വണ്ണംകുറയ്ക്കാൻ ഉപദേശിക്കുംമുമ്പ് അവരെ മനസ്സിലാക്കണം, ഭക്ഷണത്തിൽ അഭയംതേടുന്നതിന് കാരണമുണ്ട്- ഷെഫാലി

ദേഷ്യം, സങ്കടം എന്നിങ്ങനെ അമിതമായി വികാരങ്ങളിൽ കീഴ്പ്പെടുമ്പോൾ ഭക്ഷണങ്ങളിൽ അഭയം തേടുന്നവരുണ്ട്. നെഗറ്റീവ് ചിന്തകളിലൂടെയും ഉത്കണ്ഠയിലൂടെയുമൊക്കെ കടന്നുപോകുമ്പോൾ ഭക്ഷണത്തിൽ അഭയം തേടുകയും അപ്പോൾ ആശ്വാസം തോന്നുകയും ചെയ്യുന്ന ഇമോഷണൽ ഈറ്റിങ് അഥവാ സ്ട്രെസ്സ് ഈറ്റിങ് അവസ്ഥയാണിത്. അത്തരം അവസ്ഥയിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെക്കുകയാണ് ബോളിവുഡ് നടി ഷെഫാലി ഷാ. താരം അഭിനയിച്ച ദിൽ ദഡക്നെ ദോ എന്ന ചിത്രത്തിലെ ഒരു രംഗം കൂടി പരാമർശിച്ചാണ് ഷെഫാലി ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
വേദനിപ്പിക്കപ്പെടുന്ന, അപമാനിതയായ, ആത്മവിശ്വാസമില്ലാത്ത സ്ത്രീകൾക്ക് ഭക്ഷണം ആശ്വാസമാകുന്നത് എങ്ങനെയാണെന്ന് ഷെഫാലി പറഞ്ഞു. ദിൽ ദഡക്നെ ദോയിൽ അനിൽ കപൂർ അവതരിപ്പിച്ച കമാൽ മെഹ്റയുമായുള്ള തർക്കത്തിന് ശേഷം ഷെഫാലി ഷായുടെ ഭാര്യാ കഥാപാത്രമായ നീലം ചോക്ലേറ്റ് കേക്ക് കഴിക്കുന്ന ഒരു രംഗമുണ്ട്. ലോകമെമ്പാടുമുള്ള പല സ്ത്രീകളും നേരിടുന്ന ഇത്തരം നിമിഷങ്ങളുടെ ഒരു പ്രതിഫലനമായിരുന്നു ആ രംഗം.
പലർക്കും ഇമോഷണൽ ഈറ്റിങ്ങിനേക്കുറിച്ച് അറിയാമെന്നും താനും അങ്ങനെയായിരുന്നുവെന്നും മിക്ക സ്ത്രീകളും ഏതെങ്കിലും സമയത്ത് ഭക്ഷണത്തിൽ അഭയം തേടിയിട്ടുണ്ടാവാമെന്നും ഷെഫാലി പറഞ്ഞു. അന്തസ്സ്, ബഹുമാനം, ആത്മവിശ്വാസം എന്നിവ നഷ്ടപ്പെട്ട്, യാതൊരു മൂല്യവും കൽപ്പിക്കപ്പെടാതിരിക്കുമ്പോഴാണ് അവൾ ഭക്ഷണത്തിൽ അഭയം തേടുന്നത്. സ്ത്രീകൾ പലപ്പോഴും ഭക്ഷണം ആഗ്രഹിക്കുന്നില്ല, മറിച്ച് ഭക്ഷണം നൽകുന്ന സുരക്ഷിതത്വമാണ് അവർ ആഗ്രഹിക്കുന്നതെന്നും ഷെഫാലി പറഞ്ഞു. ഭക്ഷണം അവളുടെ ആശ്വാസ കേന്ദ്രമായി മാറുന്നു. മറ്റുള്ളവർ അവളെ വേദനിപ്പിക്കുമ്പോൾ ഭക്ഷണം അവളെ ആശ്വസിപ്പിക്കുന്നു. അതിലൂടെ അവൾക്ക് സുരക്ഷിതത്വവും സ്നേഹവും സംതൃപ്തിയും അനുഭവപ്പെടുൃന്നു- ഷെഫാലി പറഞ്ഞു.
