തുമ്മുമ്പോൾ വിര പുറത്തേക്ക് വരുന്ന അവസ്ഥ, അമ്പത്തിയെട്ടുകാരിയെ ബാധിച്ച അപൂർവ അവസ്ഥ

തുമ്മുന്നതും ചുമയ്ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ തുമ്മുമ്പോൾ മൂക്കിലൂടെ വിര പുറത്തുവരുന്ന അപൂർവ അവസ്ഥയാണ് ഗ്രീസിൽ നിന്നുള്ള ഒരു അമ്പത്തിയെട്ടുകാരിയെ ബാധിച്ചിരിക്കുന്നത്. തുടർപരിശോധനയിൽ അപൂർവ അണുബാധയാണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
മുഖത്തിന്റെ നടുഭാഗത്ത് വേദനയാണ് തുടക്കത്തിൽ പ്രകടമായത്. ആദ്യമൊക്കെ സൈനസൈറ്റിസ് ആണെന്നുകരുതി നിസാരമാക്കിയെങ്കിലും ക്രമേണ വേദന കൂടുകയായിരുന്നു. മൂന്നാഴ്ചയോടെ വേദന കടുക്കുകയും കടുത്ത ചുമ ആരംഭിക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ തുമ്മുമ്പോഴെല്ലാം മൂക്കിൽ നിന്നും വിരകൾ വരികയും ചെയ്യുകയായിരുന്നു.
വൈകാതെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയിൽ മൂക്കിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന വായു അറകളായ മാക്സിലറി സൈനസുകളിൽ ലാർവകൾ നിറഞ്ഞിരിക്കുന്നതായും കണ്ടെത്തി. പത്ത് ലാർവകളും ഒരു പ്യൂപ്പയുമാണ് സൈനസുകളിൽ നിന്നായി നീക്കംചെയ്തത്. സൂക്ഷ്മ പരിശോധനയിൽ ഇവ ഈസ്ട്രസ് ഒവിസ് എന്ന ഒരിനം ഈച്ചയുടേതാണെന്ന് കണ്ടെത്തി. സാധാരണയായി ആടുകളേയും മറ്റും ബാധിക്കുന്ന ഇവ മനുഷ്യശരീരത്തിൽ കയറിക്കൂടാറില്ല. മനുഷ്യ ശരീരത്തിൽ ലാർവകൾ വളരുന്ന മയാസിസ് എന്ന അവസ്ഥയാണ് സ്ത്രീയെ ബാധിച്ചത്.
സാധാരണ ഇത്തരം ലാർവകൾ മനുഷ്യശരീരത്തിൽ വളരാത്തതുകൊണ്ടുതന്നെ അപൂർവ അവസ്ഥയായാണ് ഡോക്ടർമാർ വിശേഷിപ്പിച്ചത്. ആടുകളെ പരിപാലിക്കുന്ന സ്ഥലത്ത് ജോലിചെയ്തതാവാം ഈ അണുബാധയ്ക്ക് കാരണമായതെന്നും കരുതുന്നുണ്ട്. സ്ത്രീയുടെ ശരീരത്തിൽ നിന്ന് മുഴുവൻ ലാർവകളെയും പ്യൂപ്പയും ഡോക്ടർമാർ സർജറിയിലൂടെ നീക്കം ചെയ്തു.
Content Highlights: Rare occurrence of Oestrus ovis larvae infesting human sinuses., Initial symptoms misdiagnosed as standard sinus pain.,