ആർത്തവത്തിന്റെ ആദ്യരണ്ടു ദിവസങ്ങളിലുള്ള ഷൂട്ട് മുടങ്ങിയിരുന്നെങ്കിലെന്ന് പ്രാർഥിച്ചിട്ടുണ്ട്- ശ്രുതി

പി.സി.ഒ.എസ്.(പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം) എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. വേദനാജനകമാർന്ന ആർത്തവകാലമായിരുന്നു തന്റേതെന്നും സ്കൂൾകാലം മുതൽ ഈ പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും ശ്രുതി പറഞ്ഞു.
ഇരുപത്തിയാറാം വയസ്സിലാണ് തനിക്ക് പി.സി.ഒ.എസ്. സ്ഥിരീകരിച്ചതെന്ന് ശ്രുതി പറയുന്നു. നിലവിൽ പത്തുവർഷത്തോളമായി ഈ അവസ്ഥയുമായി ജീവിക്കുന്നുണ്ട്. തനിക്ക് എൻഡോമെട്രിയോസിസും ഡിസ്മെനോറിയയും ഉണ്ടായിരുന്നു. സാധാരണ ചെയ്യാറുള്ള അൾട്രാസൗണ്ട് സ്കാനിങ്ങിനുശേഷമാണ് തനിക്ക് പി.സി.ഒ.എസ്. ആണെന്ന് വ്യക്തമായത്. ഈ പട്ടികയിലേക്ക് ഒരെണ്ണംകൂടി എന്ന തോന്നലാണ് അപ്പോഴുണ്ടായതെന്നും ശ്രുതി പറയുന്നു.
പി.സി.ഒ.എസിന്റെ ഭാഗമായി അമിതമായ രോമവളർച്ചയും വയറുവീർക്കുന്ന അവസ്ഥയുമൊക്കെ ഉണ്ടായിട്ടുണ്ട്. ആർത്തവകാലം അസഹ്യമായ വേദനയോടെയുള്ളതായിരുന്നുവെന്നും വണ്ണംവെച്ചതുമൂലം വർക്കൗട്ട് രീതികളിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയിരുന്നുവെന്ന് താരം പറയുന്നു. മദ്യവും കഫീനും ഭക്ഷണത്തിൽ നിന്നൊഴിവാക്കിയത് ഏറെ ഗുണം ചെയ്തു. കഴിഞ്ഞ ഏഴുവർഷത്തോളമായി പി.സി.ഒ.എസിനു മാത്രം ചികിത്സ ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
ആർത്തവം ആരംഭിച്ചതിനുശേഷം തന്റെ ജീവിതത്തിൽ രസകരമായൊരു ദിനമുണ്ടായിട്ടില്ല. അതൊരു പോരാട്ടം തന്നെയായിരുന്നു. അത്രയ്ക്ക് വേദന അനുഭവിച്ചിട്ടുണ്ട്. വേദനയും നിർജലീകരണവും കാരണം സ്കൂളിൽ കുഴഞ്ഞുവീണിട്ടുണ്ട്. ആദ്യ ആർത്തവം മുതൽ ഓരോ ആർത്തവം വരുന്നതും വെല്ലുവിളി നിറഞ്ഞതായിരുന്നു. സ്റ്റേജിൽ കയറുമ്പോഴും ശാരീരികാധ്വാനം വേണ്ടിവരുന്ന രംഗങ്ങൾ ചെയ്യുമ്പോഴുമൊക്കെ വേദന നിറഞ്ഞ ആർത്തവം ബുദ്ധിമുട്ടായിട്ടുണ്ട്. എല്ലായ്പ്പോഴും സംവിധായകനോടും നിർമാതാവിനോടും പോയി എനിക്ക് കഠിനമായ ആർത്തവത്തിലൂടെ കടന്നുപോവുകയാണെന്ന് പറയാനുമാവില്ല.
ആർത്തവത്തിന്റെ ആദ്യരണ്ടു ദിവസങ്ങളിൽ ഷൂട്ടുകൾ മുടങ്ങിയിരുന്നെങ്കിലെന്ന് പ്രാർഥിച്ചിട്ടുണ്ട്. തന്റെ പ്രൊഫഷനിൽ ആർത്തവാവധി വേണമെന്ന് പറയാനും കഴിയില്ലായിരുന്നു. ലക്ഷങ്ങളും കോടികളും മുടക്കി പലരുടേയും ഡേറ്റുകൾ നോക്കിയാണ് ഷൂട്ടുകൾ നിശ്ചയിക്കുന്നത്. വേദന കടിച്ചമർത്തിയാണ് താൻ കടന്നുപോയിരുന്നത്. പി.സി.ഒ.എസിനെതിരെ പോരാടുന്ന നിരവധി സ്ത്രീകളുണ്ട്. ഒരിക്കൽ താനിതേക്കുറിച്ചു പറഞ്ഞപ്പോൾ ഒരുപെൺകുട്ടിയുടെ അച്ഛൻ തന്റെ മകൾക്കും ഈ പ്രശ്നമുണ്ടെന്നും അതേക്കുറിച്ച് തുറന്നുപറഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞിരുന്നു. അത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ശ്രുതി പറഞ്ഞു.
എന്താണ് പി.സി.ഒ.എസ്?
അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം(പി.സി.ഒ.എസ്) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്.
അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.
ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.എസ്സിനുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും പി.സി.ഒ.എസ്. ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും.
ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു. വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.
പിസിഒഎസ് കാരണങ്ങൾ അറിയാം
- ജനിതക പാരമ്പര്യ കാരണങ്ങൾ.
- തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും
- ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം
- നിരവധി കാരണങ്ങൾ പിസിഒഎസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
ലക്ഷണങ്ങൾ
ആർത്തവത്തിലുണ്ടാവുന്ന ക്രമക്കേടുകളാണ് പിസിഒഎസ്സിന്റെ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതുപോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിസിഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഫ്രൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.
ചികിത്സ
ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിസിഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.
ഭക്ഷണത്തിൽ നിന്നും ഇവ ഒഴിവാക്കുക
ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.
Content Highlights: shruti haasan opened up on her struggles with pcos