വേദനസംഹാരികൾ ഇഷ്ടംപോലെ കഴിക്കാനുള്ളതല്ല; കൂടിയാൽ കരളിന്റെ ആരോഗ്യം തകരാറിലാവും

തലവേദന വന്നാലും വയറുവേദന വന്നാലുമൊക്കെ ഡോക്ടർമാരുടെ നിർദേശമില്ലാതെ സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്നവരുണ്ട്. കൃത്യമായ ഡോസിലും പരിമിതമായ അളവിലുമൊക്കെ ഉപയോഗിച്ചാൽ സുരക്ഷിതവും ഫലപ്രദവുമാണിവ. അതിനുപകരം സ്വന്തം ഇഷ്ടപ്രകാരം, യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുമ്പോൾ ഡോസ് അമിതമാവുകയും പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുകയും ചെയ്യും. വേദനസംഹാരികളുടെ അമിതോപയോഗം കരൾരോഗത്തിന് കാരണമാകുന്നതിനേക്കുറിച്ച് വ്യക്തമാക്കുകയാണ് ഒരു പഠനം.
തെറാപ്യൂട്ടിക് അഡ്വാൻസസ് ഇൻ ഗ്യാസ്ട്രഎൻട്രോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേദനസംഹാരികൾ അമിതമായി കഴിക്കുന്നത് മൂലം കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിനെ ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി എന്നാണ് പറയുന്നത്. ഏതുതരം വേദനസംഹാരിയാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് അപകടസാധ്യത വീണ്ടും കൂടുമെന്നും പഠനത്തിലുണ്ട്.
കഴിക്കുന്ന മരുന്നുകളെ വിഘടിപ്പിച്ച് അവയെ ശരീരത്തിൽനിന്ന് നീക്കംചെയ്യുന്നതിൽ കരളിന്റെ പങ്ക് വലുതാണ്. ചില മരുന്നുകൾ സ്ഥിരമായി കഴിക്കുകയും അമിതമായ ഡോസിൽ കഴിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഈ പ്രവർത്തനം തകരാറിലാവും. ഇത് ക്രമേണ കരളിനെ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.
പൊതുവേ എല്ലാവരും കൂടുതലായി കഴിക്കുന്ന വേദനസംഹാരികളിലൊന്ന് പാരസീറ്റമോൾ ആണ്. അളവില്ലാതെ, അമിത ഡോസ് പാരസീറ്റമോൾ കഴിക്കുന്നത് കരളിന്റെ ആരോഗ്യം നശിപ്പിക്കും. നിലവിൽ കരൾരോഗങ്ങൾ ഉള്ളവർ, മദ്യപിക്കുന്നവർ, പാരസീറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകൾ എന്നിവ കഴിക്കുന്നവരാണെങ്കിൽ ഇതിനുള്ള സാധ്യത വീണ്ടും കൂടും.
പാരസീറ്റമോളിനെ അപേക്ഷിച്ച് ഐബുപ്രൂഫൻ പോലുള്ള വേദനാസംഹാരികൾ കുറച്ചുകൂടി സുരക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു. ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം കരളിനെ പെട്ടെന്ന് ബാധിക്കുന്ന മരുന്നുകളിൽ മുന്നിലാണ് ഡൈക്ലോഫിനാക് എന്ന വേദനാസംഹാരി. കാലങ്ങളായുള്ള ഇവയുടെ ഉപയോഗം കരളിനെ തകരാറിലാക്കും,
നിശ്ചിത അളവിലും കൂടുതൽ കഴിക്കുക, ഡോക്ടർമാരുടെ നിർദേശമില്ലാതെ കഴിക്കുക, ഇത്തരം മരുന്നുകൾക്കൊപ്പം മദ്യപിക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് കരളിന്റെ പ്രവർത്തനത്തെ പെട്ടെന്ന് ബാധിക്കാനിടയാക്കുന്നത്. അമിതക്ഷീണം, ഓക്കാനം, ഛർദി, കണ്ണിനും ചർമത്തിനും മഞ്ഞനിറം, കടുംനിറത്തിലുള്ള മൂത്രം, അടിവയറുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്.
വേദനസംഹാരികളുടെ ലേബൽ എപ്പോഴും കൃത്യമായി പരിശോധിച്ച് അതിൽപ്പറയുന്ന അളവിലുള്ള ഡോസ് മാത്രം കഴിക്കണം. ഒരേ ചേരുവകളിലുള്ള പല മരുന്നുകൾ മിക്സ് ചെയ്ത് കഴിക്കരുത്. വേദനസംഹാരികൾ കഴിക്കുമ്പോൾ മദ്യപിക്കരുത്. ഡോക്ടർ നിർദേശിക്കാത്തിടത്തോളം ദിവസങ്ങളോളം അവ ഉപയോഗിക്കരുത്. സ്ഥിരമായി വേദന ഉള്ളവരാണെങ്കിൽ ഡോക്ടറെ കണ്ടതിനുശേഷം മാത്രം മരുന്ന് സ്വീകരിക്കണം.
Content Highlights: Excessive painkiller use causes drug-induced liver injury., The liver struggles to process high doses, leading to potential organ failure