗോളതലത്തിൽ ഏറ്റവും സാധാരണമായ അഞ്ചാമത്തെ അർബുദമാണ് ഉദരത്തിലുണ്ടാകുന്ന അർബുദം. പലപ്പോഴും ദഹനക്കേടായി തെറ്റിദ്ധരിക്കുന്നതാണ് രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ. വൈകിയുള്ള രോഗനിർണയം ഓരോ വർഷവും ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണമായി മാറുന്നു. നേരത്തെയുള്ള രോഗനിർണയം നിർണായകമാണ്. ഇത് അതിജീവന നിരക്കും ചികിത്സാഫലവും മെച്ചപ്പെടുത്തുന്നു. സാധാരണ ദഹനക്കേടും ഉദരസംബന്ധമായ അർബുദത്തിന്റെ ലക്ഷണങ്ങളും എങ്ങിനെ വേർതിരിച്ചറിയാമെന്ന് പരിശോധിക്കാം.
വ്യത്യാസം അറിയാം
പലരും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ദഹനക്കേട്. ഭക്ഷണം കഴിച്ചതിനുശേഷം ഇത് പലപ്പോഴും അസ്വസ്ഥത, വയറുവീർപ്പ്, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. സാധാരണയായി ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന മരുന്നുകൾ കൊണ്ടോ ഇത് ഭേദമാകും.
അതേസമയം, ഉദരത്തിലുണ്ടാകുന്ന അർബുദം ഗുരുതരമാണ്. Helicobacter pylori അണുബാധ, പുകവലി, അമിതമായ മദ്യപാനം, തുടങ്ങിയ ദീർഘകാല പ്രശ്നങ്ങളിൽ നിന്ന് ഇത് ഗുരുതരമാകാം. പ്രാരംഭ ഘട്ടത്തിൽ, ആമാശയ അർബുദം സാധാരണ ദഹനക്കേട് പോലെ കാണപ്പെടാം. എന്നാൽ, രോഗം മൂർച്ഛിക്കുമ്പോൾ, അടിക്കടിയുള്ള ഛർദ്ദി, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
- വയറു നിറഞ്ഞതായി തോന്നുക: അമിതമായി ഭക്ഷണം കഴിച്ചതിനുശേഷം ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ വയറുവീർക്കലോ വയറു നിറഞ്ഞതായുള്ള തോന്നലോ ദഹനക്കേടിന്റെ ലക്ഷണമാണ്. എന്നാൽ, ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിനു ശേഷം വയറു നിറഞ്ഞതായി തോന്നുന്നുവെങ്കിൽ അത് ശ്രദ്ധിക്കണം.
- സ്ഥിരമായ നെഞ്ചെരിച്ചിൽ: ആന്റാസിഡുകളോട് ശരിയായി പ്രതികരിക്കാത്ത, അടിക്കടിയുണ്ടാകുന്ന നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് എന്നിവയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടാം.
- മലവിസർജ്ജനത്തിലെ വ്യത്യാസം: ദഹനക്കേടിനൊപ്പം മലബന്ധം അല്ലെങ്കിൽ വയറിളക്കം പോലുള്ള പ്രശ്നങ്ങളുണ്ടായേക്കാം. എന്നാൽ, സ്ഥിരമായ വയറിളക്കം, മലബന്ധം എന്നിവ വയറ്റിലെ കാൻസർ ഉൾപ്പെടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാകാം.
ഉദരത്തിലെ കാൻസറും ദഹനക്കേടും സമാനമായ ലക്ഷണങ്ങൾ കാണിക്കാമെങ്കിലും, അർബുദത്തിന്റെ ലക്ഷണങ്ങളുടെ സ്ഥിരത, കാഠിന്യം, സാധാരണ ചികിത്സകളോട് പ്രതികരിക്കാത്തത് തുടങ്ങിയ പ്രത്യേകതകളാൽ കൂടുതൽ ആശങ്കാജനകമായി കണക്കാക്കുന്നു. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Learn to distinguish between stomach cancer and indigestion. Early detection is crucial for better survival rates and treatment outcomes. Know the subtle symptoms and seek medical help.