ഭക്ഷണക്രമത്തെക്കുറിച്ചോ വണ്ണം കുറയ്ക്കുന്നതിനേക്കുറിച്ചോ ഒരാൾക്ക് ഉപദേശം നൽകുന്നതിന് മുമ്പ് എന്തുകൊണ്ടാണ് ഭക്ഷണത്തിൽ അഭയം തേടിയതെന്ന് ആളുകൾ ചിന്തിക്കണമെന്നും ഷെഫാലി പറഞ്ഞു. അവളുടെ ശരീരത്തെ വിമർശിക്കുന്നതിന് മുമ്പ്, മനസ്സിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ഷെഫാലി കൂട്ടിച്ചേർക്കുന്നു.
എന്താണ് ഇമോഷണൽ ഈറ്റിങ് അഥവാ സ്ട്രെസ്സ് ഈറ്റിങ്?
നെഗറ്റീവ് ചിന്തകളിലൂടെ കടന്നുപോകുമ്പോഴോ മാനസിക സമ്മർദം നേരിടുമ്പോഴോ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ നിന്ന് ആശ്വാസം തോന്നുകയും ചെയ്യുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിച്ചതിനുശേഷം കുറ്റബോധമോ നാണക്കേടോ തോന്നാനും ഇടയുണ്ട്. ജോലിയിലെ സമ്മർദമോ ആരോഗ്യപരമായ പ്രശ്നങ്ങളോ ബന്ധങ്ങളിലെ തകരാറുകളോ ഒക്കെ ഇമോഷണൽ ഈറ്റിങ്ങിലേക്ക് നയിച്ചേക്കാം.
വൈകാരികമായി തളർന്നിരിക്കുന്ന അവസരങ്ങളിൽ സാമൂഹികപിന്തുണ തേടാതിരിക്കുന്നതും സമ്മർദത്തെയും വിഷാദത്തെയുമൊക്കെ അതിജീവിക്കാനുതകുന്ന മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതും യഥാർഥ വിശപ്പും ഇമോഷണൽ ഈറ്റിങ്ങും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തതും സമ്മർദം മൂലം കോർട്ടിസോൾ ഹോർമോണിലുണ്ടാകുന്ന വ്യതിയാനം വിശപ്പിലേക്ക് നയിക്കുന്നതുമൊക്കെ ഇമോഷണൽ ഈറ്റിങ്ങിന് കാരണമാകാറുണ്ട്.
യഥാർഥ വിശപ്പും ഇമോഷണൽ ഹംഗറും തിരിച്ചറിയുന്നതെങ്ങനെ?
യഥാർഥ വിശപ്പ് പതിയെ ആണ് രൂപപ്പെടുക. വിവിധ ഭക്ഷണങ്ങളോട് പ്രിയം തോന്നും. ഭക്ഷണം മതിയായെന്ന തോന്നൽ ഉണ്ടാവുകയും അപ്പോൾ തന്നെ ഭക്ഷണം നിർത്തുകയും ചെയ്യും. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് നെഗറ്റീവ് ചിന്തകളൊന്നും ഉണ്ടാകില്ല.
ഇതിനു നേരെ വിപരീതമാണ് ഇമോഷണൽ ഈറ്റിങ്ങിൽ സംഭവിക്കുന്നത്. പൊടുന്നനെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇവിടെ അനുഭവപ്പെടാം. ചില ഭക്ഷണങ്ങളോട് മാത്രമായിരിക്കും കൂടുതൽ ആസക്തി. ഭക്ഷണം മതിയായെന്ന തോന്നൽ ഉണ്ടാവുകയില്ല എന്നുമാത്രമല്ല കഴിച്ചതിനുശേഷം നാണക്കേടോ കുറ്റബോധമോ തോന്നുകയും ചെയ്യും.
ഇമോഷണൽ ഈറ്റിങ്ങിനെ എങ്ങനെ അതിജീവിക്കാം?
