വന്ധ്യതയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ ശരീരത്തിൽ ഗർഭപാത്രം! എന്താണ് അത്യപൂർവമായ ഈ അവസ്ഥ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്ധ്യതാ ചികിത്സയ്ക്കെത്തിയ യുവാവിനെ ഞെട്ടിച്ച് പരിശോധനാഫലം. പെർസിസ്റ്റന്റ് മുള്ളേരിയൻ ഡക്റ്റ് സിൻഡ്രോം എന്ന അപൂർവ അവസ്ഥയാണ് സ്ഥിരീകരിച്ചത്. ഗർഭപാത്രം, ഫലോപിയൻ ട്യൂബ് പോലുള്ള പ്രത്യുത്പാദന അവയവങ്ങൾ പുരുഷനിലുള്ള അവസ്ഥയാണിത്. മെഡിക്കൽ ചരിത്രത്തിൽതന്നെ 300-ൽ താഴെ പേർക്കു മാത്രമാണ് ഈ അവസ്ഥ കണ്ടെത്തിയിട്ടുള്ളത്..

രാജൗരി ഗാർഡനിലെ ആർ.ജി. ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ രോഗിയിൽ എം.ആർ.ഐ. സ്കാനിങ്ങ് നടത്തിയപ്പോഴാണ് ഫാലോപ്യൻ ട്യൂബിനും ഗർഭപാത്രത്തിനും സമാനമായ ഭാഗങ്ങളും കണ്ടെത്തിയത്. തുടർന്നാണ് പെർസിസ്റ്റന്റ് മുല്ലേരിയൻ ഡക്റ്റ് സിൻഡ്രോം (PMDS) എന്ന അപൂർവ അവസ്ഥയേക്കുറിച്ച് ഡോക്ടർമാർ പരിശോധിച്ചത്. ആൺകുട്ടികളുടെ ക്രോമസോമുകളും ശാരീരിക വളർച്ചയുമുള്ള ഒരാളിൽ ഗർഭപാത്രവും ഫാലോപ്യൻ ട്യൂബും പോലുള്ള പ്രത്യുത്പാദന അവയവങ്ങൾ കാണുന്ന ഈ അവസ്ഥ വളരെ അപൂർവമാണ്.

പൊതുവേ കുട്ടിക്കാലത്തുതന്നെ കണ്ടെത്താറുണ്ടെങ്കിലും പ്രത്യുത്പാദന കാലയളവിൽ സ്ഥിരീകരിക്കൽ അപൂർവമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഡോക്ടർമാരുടെ പരിശോധനയിൽ യുവാവിൻ്റെ വൃഷണങ്ങളിലൊന്ന് കാൻസറിന് കാരണമാകുന്ന മാറ്റങ്ങൾ കാണിക്കുന്നുണ്ടെന്നും കണ്ടെത്തി. ബീജമില്ലാതിരുന്ന (അസൂസ്പേർമിയ) അവസ്ഥയും യുവാവിനുണ്ടായിരുന്നു. വിദഗ്ധ പരിശോധനയിലാണ് ഗർഭപാത്രവും ഫലോപ്യൻ ട്യൂബും ഉണ്ടെന്നത് വ്യക്തമായത്. ഇതോടെ. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ ന‌ടത്തി അവ നീക്കം ചെയ്തു.

തികച്ചും അസാധാരണമായ കേസ് ആയിരുന്നു ഇതെന്നും വന്ധ്യതയ്ക്ക് പ്രശ്നം തേടിയെത്തിയ യുവാവ് കാലങ്ങളോളം ഇതേക്കുറിച്ചു തിരിച്ചറിയാതെ ജീവിക്കുകയായിരുന്നുവെന്നും യുവാവിനെ ചികിത്സിച്ച ചീഫ് യൂറോളജിസ്റ്റായ ഡോ. സുഷീൽ ഖർബന്ദ പറഞ്ഞു. പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്റ്റ് സിൻഡ്രോം ഉള്ളവരിൽ വൃഷണങ്ങളും സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളും സ്ഥാനം തെറ്റി കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഈ അവസ്ഥയുള്ളവർ ജനിതകപരമായും (46, XY ക്രോമസോം) ബാഹ്യശരീരപ്രകൃതിയിലും പുരുഷന്മാരായിരിക്കും. പുരുഷ ലൈംഗികാവയവങ്ങളും ഹോർമോണുകളും ഇവർക്ക് സാധാരണ രീതിയിലായിരിക്കും. വൃഷണങ്ങൾ താഴേക്ക് ഇറങ്ങാതിരിക്കുന്ന ക്രിപ്റ്റോർക്കിഡിസം, ഹെർണിയ, വന്ധ്യത എന്നിവയ്ക്ക് ചികിത്സ തേടുമ്പോൾ സ്ഥിരീകരിക്കുന്ന സാഹചര്യങ്ങൾ കൂടുതലാണ്.

Content Highlights: Persistent mullerian duct syndrome, a rare condition, was found in a man facing infertility, with reproductive organs typically seen in females.