ജീവനുണ്ട് എന്നുറപ്പിക്കാൻ സെക്യൂരിറ്റിക്കാർ പൾസ് നോക്കുന്ന അവസ്ഥവരെയെത്തിച്ച ലഹരി-ജസ്റ്റിൻ ബീബർ

ലഹരിയുമായുള്ള തന്റെ ജീവിതയുദ്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. തന്റെ ജീവനെയും ആരോഗ്യത്തെയും അതീവഗൗരവമായി പിടിമുറുക്കിയ ലഹരിയുപയോഗത്തെക്കുറിച്ച് ജസ്റ്റിന്‍ ബീബര്‍ സീസണ്‍സ് എന്ന പരിപാടിയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഭയാനകമായ പ്രത്യാഘാതങ്ങളായിരുന്നു ശരീരം നേരിട്ടിരുന്നതെന്ന് ജസ്റ്റിന്‍ പറഞ്ഞു.
യുവത്വത്തിന്റെ ആരംഭകാലത്തുതന്നെ പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞ കനേഡിയന്‍ പോപ് ഗായകനാണ് ജസ്റ്റിന്‍ ബീബര്‍.
തന്റെ മാസ്മരികമായ സംഗീതം കൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിക്കുമ്പോഴും ലഹരിയാല്‍ നിയന്ത്രിക്കപ്പെടുകയായിരുന്നു ജീവിതം. ലഹരി ഉപയോഗം നിയന്ത്രണാതീതമായപ്പോള്‍ തന്റെ ബോഡിഗാര്‍ഡുമാര്‍ രാത്രിയില്‍ കൃത്യമായ ഇടവേളകളില്‍ വന്ന് തന്റെ പള്‍സ് പരിശോധിച്ച് തനിക്ക് ജീവനുണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നെന്ന് ജസ്റ്റിന്‍ ബീബര്‍ വെളിപ്പെടുത്തുന്നു. 'ഞാന്‍ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി. രാത്രിയില്‍ എന്റെ മുറിയില്‍ വന്ന് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ പള്‍സ് പരിശോധിക്കുമായിരുന്നു. അത് എത്രത്തോളം പരിതാപകരമായ അവസ്ഥയാണെന്ന് ആളുകള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല, സത്യസന്ധമായും ഭയാനകമായിരുന്നു എന്റെ അവസ്ഥ' - ബീബര്‍ പറയുന്നു.
ബീബറിന്റെ മല്ലയുദ്ധം ലഹരിയോടുമാത്രമായിരുന്നില്ല, ശരീരത്തോടും മാനസികാരോഗ്യത്തോടും കൂടിയായിരുന്നു. ഉഷ്ണകാലങ്ങളില്‍ ചെറുപ്രാണിയുടെ കടിയേല്‍ക്കുന്നതുമൂലം സംഭവിക്കുന്ന ബാക്ടീരിയ അണുബാധ മൂലം വന്ന ലൈം ഡിസീസ് (Lyme disease) കാരണം അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ആ അവസരത്തില്‍ തന്നെ മാനസികമായും ശാരീരികമായും ഏറെ തളര്‍ത്തിയിരുന്നതായും ജസ്റ്റിന്‍ പറഞ്ഞു. ഉഷ്ണകാലങ്ങളില്‍ കൂടുതല്‍ സമയവും
പുറത്തു ചെലവഴിക്കുന്നവര്‍ക്കാണ് ലൈം ഡിസീസ് സാധാരണയായി പിടിപെടാറുള്ളത്. മാസങ്ങളോളം കൃത്യമായ ചികിത്സ ആവശ്യമുള്ള രോഗമാണിത്.
ലഹരിയും രോഗവും തന്ന ദുരിതത്തില്‍ നിന്നും കരകയറാന്‍ തനിക്കു പിന്തുണ തന്നുകൊണ്ട് ശുശ്രൂഷിച്ച ഭാര്യ ഹെയ്‌ലി ബീബറിന്റെ അര്‍പ്പണബോധത്തെക്കുറിച്ചും ജസ്റ്റിന്‍ ബീബര്‍ വാചാലനാവുന്നു. ലഹരി ഉപയോഗം തന്റെ ജീവിതത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ ജസ്റ്റിന്‍ സ്വയം തീരുമാനമെടുക്കുന്നതുവരെ തങ്ങള്‍ വ്യക്തിജീവിതത്തില്‍ പരസ്പരം ഇടപെട്ടിരുന്നില്ലെന്ന് ഹെയ്‌ലി ബീബര്‍ പറയുന്നു.
'രാവിലെ എഴുന്നേറ്റാല്‍, ഒരു ദിനം തുടങ്ങും മുമ്പേ, തന്നെ ഒരു ഗുളിക വിഴുങ്ങുക, പിന്നാലേ കഞ്ചാവിന് തീ കൊളുത്തുക എന്നതായിരുന്നു എന്റെ ശീലം. അതിഭയങ്കരമായിരുന്നു.'- മയക്കുമരുന്ന് തന്റെ ജീവിതത്തിനുമേല്‍ അത്രമാത്രം ആധിപത്യം സ്ഥാപിച്ചിരുന്നുവെന്ന് ജസ്റ്റിന്‍ സമ്മതിക്കുന്നു.
താന്‍ പൂര്‍ണമായും ലഹരിയ്ക്കു അടിമപ്പെട്ടു എന്നു ബോധ്യപ്പെട്ടപ്പോള്‍ ദൈവത്തോട് കരഞ്ഞുയാചിച്ചെന്നും ജസ്റ്റിന്‍ പറയുന്നു, ദൈവം യഥാര്‍ഥത്തില്‍ ഉള്ളതാണെങ്കില്‍ ഇതില്‍നിന്നൊന്നു കൈപിടിച്ചു കയറ്റണമെന്നും ബാക്കിയെല്ലാം താന്‍ നോക്കിക്കോളുമെന്ന് ദൈവത്തോടുതന്നെ ജസ്റ്റിന്‍ പറഞ്ഞു. തനിക്കതിനു കഴിഞ്ഞുവെന്നാണ് കരുതുന്നതെന്നും ജസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
''എനിക്കും ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുമിടയില്‍ ലഹരി ഒരു തടസ്സമായി നില്‍ക്കുകയായിരുന്നു. മുന്നില്‍ തീര്‍ത്തും അന്ധകാരം സൃഷ്ടിച്ചു. രാത്രികാലങ്ങളില്‍ എനിക്ക് ശ്വാസമുണ്ട് എന്ന് സെക്യൂരിറ്റിക്കാര്‍ വന്ന് ഉറപ്പുവരുത്തേണ്ട അവസ്ഥവരെയെത്തി''- ജസ്റ്റിന്‍ പറഞ്ഞു.
പ്രശസ്തിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വ്യക്തിപരമായ സംഘര്‍ഷത്തില്‍ നിന്നും തനിക്ക് രക്ഷനേടാന്‍ കഴിഞ്ഞത് ലഹരിയിലൂടെയാണെന്ന് വോഗ് മാഗസിനുകൊടുത്ത അഭിമുഖത്തില്‍ ജസ്റ്റിന്‍ മുമ്പ് പറഞ്ഞിരുന്നു.
Content Highlights: pop singer justin bieber reveals how drug addiction affected his life