ഹൃദയാഘാതത്തിനു മുമ്പുവരെ കരിയറായിരുന്നു പ്രധാനം, ഇപ്പോൾ കുടുംബവും ആരോഗ്യവും- ശ്രേയസ് തൽപഡെ

ഹൃദയാഘാതം ഉണ്ടായതിനേക്കുറിച്ചും അതിനെ അതിജീവിച്ചതിനേക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരമാണ് ശ്രേയസ് തൽപഡെ. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഷൂട്ടിങ് സെറ്റിൽവച്ച് ശ്രേയസ്സിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇപ്പോഴിതാ ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് പറയുകയാണ് ശ്രേയസ്.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ഹൃദയാഘാതത്തോടെ ജീവിതത്തിലെ പലകാര്യങ്ങൾക്കും മാറ്റമുണ്ടായെന്ന് ശ്രേയസ് പറയുന്നു. അതിനുമുമ്പുവരെ സിനിമയേക്കുറിച്ചും കരിയറിനേക്കുറിച്ചുമൊക്കെ നിരന്തരം ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവം എല്ലാം മാറ്റിമറിച്ചു. ജീവിതത്തിലെ മുൻഗണനകൾ മാറിയെന്നും നടൻ പറയുന്നു.
നേരത്തേ ഒരു കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകർക്കൊപ്പം ചെയ്യണമെന്നെല്ലാം ഉറപ്പിച്ചുള്ള ഓട്ടത്തിലായിരുന്നു. പെട്ടെന്ന് ഒരനുഭവം എല്ലാംമാറ്റിമറിച്ചു. പക്ഷേ അത് നല്ലതിനുള്ള മാറ്റമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഹൃദയാഘാതത്തിനുശേഷം കുടുംബത്തോടുള്ള ബന്ധത്തിലും മാറ്റമുണ്ടായി. ഇപ്പോൾ കുടുംബവും ആരോഗ്യവുമാണ് പ്രധാനം. ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ തലേദിവസം താനും മകളും തമ്മില്‍ ഉണ്ടായിരുന്ന ആത്മബന്ധത്തേക്കാൾ ആഴത്തിലുള്ളതാണ് ഇപ്പോഴത്തേത്.
കുടുംബാംഗങ്ങൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളൊക്കെ നമ്മൾ പലപ്പോഴും മിസ് ചെയ്യുമെന്നും അത് തിരിച്ചറിയാൻ കഴിയാതിരിക്കുമെന്നും ശ്രേയസ് പറയുന്നു.
'വെൽക്കം ടു ദ ജംഗിൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതലക്ഷണം അനുഭവപ്പെട്ടതിനേക്കുറിച്ച് ശ്രേയസ് തുറന്നുപറഞ്ഞതിങ്ങനെയാണ്: “അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാൻ തുടങ്ങി. വാനിറ്റി വാനിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളിൽ അഭിനയിച്ചതുകൊണ്ടുണ്ടായ പേശിവേദനയാണെന്നാണ് കരുതിയത്. മോശമായ ഒരു സാഹചര്യത്തേക്കുറിച്ച് നിങ്ങൾ അപ്പോഴും ചിന്തിക്കുന്നില്ല അല്ലേ? അതുപോലുള്ള തളർച്ച ജീവിതത്തിൽ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.”
ഹൃദയത്തെ കാത്തുസൂക്ഷിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
- ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക.
- വ്യായാമം ശീലമാക്കാം
- പുകവലി ഉപേക്ഷിക്കുക.
- ഉപ്പ്, മധുരം എന്നിവ കഴിവതും കുറയ്ക്കുക
- സമീകൃതമായ ഭക്ഷണം ശീലമാക്കാം, ഇലക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം ഉൾപ്പെടുത്താം.
- അമിതമായ മദ്യപാനം നിര്‍ത്തുക, പാന്‍മസാല, പുകയില എന്നിവയുടെ ഉപയോഗം നിര്‍ത്തുക.
- ചൂടാക്കിയ എണ്ണയുടെ ഉപയോഗം നിര്‍ത്തുക, എണ്ണ അമിതമായി ഉപയോഗിക്കാതിരിക്കുക.
- എല്ലാ ദിവസവും പറ്റുമെങ്കില്‍ ആഴ്ചയില്‍ 45-60 മിനിറ്റ് വ്യായാമം ചെയ്യുക
- 20 മിനിറ്റില്‍ കൂടുതല്‍ ഒരു സ്ഥലത്ത് വെറുതെ ഇരിക്കരുത്.
- ബി.പി., ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവ ഇടയ്ക്ക് പരിശോധിച്ച് ചികിത്സവേണമെങ്കിൽ സ്വീകരിക്കുക.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: shreyas talpade on surviving heart attack