ഹൃദയാഘാതം തടയാന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും മാത്രം മതിയോ? ചോദ്യങ്ങള്‍ ഉയര്‍ത്തി നടിയുടെ മരണം

തികച്ചും അപ്രതീക്ഷിതമായാണ് സിനിമാലോകം നടി ഷെഫാലി ജരിവാലയുടെ മരണവാർത്ത കേട്ടത്. 42 വയസുള്ള ഷെഫാലിയുടെ മരണം പലർക്കും വിശ്വസിക്കാനോ ഉൾക്കൊള്ളാനോ സാധിച്ചിട്ടില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നിരുന്ന പ്രത്യക്ഷത്തിൽ ഫിറ്റ് ആയി കാണപ്പെട്ടിരുന്ന നായികയുടെ മരണം ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്.
30-കളിലും 40-കളിലും വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും മാത്രം ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ മതിയാകുമോ എന്ന സംശയം ആളുകൾക്കിടയിൽ ഉയർന്നുകഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും കോവിഡിന് ശേഷം പല മധ്യവയസ്കരും ഹൃദയാഘാതം മൂലം മരിക്കുന്നതായുള്ള തുടർച്ചയായ റിപ്പോർട്ടുകളും ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന വാർധക്യം തടയുന്നതുപോലുള്ള ചികിത്സകളും അതിന്റെ പാർശ്വഫലങ്ങളും ഇത്തരം രോഗങ്ങൾക്ക് കാരണമാകുമോ എന്നും ചിലർ സംശയമുയർത്തുന്നുണ്ട്.
ഹൃദയാഘാതത്തിനുള്ള പ്രധാന അപകട ഘടകങ്ങളിൽ ഒന്നാണ് സ്റ്റിറോയിഡുകൾ എന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇവയ്ക്ക് പുറമെ, ഉറക്കക്കുറവ്, ഹോർമോൺ തെറാപ്പികൾ എന്നിവയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. സ്റ്റിറോയിഡുകൾ, മയക്കുമരുന്ന്, സ്ത്രീകളിലെ ഹോർമോൺ തെറാപ്പികൾ, ഗർഭനിരോധന ഗുളികകൾ എന്നിവയും ഹൃദയാഘാത സാധ്യത വർധിപ്പിക്കും. ആന്റി ഏയ്ജിങ് തെറാപ്പികൾക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഇല്ല. എന്നാൽ, അവർ ഏതെങ്കിലും ഹോർമോൺ തെറാപ്പിയെടുത്തിട്ടുണ്ടെങ്കിൽ അതിന് പാർശ്വഫലങ്ങളുണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
2002-ൽ കാൻട്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ 'മുജ്സെ ഷാദി കരോഗി'യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ്‌സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു. നടൻ പരാഗ് ത്യാഗിയാണ് ഷെഫാലിയുടെ ഭർത്താവ്.
അന്ധേരിയിലെ വസതിയിലാണ് ഷെഫാലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽവെച്ചാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയാണെന്നും നടിയുടെ മരണത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അവർ അറിയിച്ചു.
Content Highlights: Shefali Jariwala's Passing Raises Concerns about Lifestyle Factors and Heart Disease