100-ലധികം തവണ പാമ്പിൻവിഷം കുത്തിവെച്ചു; ആന്റിവെനം ചികിത്സയിൽ വഴിത്തിരിവാകുമോ യുവാവിന്റെ രക്തം?

ടീം ഫ്രീഡേ | Photo: Facebook:Tim Friede
ടീം ഫ്രീഡേ | Photo: Facebook:Tim Friede

രണ്ട് പതിറ്റാണ്ടോളം പാമ്പിൻ വിഷം സ്വയം കുത്തിവെച്ച ഒരാളുടെ രക്തം ഉപയോഗിച്ച് ആന്റിവെനം വികസിപ്പിക്കാനാകുമോ എന്ന പഠനത്തിൽ ശാസ്ത്രജ്ഞർ. യുഎസ് സ്വദേശിയായ ടീം ഫ്രീഡേയുടെ രക്തത്തിൽ കണ്ടെത്തിയ ആന്റിബോഡികൾ ഉപയോ​ഗിച്ച് മൃ​ഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് മാരകമായ വിഷത്തെപ്പോലും പ്രതിരോധിക്കാൻ കഴിയുമെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പഠനം നടത്താൻ ഗവേഷകർ തീരുമാനിച്ചത്.

പാമ്പ് കടിയിൽ നിന്ന് സ്വയം രക്ഷനേടാൻ വേണ്ടിയാണ് ഫ്രീഡെ ചെറിയ അളവിൽ വിഷം കുത്തിവെയ്ക്കാൻ ആരംഭിച്ചത്. പിന്നീട് പ്രതിരോധശേഷി വർധിപ്പിക്കാൻ ലക്ഷ്യംവെച്ചുകൊണ്ട് കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് സാവധാനം വർധിപ്പിച്ചു. പേടിയോടെ ആയിരുന്നു ആദ്യം ഇക്കാര്യം ചെയ്തത് എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ, ഇതേ കാര്യം കൂടുതൽ ചെയ്തതോടെ തനിക്ക് ധൈര്യം ലഭിക്കുകയും ശാന്തനായി നിന്നുകൊണ്ട് തന്നെ ശരീരത്തിൽ വിഷം കുത്തിവെയ്ക്കാൻ സാധിച്ചുവെന്നും ഫ്രീഡെ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. 200 തവണയെങ്കിലും പാമ്പുകളെക്കൊണ്ട് ഫ്രീഡേ സ്വയം കടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 

അതേസമയം, ഒരു ഡോക്ടറോ രം​ഗത്തെ വിദ​ഗ്ധനോ ഇതൊരു നല്ല ആശയമാണെന്ന് പറയുന്നില്ല. ഫ്രീഡേയുടെ ശരീരം എങ്ങിനെ പ്രവർത്തിക്കുന്നു എന്നാണ് ഡോക്ടർമാർ പരിശോധിക്കുന്നത്. മനുഷ്യന്റെ ശരീരത്തിലെ പ്രതിരോധ സംവിധാനം പാമ്പിൻ വിഷവുമായി സമ്പർക്കത്തിലാകുമ്പോൾ വിഷവസ്തുക്കളെ നിർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡികൾ ശരീരം വികസിപ്പിക്കുന്നു. ഇത്, ചെറിയ അളവിലുള്ള വിഷത്തിനോട് ശരീരം കീഴടങ്ങുന്നതിന് മുമ്പ് അതിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഫ്രീഡെ പാമ്പുകടിയെ അതിജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോകളിൽ ഫ്രീഡേയുടെ വീട്ടിലെ ഫ്രിഡ്ജിൽ നിരവധി വിഷങ്ങൾ സൂക്ഷിച്ചതായി കാണാനാകും. കൂടാതെ, ബ്ലാക്ക് മാമ്പ, വാട്ടർ കോബ്ര തുടങ്ങിയ പാമ്പുകളുടെ കടിയേറ്റ് കൈകൾ വീർത്തതായും ശരീരത്തിൽ പാമ്പിന്റെ വിഷപ്പല്ലേറ്റതിന്റെ പാടുകളും അദ്ദേഹത്തിന്റെ വീഡിയോയിലുണ്ട്. 

Content Highlights: Man`s Venom Immunity Aids Antivenom Development