അസുഖം വരുമ്പോഴാണ് യഥാർഥ പ്രശ്നങ്ങൾ ആരംഭിക്കുന്നത്, ശരീരത്തെ ബഹുമാനിക്കണം- സാമന്ത

സാമന്ത റൂത് പ്രഭു | Photos: PTI, AFP
സാമന്ത റൂത് പ്രഭു | Photos: PTI, AFP

രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്നുകൊണ്ട് പലരുടേയും ശബ്ദമായി മാറിയ നടിയാണ് സാമന്ത റൂത് പ്രഭു. താൻ മയോസൈറ്റിസിന് ചികിത്സ തേടുന്നുവെന്ന് അവർ ആരാധകരോട് തുറന്നുപറഞ്ഞു. അന്നുമുതൽ, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്നുമുണ്ട് നടി. ഇപ്പോഴിതാ, ലോകാരോ​ഗ്യ ദിനത്തിൽ രോ​ഗബാധിതയായിരുന്ന നാളുകളിൽ തന്നെ പ്രചോദിപ്പിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. 

''ഒരു രോ​ഗാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അത് ഏകാന്തവും നിസ്സഹായവുമായ അവസ്ഥയാണ്. ഇക്കാരണത്താലാണ് തന്റെ അനുഭവം പങ്കുവയ്ക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നതും. ആരോ​ഗ്യസ്ഥിതി മോശമാകുമ്പോഴാണ് ജീവിതത്തിൽ ശരിക്കുമുള്ള പ്രശ്നമുണ്ടാകുന്നത്. എന്നെ സംബന്ധിച്ച് ഇപ്പോൾ ചീറ്റ് മീൽസോ ചീറ്റ് ഡേയോ ആവശ്യമില്ല. എന്റെ ആരോ​ഗ്യത്തിനുവേണ്ടി മാത്രമാണ് ഞാൻ ഈ ത്യാ​ഗങ്ങൾ ചെയ്യുന്നതെന്ന് ആളുകൾ കരുതുന്നുണ്ടെങ്കിലും, യാഥാർഥ്യം അതല്ല. സ്വന്തം ആരോ​ഗ്യത്തിനും ശരീരത്തിനും മനസ്സിനുമാണ് ഞാൻ ഇന്ന് പ്രഥമ പരി​ഗണന നൽകുന്നത്. 

നിങ്ങളുടെ ശരീരത്തെ ബഹുമാനിച്ചാൽ മാത്രമേ അത് നിങ്ങളെ സ്നേഹിക്കുകയും ആവശ്യമുള്ള രീതിയിൽ പ്രതികരിക്കുകയും ചെയ്യുകയുള്ളൂ. ശരിയായ രീതിയിൽ സ്വന്തം ശരീരത്തെ കൈകാര്യം ചെയ്യാതെ അത് നമുക്ക് വേണ്ടി കൃത്യമായി പ്രവർത്തിക്കുമെന്ന് കരുതാനേ വയ്യ. ശരീരത്തെ നമ്മൾ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്'', സാമന്ത പറഞ്ഞു.

ശാരീരിക ആരോ​ഗ്യത്തിന് പുറമെ മാനസികാരോ​ഗ്യത്തിന് മുൻ​ഗണന നൽകണമെന്നും നടി പറയുന്നു. എത്ര മോശം ദിവസമാണെങ്കിലും തന്റെ ദിനചര്യ കൃത്യമായി പൂർത്തിയാക്കാറുണ്ട്. അതുവഴി, ഏതൊരു മോശം ചിന്തയേയും മറക്കാറുമുണ്ട്. ദിനചര്യയെ നാം ഒരിക്കലും കുറച്ചുകാണരുത്. വിരസമായി തോന്നുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഈ അച്ചടക്കമാണ് തന്നെ സഹായിച്ചത്. ഒരു സമൂഹമെന്ന നിലയിൽ പ്രമേഹത്തിന്റേയും അമിതവണ്ണത്തിന്റേയും കാര്യത്തിൽ നമ്മൾ മുൻപന്തിയിലാണെന്നത് നല്ല കാര്യമല്ലെന്നും നടി കൂട്ടിച്ചേർത്തു. 

എന്താണ് മയോസൈറ്റിസ്?

ശരീരത്തിന്റെ പ്രതിരോധശക്തി മസിലുകളെ കീഴ്പ്പെടുത്തുന്ന അവസ്ഥയാണ് മയോസൈറ്റിസ്. ഇത് ശരീരത്തിലാകെ വീക്കത്തിനും വേദനയ്ക്കും കാരണമാകും. വിവിധ തരത്തിലുള്ള മയോസൈറ്റുകൾ ശരീരത്തിലെ വിവിധ മസിലുകളെ ബാധിക്കാം. എങ്കിലും കൈകളും തോൾഭാ​ഗവും, കാലുകളും അരഭാ​ഗവും, അടിവയറും നട്ടെല്ലും തുടങ്ങിയ ഭാ​ഗങ്ങളിലെ മസിലുകളെയാണ് മയോസൈറ്റിസ് കൂടുതലായും ബാധിക്കുന്നത്.

ചിലരിൽ കണ്ണുകൾ, ഡയഫ്രം, ഈസോഫാ​ഗസ് എന്നിവിടങ്ങളിൽ മസിൽ ക്ഷയത്തിനും കാരണമാകാം. മയോസൈറ്റിസിന്റെ യഥാർഥ കാരണത്തെക്കുറിച്ച് ഇനിയും വിദ​ഗ്ധർക്ക് കണ്ടെത്താനായിട്ടില്ല. ലക്ഷണങ്ങൾക്ക് അനുസരിച്ച ചികിത്സയാണ് നൽകുക. വ്യായാമം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ ചെയ്ത് രോ​ഗം ബാധിച്ച ഭാ​ഗങ്ങളിലെ മസിലുകളെ ശക്തിപ്പെടുത്താനും ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

Content Highlights: Samantha reveals how she leads a healthy lifestyle post myositis diagnosis