തീവ്രവ്യാപനശേഷിയുള്ള മസ്തിഷ്കാർബുദം ബാധിച്ചു; തുറന്നുപറഞ്ഞ് എഴുത്തുകാരി സോഫി കിൻസെല്ല

ഷോപഹോളിക് എന്ന ബുക് സീരീസിലൂടെ പ്രശസ്തയായ എഴുത്തുകാരി സോഫി കിൻസെല്ലയ്ക്ക് അർബുദം സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അപകടകാരിയായ മസ്തിഷ്കാർബുദം ബാധിച്ച വിവരം സോഫി പങ്കുവെച്ചത്.
ഏറെ നാളായി താൻ ആരോഗ്യവിവരം പങ്കുവെക്കണമെന്ന് കരുതിയിരിക്കുകയായിരുന്നെന്നും എന്നാൽ അതിനുള്ള കരുത്ത് നേടാനായി കാത്തിരിക്കുകയായിരുന്നെന്നും സോഫി കുറിച്ചു. 2022-ന്റെ അവസാനമാണ് തനിക്ക് ഗ്ലിയോബ്ലാസ്റ്റോമ എന്ന തീവ്രവ്യാപനശേഷിയുള്ള മസ്തിഷ്കാർബുദം ബാധിക്കുന്നത്. തന്റെ മക്കൾ ഈ വാർത്തയെ ഉൾക്കൊള്ളാനും സാധാരണ സ്ഥിതിയിലേക്ക് എത്താനുമൊക്കെ വേണ്ടിയാണ് നേരത്തേ പറയാതിരുന്നത്.
ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലാണ് താനെന്നും സർജറിക്കു ശേഷമുള്ള റോഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവയിലൂടെ കടന്നുപോവുകയാണെന്നും സോഫി പറഞ്ഞു. നിലവിൽ വലിയ കുഴപ്പമില്ലാതെ സുഖം പ്രാപിച്ചുവരുന്നുണ്ട്, എങ്കിലും ക്ഷീണിതയും ഓർമശക്തി മുമ്പത്തേക്കാൾ മോശവുമാണ്.
സോഫിയുടെ പുസ്തകങ്ങൾ 45 ദശലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്. അറുപതിലേറെ രാജ്യങ്ങളിലായി നാൽപതിൽപരം ഭാഷകളിൽ സോഫിയുടെ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
മസ്തിഷ്കാർബുദം
തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ ബാധിക്കുന്ന കാന്‍സറാണിത്. രണ്ട് തരത്തിലുണ്ട്. തലച്ചോറിലോ അതിന്റെ ആവരണങ്ങളിലോ നേരിട്ട് ഉണ്ടാക്കുന്ന കാന്‍സര്‍ മുഴകളെ പ്രൈമറി ട്യൂമര്‍ (Primary Tumor) എന്ന് പറയുന്നു. ശരീരത്തിന്റെ മറ്റവയവങ്ങളെ ബാധിച്ച കാന്‍സര്‍ തലച്ചോറിലേക്ക് പടരുന്നതിനെ സെക്കണ്ടറി ട്യൂമര്‍ (Secondary Tumor) എന്നുപറയുന്നു.
മെറ്റാസ്റ്റാറ്റിക് ട്യൂമര്‍ (Secondary/ Metastatic tumor): ശ്വാസകോശം, വൃക്കകള്‍, സ്തനം തുടങ്ങിയവയെ ബാധിച്ച കാന്‍സറില്‍ നിന്നാണ് സാധാരണമായി ഇവ രക്തത്തിലൂടെ തലച്ചോറിലെത്തുന്നത്. തലച്ചോറിലെ വളര്‍ച്ചയെയും ആദ്യമുണ്ടായ കാന്‍സറിനെയും ഒരുമിച്ച് ചികിത്സിച്ചാല്‍ മാത്രമേ ഇവയെ നിയന്ത്രിക്കാനാവൂ. ഇവ പലപ്പോഴും ഒന്നില്‍കൂടുതല്‍ മുഴകളായി കാണുന്നു. പൊതുവായി ബ്രെയിന്‍ ട്യൂമറുകളെ കോശങ്ങളുടെ (Cell type) ഘടനയും വളര്‍ച്ചയുടെ വേഗവും (Grade) കണക്കിലെടുത്ത് ഒന്നുമുതല്‍ നാലുവരെ ഗ്രേഡുകളായി തരംതിരിച്ചിട്ടുണ്ട്. ഇത് ചികിത്സാരീതികളെ തീരുമാനിക്കാന്‍ വളരെയേറെ ഉപകരിക്കുന്നു.
