മണിക്കൂറുകൾ വേണ്ട; 7 മിനിറ്റിൽ നൽകാവുന്ന ഇമ്മ്യൂണോ തെറാപ്പി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു

കാൻസർ ചികിത്സകൾക്കായി മണിക്കൂറുകളോളം ആശുപത്രികളിൽ ചെലവിടുന്നത് പലപ്പോഴും രോഗികളെ കൂടുതൽ ബുദ്ധിമുട്ടിക്കാറുണ്ട്. കീമോതെറാപ്പിക്കും ഇമ്മ്യൂണോ തെറാപ്പിക്കുമൊക്കെയായി മണിക്കൂറുകളാണ് ഓരോ കാൻസർ രോഗികളും ആശുപത്രികളിൽ ചെലവിടുന്നത്. ഇപ്പോഴിതാ ഏഴു മിനിറ്റിനുള്ളിൽ ഇമ്മ്യൂണോ തെറാപ്പി മരുന്ന് നൽകുന്ന രീതി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് സ്വിറ്റ്സർലന്റ് ആസ്ഥാനമായുള്ള മരുന്നുനിർമാതാക്കൾ.
റോച്ചെ എന്ന കമ്പനിയാണ് വെറും ഏഴു മിനിറ്റിനുള്ളിൽ ശരീരത്തിൽ കയറ്റാവുന്ന രീതിയിൽ ടെസെൻട്രിക് എന്ന ഇമ്മ്യൂണോ തെറാപ്പി മരുന്നിനെ വികസിപ്പിച്ചത്. പ്രത്യേകിച്ച് ശ്വാസകോശ അർബുദങ്ങൾ നൽകി വരുന്ന ഇമ്മ്യൂണോ തെറാപ്പി മരുന്നാണിത്. ചർമത്തിന് തൊട്ടുതാഴെയുള്ള ഫാറ്റി ടിഷ്യൂവിലേക്ക് മരുന്ന് കുത്തിവെക്കുന്ന സബ്ക്യൂട്ടേനിയസ് രീതിയിലൂടെയാണ് ഏഴുമിനിറ്റ് കൊണ്ട് ഈ ഇമ്മ്യൂണോ തെറാപ്പി നൽകാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
നേരത്തേ മണിക്കൂറുകളോളം എടുത്ത് ഐവി രൂപത്തിലാണ് ഈ മരുന്ന് ശരീരത്തിൽ കയറിയിരുന്നത്. ഇതോടെയാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ടെസെൻട്രിക്കിൻ്റെ സബ്ക്യൂട്ടേനിയസ് പതിപ്പിന് അനുമതി നൽകിയത്. ഇതിലൂടെ ചികിത്സയുടെ സമയം 80 ശതമാനമായി കുറയ്ക്കാനാവുമെന്നാണ് മരുന്ന് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഐവി അഡ്മിനിസ്ട്രേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ സബ്ക്യൂട്ടേനിയസ് രീതിയിലൂടെ നൽകുന്നത് രോഗിയുടെ അസ്വസ്ഥതയും വേദനയും കുറയ്ക്കുന്നതിനൊപ്പം അണുബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്ന് റോചെ അവകാശപ്പെടുന്നു.
വേഗത്തിൽ വളരുന്ന എല്ലാ കോശങ്ങളെയും ആക്രമിക്കുകയാണ് കീമോതെറാപ്പിയിലൂടെ ചെയ്യുന്നത്. എന്നാൽ ഇമ്മ്യൂണോതെറാപ്പിയിൽ രോഗിയുടെ പ്രതിരോധ സംവിധാനത്തെ ശരീരത്തിലെ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ പരിശീലിപ്പിക്കുകയാണ് ചെയ്യുക.
നേരത്തെ പുകവലിക്കുന്നവരിൽ മാത്രം കാണപ്പെടുന്ന ഒരു രോഗമായി കണക്കാക്കിയിരുന്ന ശ്വാസകോശ അർബുദം ഇപ്പോൾ രാജ്യത്തെ വൻതോതിലുള്ള വായു മലിനീകരണം കാരണം പുകവലിക്കാത്തവരിലും അതിവേഗം വർധിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ 20% കാൻസർ മരണങ്ങളും ശ്വാസകോശ അർബുദം മൂലമാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസർ കൂടിയാണിത്.
Content Highlights: Introduction of 7-minute subcutaneous immunotherapy in India., Developed by Roche, the drug Tecentriq reduces treatment time by 80%.,