റോളർ കോസ്റ്റർ റൈഡ് മസ്തിഷ്ക പരിക്കുകൾക്ക് കാരണമായി, കാലിഫോർണിയയിലെ അമ്യൂസ്മെന്റ് പാർക്കിനെതിരെ പരാതി

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമിതവേഗതയിലുള്ള റോളർ കോസ്റ്റർ റൈഡ് ഗുരുതരമായ മസ്തിഷ്ക പരിക്കുകൾക്കു കാരണമാകുന്നുവെന്ന് ആരോപിച്ച് കാലിഫോർണിയയിലെ അമ്യൂസ്മെന്റ് പാർ‌ക്കിനെതിരെ നിരവധിപേർ പരാതിയുമായി രംഗത്ത്. വലൻസിയയിലെ സിക്സ് ഫ്ലാഗ്സ് മാജിക് മൗണ്ടെയ്‌നെതിരെയാണ് പരാതി. റോളർ കോസ്റ്റർ സവാരിക്ക് ശേഷം നൂറോളംപേർക്ക് മസ്തിഷ്കത്തിൽ പരിക്കുണ്ടായെന്ന് പരാതിക്കാർ പറയുന്നു.

റോളർ കോസ്റ്ററിൽ കയറിയ നിരവധിപേർക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന ബ്രെയിൻ ഹെമറേജ് ഉൾപ്പെടെയുണ്ടായെന്ന് പരാതിക്കാരുടെ അഭിഭാഷകർ പറയുന്നു. ഇതോടെ ജൂലൈ 12 മുതൽ റോളർ കോസ്റ്റർ റൈഡ് നിർത്തിവച്ചിരിക്കുകയാണ്.

ഇതിനുപിന്നാലെ റോളർ കോസ്റ്റർ റൈഡുകൾ മസ്തിഷ്കത്തിൽ പരിക്കുണ്ടാകുന്നതിന് കാരണമാകുന്നത് എങ്ങനെയെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. പെട്ടെന്ന് വേഗത കൂട്ടുകയും കുറയ്ക്കുകയും വളയ്ക്കുകയും തിരിക്കുകയുമൊക്കെ ചെയ്യുന്ന റോളർ കോസ്റ്റർ റൈഡുകൾ തല, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് സമ്മർദമുണ്ടാക്കും. തല പെട്ടെന്ന് ചലിക്കുകവഴി തലയ്ക്കും കഴുത്തിനും പരിക്കേൽക്കാനിടയുണ്ട്. റോളർ-കോസ്റ്റർ സവാരിക്ക് ശേഷം രക്തക്കുഴലുകൾക്ക് പരിക്കേറ്റ അപൂർവമായ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തലച്ചോറിനുള്ളിലോ, ചുറ്റുമോ ഉണ്ടാകുന്ന രക്തസ്രാവവും ഇതേത്തുടർന്ന് ഉണ്ടാകാനിടയുള്ള ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്. കഠിനമായ തലവേദന, ഛർദ്ദി, ആശയക്കുഴപ്പം, മയക്കം, ബലഹീനത, സംസാരിക്കുന്നതിൽ ബുദ്ധിമുട്ട്, ബോധക്ഷയം അല്ലെങ്കിൽ ഫിറ്റ്സ് എന്നീ ലക്ഷണങ്ങളോടെയാവും പ്രകടമാവുക.

ഇതുകൂടാതെ നട്ടെല്ലിനും പരിക്കുണ്ടാവാനിടയുണ്ട്. രക്തക്കുഴലിൽ പരിക്കുണ്ടാകുന്നതുമൂലം രക്തം കട്ടപിടിക്കുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യാം. പക്ഷേ, അവ വളരെ അപൂർവവുമാണ്.

റോളർ കോസ്റ്റർ റൈഡ് എന്നു കേൾക്കുമ്പോഴേ ഭയന്നുപിന്മാറുകയല്ല മറിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ ഡോക്ടറുടെ ഉപദേശം കണക്കിലെടുത്തുമാത്രം കയറുന്നതാവും ഉചിതം. ഹൃദയം, രക്തക്കുഴലുകൾ, നാഡികൾ, കഴുത്ത്, നട്ടെല്ല് തുടങ്ങിയവയ്ക്ക് പ്രശ്നങ്ങൾ ഉള്ളവർ വിദഗ്ധ ഉപദേശം തേടി മാത്രം ഇത്തരം റൈഡുകളിൽ കയറുന്നതാണ് നല്ലത്.

Content Highlights: Roller coaster rides at a California amusement park are allegedly causing severe brain injuries, leading to numerous complaints and legal actions against the park.