ഉറക്കം ആറുമണിക്കൂറിൽ കുറവും ഒമ്പതുമണിക്കൂറിൽ കൂടുതലുമാണോ? എങ്കിൽ മരണസാധ്യത കൂടുതലെന്ന് പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഉറക്കം പലരിലും പല രീതിയിലായിരിക്കും. ചിലർക്ക് നേരത്തേ കിടന്നുറങ്ങി നേരത്തേ എഴുന്നേൽക്കുന്നതാണ് ശീലമെങ്കിൽ മറ്റുചിലർക്ക് വൈകിയുറങ്ങി വൈകി എഴുന്നേൽക്കുന്നതായിരിക്കും ഇഷ്ടം. എന്നാൽ എങ്ങനെയാണെങ്കിലും ഉറക്കം കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് പ്രശ്നമാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഉറക്കം കൂടുന്നതും കുറയുന്നതും അകാലവാർധക്യത്തിനും മരണത്തിനുമുള്ള സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്.

നേച്ചർ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 37-നും 84-നും ഇടയിൽ പ്രായമുള്ള അഞ്ചുലക്ഷം പേരുടെ ആരോഗ്യവിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആറുമണിക്കൂറിൽ കുറവു ഉറങ്ങുന്നവരിൽ അകാല മരണത്തിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലും എട്ടുമണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ 40ശതമാനം കൂടുതലുമാണെന്ന് ഗവേഷകർ പറയുന്നു. ആറുമുതൽ എട്ടുമണിക്കൂർ വരെ കിടന്നുറങ്ങുന്നവരെ അപേക്ഷിച്ചുള്ള വിലയിരുത്തലാണിത്.

യു.കെ. ബയോബാങ്കിൽ നിന്നുള്ള 5,00,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഉറക്കം ആറുമണിക്കൂറിൽ കുറയുന്നതും ഒമ്പതുമണിക്കൂറിൽ കൂടുകയുമാണെങ്കിൽ ആരോഗ്യകരമായ ഉറക്കമെന്ന് കണക്കാക്കാനാവില്ല. ഇത്തരം ഉറക്കശീലം ഉള്ളവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കും മെറ്റബോളിക് തകരാറുകൾക്കും സാധ്യത കൂടുതലാണ്. ഇവ നേരത്തേ വാർധക്യമാകുന്നതിനും അകാലമരണത്തിനുുമുള്ള സാധ്യത കൂട്ടുമെന്ന് ഗവേഷകർ കരുതുന്നു. ഉറക്കം കുറയുന്നത് മാനസികാരോഗ്യത്തെയും ഹൃദയത്തെയും മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും ശ്വാസകോശാരോഗ്യത്തെയുമൊക്കെ ബാധിക്കും. ഉറക്കസംബന്ധമായ തകരാറുകൾ ശരീരത്തിൽ വീക്കമുണ്ടാവാനും കാരണമാകും.

അനാരോഗ്യകരമായ ഉറക്കം ഫാറ്റിലിവറിലേക്കും നയിക്കുമെന്ന് എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തിയിരുന്നു. രാത്രിയിൽ ഉറക്കം കുറയുന്നവർക്കും പകൽ ദീർഘനേരം ഉറങ്ങുന്നവർക്കുമാണ് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് പഠനം പറയുന്നു. ഉറക്കക്കുറവ് അർബുദസാധ്യത വർധിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പഠനവും പുറത്തുവന്നിരുന്നുു. അമ്പത് വയസ്സിന് താഴെയുള്ളവരിൽ അർബുദസാധ്യത കൂട്ടുന്നതിൽ ഉറക്കം കുറയുന്നത് വലിയൊരു ഘടകമാണെന്നാണ് പഠനം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ കാൻസർ സമ്മേളനമായ ഷിക്കാഗോയിലെ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിലാണ് പഠനം അവതരിപ്പിച്ചത്. ഉറക്കക്കുറവുള്ളവരിൽ കുടലിനെ ബാധിക്കുന്ന അർബുദം, സ്തനാർബുദം, ഗർഭാശയാർബുദം അല്ലെങ്കിൽ അണ്ഡാശയ കാൻസർ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്

  • പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
  • ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
  • ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
  • ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
  • രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
  • ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും പൊരിച്ചതും മസാല ചേർത്ത് അളവിൽ കൂടുതലും ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
  • തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
  • ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.

Content Highlights: New study reveals how sleep disorders can increase risks of premature aging and death, emphasizing the importance of maintaining healthy sleep patterns.