കാരണങ്ങള്‍
ബ്രെയിന്‍ ട്യൂമറിന്റെ കാരണങ്ങള്‍ ഇപ്പോഴും ശാസ്ത്രീയമായി വ്യക്തമായിട്ടില്ല. ചില പാരമ്പര്യരോഗങ്ങളുടെകൂടെ കണ്ടുവരുന്നുണ്ടെങ്കിലും ഇതൊരു പാരമ്പര്യരോഗമായി കരുതേണ്ടതില്ല. വ്യക്തമായ കാരണങ്ങള്‍ അറിയാത്തതിനാല്‍ വളരെ നേരത്തേ കണ്ടുപിടിച്ച് ശസ്ത്രക്രിയയും മറ്റ് തുടര്ചികിത്സാവിധികളും സ്വീകരിക്കുന്നതാണ് ഉത്തമം.
ലക്ഷണങ്ങള്‍
തലച്ചോറിലെ കാന്‍സര്‍ മുഴകള്‍ തലവേദന, അപസ്മാരം, പരാലിസിസ്, നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. കൂടാതെ, ഏത് ഭാഗത്താണോ കാന്‍സര്‍ മുഴ വളരുന്നത്, ആ ഭാഗം പ്രവര്‍ത്തനരഹിതമാക്കാം. ഉദാഹരണത്തിന്, തലച്ചോറിന്റെ ഇടത് മുന്‍ഭാഗത്തെ ട്യൂമറുകള്‍ വലത് കൈകാലുകള്‍ക്ക് തളര്‍ച്ചയും സംസാരശേഷിക്കുറവും ഉണ്ടാക്കുന്നു. തലച്ചോറിലെ ആവരണങ്ങളിലുണ്ടാകുന്ന ട്യൂമറിനും ഇതേ ലക്ഷണങ്ങള്‍ കാണാം.
തലയോട്ടിയുടെ ഉള്ളില്‍ (Closed cranial cavity) സ്ഥലം പരിമിതമായതുകൊണ്ട് ട്യൂമര്‍ വളരുമ്പോള്‍ സമ്മര്‍ദം (Raised itnracranial tension) കൂടി തലവേദന, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. കേള്‍വിക്ക് സഹായിക്കുന്ന നാഡികളില്‍ (Acoustic Neuroma) ഉണ്ടാകുന്ന ട്യൂമറുകള്‍ കേള്‍വിക്കുറവ്, ചെവിയില്‍ മുഴക്കം, വെര്‍ട്ടിഗോ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാക്കുന്നു.
തലച്ചോറിന്റെ അടിവശത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ ട്യൂമറുകള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാഴ്ചയുടെ ഫീല്‍ഡ് കുറവും ഉണ്ടാക്കുന്നു. ഹോര്‍മോണ്‍ വ്യതിയാനം മൂലം വളര്‍ച്ചക്കൂടുതല്‍ (Gigantism), വളര്‍ച്ചക്കുറവ് (Dwarfism) തുടങ്ങിയവയും സ്റ്റിറോയ്ഡിന്റെ കൂടുതല്കൊണ്ടുള്ള കുഷിങ്സ് സിന്‍ഡ്രോം (Cushing's Syndrome) തുടങ്ങിയവയും ഉണ്ടാക്കുന്നു.
കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍
മാറാത്ത തലവേദന, അപസ്മാരം, പക്ഷാഘാതം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ വളര്‍ച്ചയുടെ വ്യതിയാനങ്ങള്‍ എന്നിവ കണ്ടാല്‍ ന്യൂറോസര്‍ജനെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ക്ലിനിക്കല്‍ പരിശോധനയ്ക്കുശേഷം ലക്ഷണങ്ങള്‍ അനുസരിച്ചാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തീരുമാനിക്കുന്നത്.
സി.ടി.സ്കാന്‍, എം.ആര്.ഐ. സ്കാന്‍, എം.ആര്. സ്പെക്ട്രോസ്കോപി (MR Spectroscopy), പെറ്റ് സ്കാന്‍ തുടങ്ങിയ വയിലൂടെയും ഓഡിയോമെട്രി, വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റിങ്, ഹോര്‍മോണ്‍ അസേ (Hormone assay) മുതലായവയില്ക്കൂടിയും രോഗം കൃത്യമായി നിര്‍ണയിക്കാനും ചികിത്സ തീരുമാനിക്കാനും സാധിക്കുന്നു.
Content Highlights: shopaholic author sophie kinsella reveals brain cancer diagnosis