പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ല; ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ ആശങ്ക

#ജി. രാജേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല അണുബാധയ്ക്ക് പതിവ് ആന്റിബയോട്ടിക് മരുന്ന് ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്. 2025-ൽ ലാബുകളിൽ പരിശോധിച്ച 70 ഷിഗെല്ല സാംപിളുകളിൽ 65-ലും (93 ശതമാനം) സിപ്രോഫ്ലോക്‌സാസിൻ ആന്റിബയോട്ടിക്‌ ഗുണംചെയ്തില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മരുന്നുപ്രതിരോധ നിരീക്ഷണ ശൃംഖല കാർസ്-നെറ്റിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇക്കൊല്ലം ബുധനാഴ്ചവരെ 597 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. 117 പേർക്ക് രോഗം സംശയിക്കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതൽ രോഗികൾ.

മറ്റ് ആന്റിബയോട്ടിക്കുകൾക്കും ഷിഗെല്ല വഴങ്ങുന്നില്ല. സെഫ്ട്രിയാക്‌സോൺ 65 സാംപിൾ പരിശോധിച്ചപ്പോൾ 16 എണ്ണത്തിൽ (25 ശതമാനം) ഫലിച്ചില്ല. അസിത്രോമൈസിൻ 58-ൽ എട്ടെണ്ണത്തിലും (14 ശതമാനം) ആംപിസിലിൻ 57 ശതമാനത്തിലും കൊ-ട്രൈമോക്‌സസോൾ 47 ശതമാനത്തിലും ഫലമുണ്ടാക്കിയില്ല. മലപരിശോധനയിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയ രോഗാണുവും ഷിഗെല്ലയാണ്. ടൈഫോയ്ഡിനിടയാക്കുന്ന ബാക്ടീരിയയുടെ 55 ശതമാനം സാംപിളുകളിലും പാരാടൈഫോയ്ഡ് ബാക്ടീരിയയുടെ 63 ശതമാനം സാംപിളുകളിലും സിപ്രോഫ്‌ലോക്‌സാസിൻ ഫലിച്ചില്ല.

മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ബാക്ടീരിയയാണ് ഷിഗെല്ല. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാം.

കാരണം ആന്റിബയോട്ടിക് ദുരുപയോഗം

ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗമാണ് രോഗാണുക്കൾ മരുന്നിനെ ചെറുക്കാൻ ശേഷി നേടുന്നതിന്റെ പ്രധാന കാരണം. കുറിപ്പടിയില്ലാത്ത വിൽപ്പന തടയാൻ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ അമൃത്’ പരിശോധന നടത്തുന്നുണ്ട്. പരാതി 1800 425 3182 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം.

മൂത്രാശയ അണുബാധ: വില്ലൻ ഇ. കോളൈ; മരുന്നിനോട് പ്രതിരോധം

: സംസ്ഥാനത്ത് മൂത്രാശയ അണുബാധയ്ക്ക്‌ കാരണമായ ബാക്ടീരിയകളിൽ 55 ശതമാനവും ഇ. കോളൈ. അതിൽ പകുതിയിലേറെ സാധാരണ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയും. കാർസ്-നെറ്റ് റിപ്പോർട്ടിലാണ് ഈ വിവരം. രക്തത്തിലെ അണുബാധയിലും ഇ. കോളൈ തന്നെ മുന്നിൽ (28 ശതമാനം). മൂത്രത്തിൽനിന്ന് 21,877 ഇ. കോളൈ സാംപിളാണ് ലഭിച്ചത്. ഇതിൽ 82 ശതമാനത്തിനും ആന്റിബയോട്ടിക്കായ ആംപിസിലിൻ ഫലിക്കുന്നില്ല. സെഫ്യൂറോക്സിം (63 ശതമാനം), സെഫ്ട്രിയാക്സോൺ (60 ശതമാനം), സിപ്രോഫ്ലോക്സസിൻ (53 ശതമാനം), കൊ-ട്രൈമോക്സസോൾ (42 ശതമാനം) എന്നീ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കുന്നു. പ്രതിരോധം 13 ശതമാനം മാത്രമുള്ള നൈട്രോഫ്യൂറന്റോയിനും മൂന്നുശതമാനം മാത്രമുള്ള ഫോസ്‌ഫോമൈസിനും ഫലപ്രദമാണ്.

ഇ. കോളൈ

മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ സാധാരണമായി കാണുന്ന ബാക്ടീരിയയാണ് എഷറിക്കിയ കോളൈ എന്ന ഇ. കോളൈ. മിക്കതും നിരുപദ്രവകാരികളാണെങ്കിലും ചില ഇനങ്ങൾ മൂത്രനാളിയിലോ രക്തത്തിലോ എത്തിയാൽ ഗുരുതര അണുബാധയുണ്ടാക്കും. വയറിളക്കത്തിനും കാരണമാകും. മലിനജലം, വൃത്തിഹീനമായ ഭക്ഷണം, ശുചിത്വക്കുറവ് എന്നിവയിലൂടെയാണ് പകരുന്നത്.

Content Highlights: Standard antibiotic Ciprofloxacin failed in 93% of tested Shigella samples in Kerala