‘25വർഷം സജീവമായുണ്ടായിരുന്ന മേഖല, വേദനാജനകമായിരുന്നു വിട്ടുനിൽക്കൽ’; രോഗത്തേക്കുറിച്ച് സൈന

#Health Desk
സൈന നെഹ്വാൾ| Photo: facebook.com/SainaNehwal
സൈന നെഹ്വാൾ| Photo: facebook.com/SainaNehwal

ആർത്രൈറ്റിസ് സ്ഥിരീകരിച്ചതിനേത്തുടർന്നാണ് ബാഡ്മിന്റൺ മത്സരങ്ങളിൽ നിന്നു വിട്ടുനിന്നതെന്ന സൈന നേവാളിന്റെ തുറന്നുപറച്ചിൽ ശ്രദ്ധനേടിയിരുന്നു. 2024-ലാണ് സൈന ആർത്രൈറ്റിസ് സ്ഥിരീകരിച്ചതിനേക്കുറിച്ച് ആദ്യമായി തുറന്നുപറയുന്നത്. ഇപ്പോഴിതാ വീണ്ടും ആർത്രൈറ്റിസ് മൂലം പ്രിയപ്പെട്ട കായികമേഖലയിൽ നിന്നു വിട്ടുനിന്നതിനേക്കുറിച്ച് പങ്കുവെക്കുകയാണ് സൈന.

ഹൗ‌ട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലാണ് സൈന ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇരുപത്തിയഞ്ചുവർഷത്തോളം സജീവമായുണ്ടായിരുന്ന കായികമേഖലയിൽ നിന്ന് ആരോഗ്യപ്രശ്നംമൂലം വിട്ടുനിൽക്കേണ്ടിവരുന്നത് ഉൾക്കൊള്ളാൻ പാടായിരുന്നുവെന്നും വേദനാജനകമായിരുന്നുവെന്നും സൈന പറഞ്ഞു.

വർഷങ്ങളോളം തീവ്രപരിശീലനങ്ങളിൽ ഏർപ്പെടുന്നതും തുർച്ചയായുണ്ടാകുന്ന പരിക്കുകളുമൊക്കെ സന്ധികളെ ബാധിക്കുന്നതാണ് പിൽക്കാലത്ത് ആർത്രൈറ്റിസിലേക്ക് നയിക്കുന്നത്. കായികമേഖലയിൽ സജീവമായി നിൽക്കുന്നതല്ല മറിച്ച് തീവ്രമായ വർക്കൗട്ടുകളും സന്ധികളിലുണ്ടാകുന്ന സമ്മർദവും മുൻകാല പരിക്കുകളുമൊക്കെ ആർത്രൈറ്റിസിനുള്ള സാധ്യത കൂട്ടും.

എന്താണ് ആർത്രൈറ്റിസ്?

ആർത്രൈറ്റിസ് എന്നാൽ സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദം ആണ്. നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതിൽ ചിലത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, ഇൻഫ്‌ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആർത്രൈറ്റിസ്, ആൻകൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആർത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.

അധികമായ ശരീരഭാരം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസപേശികൾക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ സമ്മർദവും അത് മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടവും ആണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താൽ സന്ധികൾക്ക് ഇരുവശത്തുമുള്ള എല്ലുകൾ തമ്മിൽ ഉരസാൻ ഇടയാക്കും. രോഗപ്രതിരോധ സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം. അതിൽ ഉൾപ്പെടുന്നതാണ് ആമവാതം, ആൻകൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആർത്രൈറ്റിസ് എന്നിവയെല്ലാം. യൂറിക് ആസിഡ് സന്ധിക്കുള്ളിൽ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.

രോഗലക്ഷണങ്ങൾ എന്തെല്ലാം?

സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ സന്ധിവേദനയും സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കിൽ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.

ഓസ്റ്റിയോ ആർത്രൈറ്റിസ് ആണെങ്കിൽ സാധാരണയിലും അധികമായി നടക്കുക, പടികൾ കയറുക തുടങ്ങിയ പ്രവൃത്തികൾക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തിൽ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവിൽ ഇത് രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന അളവിൽ വഷളാവുകയും ചെയ്യും.

അതേസമയം ആമവാതം പോലുള്ള ഇൻഫ്‌ളമേറ്ററി ആർത്രൈറ്റിസുകളിൽ വേദനയും കാഠിന്യവും രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കൂടുതലായി അനുഭവപ്പെടുന്നത്. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ കുറയുന്നു. ഇത്തരം ആർത്രൈറ്റിസുകളിൽ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.

ഗൗട്ട് എന്ന ആർത്രൈറ്റിസിൽ ചില പ്രത്യേക ആഹാര പദാർത്ഥങ്ങൾ കഴിച്ചതിന് ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടൽ മീനുകൾ, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്‌ളവർ, ചീര, കൂൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാകുന്നത് ഒരു സന്ധിയിൽ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേയ്ക്കും ഇവ പടരുകയും ശരീരം തീരെ അനക്കാൻ സാധിക്കാത്ത സ്ഥിതി വരുകയും ചെയ്‌തേക്കാം.

എങ്ങനെ നിയന്ത്രിക്കാം?

മരുന്നുകൾ

  • Acetaminophen പോലുള്ള വേദനസംഹാരികൾ
  • വേദനയും നീർക്കെട്ടും കുറയ്ക്കാൻ ibuprofen, naproxen എന്നിവ അടങ്ങിയ എൻഎസ്എഐഡി-കൾ (NSAID)
  • ഡിഎംഎആർഡി (Disease Modifying anti-rheumatic Drugs)
  • വിവിധതരം സന്ധിവാതങ്ങൾക്കായി ഉപയോഗിക്കുന്ന 30-ൽ അധികം വ്യത്യസ്ത മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നു
  • ഓട്ടോ ഇമ്മ്യൂൺ സംബന്ധമായ സന്ധിവാതത്തിന്റെ പ്രധാന ചികിത്സയാണ് ഡിഎംഎആർഡി.

വ്യായാമം

നീന്തൽ, സൈക്ലിങ്ങ് പോലുള്ള ആയാസം കുറഞ്ഞ വ്യായാമങ്ങൾ

സന്ധികളുടെ വഴക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ

ശരീരഭാരം നിയന്ത്രിക്കാം

അമിതഭാരം കുറയ്ക്കുന്നത് സന്ധികളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

ശസ്ത്രക്രിയ

സന്ധികൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചാൽ പിന്നീടുള്ള മാർഗമാണ് ശസ്ത്രക്രിയ

സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ചലനശേഷി വീണ്ടെടുക്കാനും വേദനയിൽ നിന്ന് ആശ്വാസം നൽകാനും കഴിഞ്ഞേക്കും. 

Content Highlights: Badminton star Saina Nehwal opened up about her painful departure from the sport due to arthritis., Intense training and previous injuries significantly increase the risk of joint degeneration.