സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ പ്രതിരോധ കുത്തിവെപ്പ് നൽകും- ശരദ്വത് മുഖർജി

#Health Desk
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കൊൽക്കത്തയിലെ സോനാഗച്ചിയിലുള്ള ലൈംഗിക തൊഴിലാളികൾക്ക് ഗർഭാശയഗള കാൻസർ(സെർവിക്കൽ കാൻസർ) പ്രതിരോധത്തിനുള്ള കുത്തിവെപ്പ് നൽകാൻ ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ പിന്തുണ തേടി പശ്ചിമ ബംഗാൾ സർക്കാർ. ലൈംഗിക തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ സർ‌ക്കാരിനെ സഹായിക്കണമെന്ന് ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ഡി.എം.എസ്.സി.യോട് ആരോഗ്യ മന്ത്രി ശരദ്വത് മുഖർജി ആവശ്യപ്പെട്ടു.

ഡി.എം.എസ്.സി. ലൈംഗിക തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തുകയും ലൈംഗിക രോഗങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സെർവിക്കൽ കാൻസർ വേഗത്തിൽ വരാൻ സാധ്യതയുള്ള വിഭാഗമാണ് ലൈംഗിക തൊഴിലാളികൾ. ഇത് തടയാനായി സെർവിക്കൽ കാൻസർ വാക്സിൻ ലൈംഗിക തൊഴിലാളികൾക്ക് നൽകാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് തയ്യാറാണ്-മന്ത്രി പറഞ്ഞു.

സോനാഗച്ചി പ്രദേശത്തെ 14-നും 15-നും ഇടയിൽ പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും വാക്സിൻ ഉടൻ നിർബന്ധമാക്കണമെന്നും അവർക്ക് ഇത് സൗജന്യമാണെന്നും മന്ത്രി വ്യക്തമാക്കി. സോനാഗച്ചി യിൽ സൗജന്യ കോണ്ടം വിതരണ മെഷീനുകൾ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.

ലൈംഗികത്തൊഴിലിനെ ഒരു ജോലിയായി അംഗീകരിക്കാനും അവർക്ക് സമൂഹത്തിൽ തുല്യപദവിയും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാനും വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ദർബാർ മഹിളാ സമന്വയ കമ്മിറ്റി.

എന്താണ് സെർവിക്കൽ കാൻസർ?

മറ്റ് കാൻസറുകളിൽ നിന്നും വ്യത്യസ്തമായി സെർവിക്കൽ കാൻസർ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സർവ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും സ്വകാര്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകൾ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പർശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതിൽ 14 തരം വൈറസുകൾക്ക് അപകട സാധ്യത ഏറെയാണ്. അവ ഗർഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാൻസർ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്.

സെർവിക്കൽ കാൻസർ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെർവിക്സിൽ വർഷങ്ങൾക്കുശേഷവും കോശ വ്യതിയാനങ്ങൾ നിലനിൽക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങൾ കാലക്രമേണ കാൻസറായി മാറാൻ സാധ്യതയുണ്ട്. സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ കാൻസറായി മാറുന്നതിന് ഏകദേശം 10 വർഷം എടുക്കും. ഈ കാലയളവിൽ ഈ കോശ വ്യത്യാസങ്ങൾ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാൽ സെർവിക്കൽ കാൻസറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാൻ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

എങ്ങനെ പ്രതിരോധിക്കാം?

1. HPV വാക്സിനേഷൻ

കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ HPV വാക്സിൻ നൽകുക. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയാണ് ചെയ്യുന്നത്.

2. സ്ഥിരമായ പരിശോധന

30 വയസ്സുമുതലുള്ള സ്ത്രീകളിൽ ഓരോ അഞ്ച് മുതൽ 10 വർഷം കൂടുമ്പോഴും HPV ടെസ്റ്റ് നടത്തേണ്ടതുണ്ട്. അർബുദപൂർവ മാറ്റങ്ങൾ കണ്ടെത്തുന്നത് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ ഡോക്ടർമാരെ സഹായിക്കും. ഇത് അർബുദം വളരുന്നത് തടയുന്നു.

Content Highlights: West Bengal government collaborates with DMSC to vaccinate sex workers in Sonagachi., Mandatory free HPV vaccination for girls aged 14-15 in the region.