സ്റ്റേജ് സീറോയിൽ ശ്വാസകോശ അർബുദം സ്ഥിരീകരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് അമ്മ- സോഹ അലി ഖാൻ

ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ഷർമിള ടാഗോർ. 2023-ൽ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് ഷർമിള ഇതേക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത്. ഇപ്പോഴിതാ 'ഓൾ എബൗട്ട് ഹെർ' എന്ന പോഡ്‌കാസ്റ്റിലൂടെ അമ്മയുടെ കാൻസർ പോരാട്ടത്തേക്കുറിച്ചു പങ്കുവെക്കുകയാണ് ഷർമിളയുടെ മകളും നടിയുമായ സോഹ അലി ഖാൻ.
സഹോദരി സബ അലി ഖാനെ അതിഥിയായി ക്ഷണിച്ച എപ്പിസോഡിലാണ് സോഹയും സബയും ഷർമിളയുടെ രോഗവിവരം തുറന്നുപറഞ്ഞത്. രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത അർബുദമായ ശ്വാസകോശ അർബുദമാണ് അമ്മയെ ബാധിച്ചത്. എന്നിട്ടും അമ്മയ്ക്ക് സ്റ്റേജ് സീറോയിൽ തന്നെ തിരിച്ചറിയാനായി.
81-കാരിയായ അമ്മ തന്നെയാണ് ശസ്ത്രക്രിയ വേണമെന്ന് നിർബന്ധം പിടിച്ചതെന്നും സോഹ പറയുന്നുണ്ട്. അന്ന് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് പലരും പറഞ്ഞപ്പോഴും ഷർമിള തന്നെ ശസ്ത്രക്രിയ ചെയ്യണമെന്ന നിർബന്ധം പിടിച്ചു. ഓപ്പറേഷൻ ടേബിളിൽ വെച്ച് ഡോക്ടർമാർ അത് കാൻസർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും അത് പൂർണ്ണമായി മുറിച്ചു മാറ്റാൻ സാധിക്കുകയും ചെയ്തെന്നും സോഹ പറയുന്നു.
അമ്മയ്ക്ക് കീമോതെറാപ്പിയുടെ ആവശ്യം വന്നിരുന്നില്ല എന്ന് സോഹ നേരത്തേ പങ്കുവെച്ചിരുന്നു. സ്റ്റേജ് സീറോയിൽ ശ്വാസകോശ അർബുദം സ്ഥിരീകരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് അമ്മ. കീമോതെറാപ്പിയോ മറ്റ് ചികിത്സകളോ ഒന്നും വേണ്ടി വന്നിട്ടില്ല. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു, ദൈവാനുഗ്രഹം കൊണ്ട് അമ്മ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സോഹ പറഞ്ഞിരുന്നു.
'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിൽ അഭിനയിക്കാതിരുന്നതിന്റെ പ്രധാന കാരണം തന്റെ രോഗബാധയായിരുന്നുവെന്നും ഷർമിള പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ആ വേഷത്തിനായി സംവിധായകന്റെ ആദ്യ ചോയ്‌സ് താനായിരുന്നുവെന്നും എന്നാൽ ആ വേഷം പിന്നീട് ഷബാന ആസ്മി ചെയ്യുകയായിരുന്നുവെന്നും ഷർമിള പറഞ്ഞിട്ടുണ്ട്.
ശ്വാസകോശാർബുദം, ശ്രദ്ധിക്കേണ്ടവ
പുകവലി കൂടാതെ വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിൽ ശ്വാസകോശ അർബുദ ചരിത്രം, എച്ച്.ഐ.വി. അണുബാധ തുടങ്ങിയ ഘടകങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
കാരണങ്ങൾ / അപകട ഘടകങ്ങൾ
- പുകവലി, നിഷ്ക്രിയ പുകവലിയും ഉൾപെടുന്നു
- റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ് തുടങ്ങിയവ
- പാരമ്പര്യം
- പൊണ്ണത്തടി
- മദ്യപാനം
- വൈറൽ അണുബാധ (എച്ച്.പി.വി.)
ലക്ഷണങ്ങൾ
- ഏറെനാൾ നീണ്ടു നിൽക്കുന്ന ചുമ
- കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയും നിറം
- ശ്വാസംമുട്ടൽ
- നെഞ്ചുവേദന
- ബ്രോങ്കൈറ്റിസ്, ന്യുമോണിയ പോലുള്ള അണുബാധ തുടരുന്നത്
- തൊണ്ടയടപ്പ്
- വിശപ്പില്ലായ്മ
- അകാരണമായ ഭാരക്കുറവ്
- അസ്വാഭാവികമായിട്ടുള്ള ക്ഷീണം
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്.
പരിശോധനകളും ചികിത്സയും
കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. എക്സ്-റേ, FNAC, ബയോപ്സി, PET scan തുടങ്ങിയവയിലൂടെ രോഗസ്ഥിരീകരണം നടത്തും.
ശ്വാസകോശ അർബുദ ചികിത്സയ്ക്ക് ഒന്നിലധികം രീതികൾ പ്രയോഗിക്കാറുണ്ട് . ഇക്കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാവിധികൾ നൽകേണ്ടതായി വരാം. ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല ശ്വാസകോശ കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും. കൂടാതെ റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി തുടങ്ങിയവയും ചെയ്യാറുണ്ട്.
Content Highlights: Soha Ali Khan discusses her mother Sharmila Tagore's lung cancer battle on a podcast, revealing early detection and successful surgery without chemotherapy.