ഇമോഷണൽ ഈറ്റിങ് ശരീരഭാരത്തെ ദ്രുതഗതിയിൽ വർധിപ്പിച്ചേക്കാം. ഇതും പലരെയും വീണ്ടും വിഷാദത്തിലേക്ക് നയിക്കാറുണ്ട്. ഇമോഷണൽ ഈറ്റിങ്ങിനെ അതിജീവിക്കാനുള്ള ചില വഴികൾ പരിശോധിക്കാം.
ഫുഡ് ഡയറി: എന്തു ഭക്ഷണമാണ് കഴിക്കുന്നതെന്നും എത്രത്തോളം കഴിക്കുന്നുണ്ടെന്നും എപ്പോഴാണ് കഴിക്കുന്നതെന്നും എല്ലാം ഒരു ഡയറിയിൽ കുറിച്ചുവെക്കുക. ഭക്ഷണം കഴിക്കുമ്പോൾ എന്താണ് തോന്നുന്നതെന്നും എത്ര വിശപ്പുണ്ടെന്നും എഴുതണം. ഇത് തുടർച്ചയായി പരിശോധിക്കുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥയും ഭക്ഷണവും ബന്ധപ്പെട്ടിരിക്കുന്നത് എപ്രകാരമെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും.
വിശപ്പിനെ തിരിച്ചറിയാം: വിശപ്പ് യഥാർഥമാണോ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണോ എന്ന് തിരിച്ചറിയുകയും പ്രധാനമാണ്. ഭക്ഷണം കഴിച്ച് അധികമാവും മുമ്പ് വീണ്ടും വിശപ്പ് അനുഭവപ്പെടുകയാണെങ്കിൽ അത് ഇമോഷണൽ ഈറ്റിങ്ങിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാം. ആ തോന്നൽ തനിയേ പോകാനുള്ള സമയവും നൽകാം.
പിന്തുണ തേടാം: ഇമോഷണൽ ഈറ്റിങ്ങിലേക്ക് നയിക്കുന്ന പ്രധാന ഘടകം സമ്മർദമാണ്. അതിനാൽ അത്തരമ ഘട്ടങ്ങളിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ധാരാളം സമയം ചെലവഴിക്കാൻ ശ്രമിക്കാം. ഒപ്പം മാനസിക സ്വാസ്ഥ്യം നൽകുന്ന യോഗ ഉൾപ്പെടെ ഉള്ളവയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാം.
മടുപ്പ് മാറ്റാൻ മറ്റുവഴികൾ: പലരും മടുപ്പ് തോന്നുന്ന അവസ്ഥയെ മറികടക്കാനാണ് ഭക്ഷണത്തിലേക്ക് അഭയം തേടിയതെന്ന് പറയാറുണ്ട്. വിശപ്പ് അനുഭവപ്പെടാത്ത സന്ദർഭങ്ങളിൽ മടുപ്പ് തോന്നുമ്പോൾ നടക്കുകയോ സിനിമ കാണുകയോ സംഗീതം കേൾക്കുകയോ വായിക്കുകയോ ഒക്കെ ചെയ്ത് ശ്രദ്ധ തിരിക്കാവുന്നതാണ്.
ഹെൽത്തി സ്നാക്സ്: ഭക്ഷണം കഴിച്ചിട്ടും ഇടയ്ക്കിടെ സ്നാക്സുകളും മറ്റും കഴിക്കാൻ തോന്നുകയാണെങ്കിൽ ആരോഗ്യകരമായവയിലേക്ക് ശ്രദ്ധതിരിക്കാം. പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെയുള്ളവ ഈ സമയങ്ങളിൽ കഴിക്കാം.
പ്രൊഫഷണൽ സഹായം: സ്വന്തമായി കഴിയുന്ന രീതികളിലെല്ലാം ഇമോഷണൽ ഈറ്റിങ്ങിനെ തടയിടാൻ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും വിദഗ്ധരുടെ സഹായം തേടണം. തെറാപ്പിയിലൂടെ എന്തുകൊണ്ടാണ് ഇമോഷണൽ ഈറ്റിങ്ങിന് അടിമപ്പെട്ടതെന്നും അതിനെ അതിജീവിക്കാനുള്ള വഴികളും തിരിച്ചറിയാനാവും.
Content Highlights: Why Do We Stress Eat? Shefali Shah Reveals the Hidden Truth