ഹൃദയാഘാതത്തിനുപിന്നാലെ ജീവിതം മാറി, എത്രത്തോളം അനിശ്ചിതമെന്ന് തെളിയിച്ച സംഭവമാണത്- ശ്രേയസ് താൽപഡെ

ശ്രേയസ് താൽപഡെ| Photo: https://www.facebook.com/shreyastalpade
ശ്രേയസ് താൽപഡെ| Photo: https://www.facebook.com/shreyastalpade

ഹൃദയാഘാതത്തെ അതിജീവിച്ചതിനേക്കുറിച്ചും കരിയറിനുവേണ്ടിയുള്ള ഓട്ടത്തിനിടയിൽ കുടുംബത്തിനും ആരോഗ്യത്തിനും വേണ്ടി സമയംകണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചുമൊക്കെ പങ്കുവെച്ചിട്ടുള്ളയാളാണ് ബോളിവുഡ് നടൻ ശ്രേയസ് താൽപഡെ. ഇപ്പോഴിതാ ഹൃദയാഘാതം തന്നെ പഠിപ്പിച്ച കാര്യങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ശ്രേയസ്.

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് ശ്രേയസ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ഹൃദയാഘാതസാധ്യത കൂട്ടുന്ന നാല് അപകടസാധ്യതാ ഘടകങ്ങളായ പുകവലി, മദ്യപാനം, ഡയബറ്റിസ്, ഹൈപ്പർടെൻഷൻ എന്നിവ തനിക്കുണ്ടായിരുന്നില്ലെന്ന് ശ്രേയസ് പറയുന്നു. എന്നിട്ടും നാൽപതുകളിൽ തനിക്ക് ഹൃദയാഘാതമുണ്ടായി. ജീവിതം എത്രത്തോളം അനിശ്ചിതമാണെന്ന് തെളിയിച്ച സംഭവമാണ് അതെന്നാണ് ശ്രേയസ് പറയുന്നത്. 

ഹൃദയാഘാതത്തിനുശേഷം അന്നുവരെ പ്രാമുഖ്യം കൊടുത്തിരുന്ന കാര്യങ്ങളിൽ മാറ്റംവേണമെന്ന് തിരിച്ചറിഞ്ഞുവെന്നും ശ്രേയസ് പറയുന്നു. കുടുംബത്തിനായിരിക്കും ആദ്യസ്ഥാനം. അവർക്കൊപ്പം സമയം കണ്ടെത്തുകയും അവനവന് കരുതലേകുകയും ചെയ്യും. ദിവസവും ഏഴെട്ടുമണിക്കൂർ ഉറങ്ങുക, ആഴ്ചയിൽ നാലഞ്ചുദിവസം വ്യായാമം ചെയ്യുക, പോഷകസമ്പന്നമായ ആഹാരം സമയത്ത് കഴിക്കുക തുടങ്ങിയവയൊക്കെയാണ് മാറ്റംവന്ന കാര്യങ്ങളെന്ന് ശ്രേയസ് പറയുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്നുകരുതി വെറും സാലഡുകൾ മാത്രംകഴിച്ചാണ് താൻ കഴിയുന്നതെന്ന് കരുതരുതെന്നും ശ്രേയസ് പറയുന്നുണ്ട്. എല്ലാഭക്ഷണവും മിതമായി കഴിക്കുകയാണ് ചെയ്യുന്നത്. വറുത്തതുംപൊരിച്ചതുമായവയും മധുരമുള്ളതും ഒഴിവാക്കും. പോഷകപൂർണമായ ആഹാരം കഴിക്കുക എന്നതിനേക്കാൾ പ്രധാനം സമയത്തുകഴിക്കുക എന്നതാണ്. കഴിയുന്നതും അത്താഴം നേരത്തേ കഴിക്കണമെന്നും അതിലൂടെ ദഹനപ്രക്രിയ സുഗമമാകുമെന്നും അദ്ദേഹം പറയുന്നു.

ഹൃദയാഘാതത്തിനു പിന്നാലെ ആരോഗ്യം വീണ്ടെടുത്തത്തിൽ തന്റെ ജീവിതശൈലിക്ക് വലിയ സ്ഥാനമുണ്ടെന്നും ശ്രേയസ് പറയുന്നു. പോഷകം നിറഞ്ഞ ആഹാരം, സ്ഥിരമായി വ്യായാമം, സുഖകരമായ ഉറക്കം തുടങ്ങിയവ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചു. സമ്മർദം ജീവിതത്തിന്റെ ഭാഗമാണെന്നും അതിനെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണ് വേണ്ടതെന്നും ശ്രേയസ് പറയുന്നുണ്ട്.

വെൽക്കം ടു ദ ജംഗിൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് താൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതലക്ഷണം അനുഭവപ്പെട്ടതിനേക്കുറിച്ച് ശ്രേയസ് തുറന്നുപറഞ്ഞതിങ്ങനെയാണ്: “അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാൻ തുടങ്ങി. വാനിറ്റി വാനിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളിൽ അഭിനയിച്ചതുകൊണ്ടുണ്ടായ പേശീവേദനയാണെന്നാണ് കരുതിയത്. മോശമായ ഒരു സാഹചര്യത്തേക്കുറിച്ച് നിങ്ങൾ അപ്പോഴും ചിന്തിക്കുന്നില്ല അല്ലേ? അതുപോലുള്ള തളർച്ച ജീവിതത്തിൽ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.”

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

Content Highlights: Bollywood actor Shreyas Talpade shares his journey of surviving a heart attack, emphasizing the importance of family and health over career.