ചർമം സ്ലേറ്റ് നിറമാകും, അവയവങ്ങളുടെ നിറവും മാറിയേക്കും; ഗുരുതരമാണോ സ്മർഫ് സിൻഡ്രോം? പരിഹാരം എന്ത്?

വളരെ അപൂർവമായി മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് സ്മർഫ് സിൻഡ്രോം. ആർഗൈറിയ എന്നറിയപ്പെടുന്ന ഈ രോഗം ബാധിച്ചവരിൽ ചർമം നീലയോ ചാരനിറമോ ആയി കാണപ്പെടും. അമിതമായി വെള്ളി(സിൽവർ) കണങ്ങൾ ശരീരത്തിൽ ഏൽക്കുകയോ ഉള്ളിൽ ചെല്ലുകയോ ചെയ്യുന്നതാണ് ഈ രോഗത്തിന് കാരണം എന്നാണ് NCBI-യുടെ സ്റ്റാറ്റ്പേൾസിൽ പ്രസിദ്ധീകരിച്ച 'Silver Toxicity' പഠനത്തിൽ പറയുന്നത്.
നീലനിറത്തിലുള്ള കാർട്ടൂൺ കഥാപാത്രങ്ങളായ സ്മർഫുകളിൽ നിന്നാണ് രോഗത്തിന് സ്മർഫ് സിൻഡ്രോം എന്ന പേര് വന്നത്. ആരോഗ്യത്തിന് അപകടകരമല്ലെങ്കിലും ചർമത്തിന്റെ നിറംമാറ്റം സ്ഥിരമാണ് എന്നതാണ് രോഗത്തിന്റെ ഏറ്റവും വലിയ പ്രശ്നം. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സ്മർഫ് സിൻഡ്രോം തടസ്സപ്പെടുത്തുന്നില്ല. എന്നാൽ, ആത്മവിശ്വാസത്തെ ബാധിച്ചേക്കാം.
ലക്ഷണങ്ങൾ
- ചർമത്തിൽ സ്ഥിരമായുണ്ടാകുന്ന നീല, നീലകലർന്ന ചാരനിറം, അല്ലെങ്കിൽ സ്ലേറ്റിന്റെ നിറത്തിലുള്ള നിറവ്യത്യാസം.
- മുഖം, കൈകൾ, കഴുത്ത് പോലെ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിൽ നിറവ്യത്യാസം ഏറ്റവും കൂടുതൽ പ്രകടമാകും.
- കണ്ണുകൾ, മോണകൾ, നഖങ്ങൾ എന്നിവയെയും നിറവ്യത്യാസം ബാധിച്ചേക്കാം.
- ഗുരുതരമായ അവസ്ഥകളിൽ ആന്തരികാവയവങ്ങൾക്കും നീലനിറം വന്നേക്കാം. എന്നാൽ, അവയുടെ പ്രവർത്തനത്തെ ബാധിക്കില്ല.
- സൗന്ദര്യപ്രശ്നമാണ് സ്മർഫ് സിൻഡ്രോം. മറ്റ് പൊതുവായ ആരോഗ്യലക്ഷണങ്ങൾ അപൂർവമാണ്.
കാരണങ്ങൾ
- വെള്ളിയുമായുള്ള സമ്പർക്കം: കൊളോയിഡൽ സിൽവർ സപ്ലിമെന്റുകളുടെയോ വെള്ളി അടങ്ങിയ മരുന്നുകളുടെയോ ദീർഘകാല ഉപയോഗമാണ് ഏറ്റവും സാധാരണമായ കാരണം.
- തൊഴിൽപരമായ അപകടസാധ്യതകൾ: വെള്ളി ഖനനം, ശുദ്ധീകരണം, അല്ലെങ്കിൽ നിർമാണ വ്യവസായങ്ങളിൽ ജോലി ചെയ്യുന്നവർ.
- ചികിത്സാരീതികൾ: മുൻകാലങ്ങളിൽ വെള്ളി അടങ്ങിയ മരുന്നുകളും നേസൽ ഡ്രോപ്പുകളും ഉപയോഗിച്ചിരുന്നു. ഇത് പിന്നീട് ഈ അവസ്ഥയിലേക്ക് നയിച്ചു.
- പാരിസ്ഥിതികമായ സമ്പർക്കം: വെള്ളി ഉയർന്ന അളവിൽ അടങ്ങിയ മലിനമായ ഭക്ഷണമോ വെള്ളമോ ഇതിന് കാരണമായേക്കാം.
എങ്ങിനെ തടയാം
- ഹെൽത്ത് സപ്ലിമെന്റുകൾ എന്ന പേരിൽ വിപണനം ചെയ്യുന്ന കൊളോയിഡൽ സിൽവർ ഉത്പ്പന്നങ്ങളുടെ അനാവശ്യ ഉപയോഗമോ ഒഴിവാക്കുക.
- വെള്ളിയുടെ പൊടിയോ സംയുക്തങ്ങളോ ഉൾപ്പെടുന്ന വ്യവസായങ്ങളിൽ ജോലി ചെയ്യുകയാണെങ്കിൽ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക.
- നിയന്ത്രിത അളവിൽ മാത്രം ലോഹാംശമുള്ള സുരക്ഷിതമായ ജലസ്രോതസ്സുകൾ ഉറപ്പാക്കുക.
- വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട ചികിത്സാരീതികൾ മാത്രം പിന്തുടരുക.
Content Highlights: Argyria (Smurf Syndrome): Understanding the Causes, Symptoms, and Prevention of Blue Skin