മസിൽ പെരുപ്പിക്കാൻ പെട്രോളിയം ജെല്ലി കുത്തിവെച്ചു, കൈകൾ മുറിച്ചുമാറ്റേണ്ടി വരുമോ എന്ന ഭീതിയിൽ യുവാവ്

കിരിൽ ടെറെഷിൻ
കിരിൽ ടെറെഷിൻ

കാർട്ടൂൺ കഥാപാത്രം പോപ്പിയെപ്പോലെ കരുത്താർന്ന മസിലുകൾ സ്വന്തമാക്കുക എന്നതായിരുന്നു കിരിൽ ടെറെഷിൻ എന്ന യുവാവിന്റെ സ്വപ്നം. ബൈസെപ്സ് വികസിക്കുന്നതിനായി പെട്രോളിയം ജെല്ലി കുത്തിവെച്ച കിരിൽ എന്ന റഷ്യൻ സ്വദേശി ഇന്ന് കൈകൾ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ജീവിക്കുന്നത്. ഇരുകൈകളിലും കുത്തിവച്ച പെട്രോളിയം ജെല്ലി മൂലം വലയുകയാണ് ഈ ഇരുപത്തിയൊമ്പതുകാരൻ.

മിക്സഡ‍് മാർഷ്യൽ ആർട്സ് ഫൈറ്റർ കൂടിയായ കിരിൽ മസിലുകൾ പെരുപ്പിക്കുന്നതിനായാണ് പെട്രോളിയം ജെല്ലി കുത്തിവെച്ചത്. എന്നാൽ ഇത് കൈകളിൽ വീക്കമുണ്ടാക്കുകയും ചിലപ്പോൾ കൈകൾ നഷ്ടമായേക്കാവുന്ന അവസ്ഥ വരെ ഉണ്ടാവാമെന്നും ഡോക്ടർമാർ കിരിലിനോട് പറഞ്ഞു.

പെട്രോളിയം ജെല്ലി നീക്കംചെയ്യാൻ കിരിൽ സർജറികൾ ചെയ്തെങ്കിലും അടിഞ്ഞുകൂടിയ ജെല്ലി പേശികൾക്ക് തകരാറുണ്ടാക്കുകയാണ് ചെയ്തത്. ഇരുകൈകളിലുമായി മൂന്ന് ലിറ്ററോളം പെട്രോളിയം ജെല്ലിയാണ് കിരിൽ ഇഞ്ചെക്റ്റ് ചെയ്തത്. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്തു. പെട്രോളിയം ജെല്ലി ഇഞ്ചെക്ഷനായി ഉപയോഗിക്കാനുള്ളതല്ലെന്നും പുറമേ പുരട്ടാനുള്ളതു മാത്രമാണെന്നും ഡോക്ടർ കിരിലിനോട് പറഞ്ഞു.

പെട്രോളിയം ജെല്ലി കുത്തിവെച്ചഭാഗം മാത്രമല്ല വൃക്കയെപ്പോലും ബാധിക്കുമെന്നും ഡോക്ടർമാർ കിരിലിനോട് പറഞ്ഞു. വലിയതോതിൽ വേണ്ടതിനാൽത്തന്നെ സ്വന്തമായുണ്ടാക്കിയ പെട്രോളിയം ജെല്ലിയാണ് കിരിൽ കുത്തിവച്ചത് എന്നത് സംഗതി കൂടുതൽ സങ്കീർണമാക്കി.

ഇപ്പോഴും കിരിലിന്റെ കൈകളിൽ പെട്രോളിയം ജെല്ലി നീക്കംചെയ്യാനുള്ള പരിശ്രമത്തിലാണ് ‍ഡോക്ടർമാർ. അവ പൂർണമായും നീക്കംചെയ്യാൻ കഴിയാതാവുകയോ, കേടായ ടിഷ്യൂ പഴയപടി ആക്കാനാവുകയോ ചെയ്യാതിരുന്നാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായേക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇത്തരത്തിൽ അശാസ്ത്രീയമായ രീതിയിൽ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് മുന്നറിയിപ്പാണ് കിരിലിന്റെ ജീവിതമെന്നും വിദഗ്ധർ പറയുന്നു. 

Content Highlights: A young man injected petroleum jelly to achieve Popeye-like muscles, but now faces losing his arms.