കുടൽവീക്കമുണ്ടാക്കുന്ന ബാക്ടീരിയകൾ പാർക്കിൻസൺസ് രോഗികളിൽ കൂടുതൽ, രോഗതീവ്രത കൂട്ടും- പഠനം

#ജി. രാജേഷ് കുമാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പാർക്കിൻസൺസ് രോഗികളുടെ കുടലിൽ ശരീരത്തിൽ വീക്കമുണ്ടാക്കുന്ന ബാക്ടീരിയകൾ കൂടുതലാണെന്നും ഇത് രോഗതീവ്രത കൂട്ടുന്നുവെന്നും പഠനം. ഒരേവീട്ടിൽ ഒരേഭക്ഷണം കഴിച്ചു കഴിയുന്ന ജീവിതപങ്കാളികളെ താരതമ്യംചെയ്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും (കുസാറ്റ്) തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടുംചേർന്ന് ഐ.സി.എം.ആർ. സഹായത്തോടെയാണ് പഠനം നടത്തിയത്. അമേരിക്കയിലെ പാർക്കിൻസൺസ് ഫൗണ്ടേഷനുമായി ചേർന്ന് നേച്ചർ പോർട്ട്ഫോളിയോ പ്രസിദ്ധീകരിക്കുന്ന ’എൻ.പി.ജെ. പാർക്കിൻസൺസ് ഡിസീസ്’ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

കുസാറ്റ് ന്യൂറോസയൻസ് കേന്ദ്രം ഡയറക്ടർ ഡോ. പി.എസ്. ബേബി ചക്രപാണി, ശ്രീചിത്ര ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. ശ്യാം കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഡോ. പി.എ. അനീസയാണ് പഠനം നടത്തിയത്. ഗോവയിലെ ദേശീയ ധ്രുവ-സമുദ്ര ഗവേഷണകേന്ദ്രത്തിലെ വിദഗ്ധരും സംഘത്തിലുണ്ടായിരുന്നു.

ശ്രീചിത്രയിലെ ചലനവൈകല്യ ചികിത്സാകേന്ദ്രത്തിലെത്തിയ 65 രോഗികളെയും ആരോഗ്യമുള്ള 65 പേരെയും താരതമ്യംചെയ്തായിരുന്നു പഠനം. ഇ- കോളൈ ഉൾപ്പെടുന്ന എഷറിക്കിയ-ഷിഗെല്ല, അക്കർമാൻസിയ, കോളിൻസെല്ല തുടങ്ങിയ ബാക്ടീരിയകളാണ് രോഗികളിൽ കൂടുതൽ കണ്ടത്. ഡോപമിൻ, ഗ്ലൂട്ടമേറ്റ്, ഗാബ തുടങ്ങിയ നാഡീരാസവസ്തുക്കളുമായി ബന്ധപ്പെട്ട പ്രക്രിയകളെ സ്വാധീനിച്ച് ഈ ബാക്ടീരിയകൾ രോഗം മൂർച്ഛിക്കുന്നതിൽ പങ്കുവഹിക്കാമെന്നും പഠനം വ്യക്തമാക്കുന്നു. കുടൽഭിത്തിയെ സംരക്ഷിക്കുന്ന ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ ഉത്‌പാദിപ്പിക്കുന്ന പ്രെവൊട്ടെല്ല, ബാക്ടീറോയ്ഡ്സ്, ലാക്നോസ്പൈറ എന്നിവ കുറവായിരുന്നു.

വിറയലും ചലനവൈകല്യവും പ്രകടമാകുന്നതിന് വർഷങ്ങൾക്കു മുൻപുതന്നെ രോഗികളിൽ മലബന്ധം പോലുള്ള ഉദരപ്രശ്നങ്ങൾ കാണാറുണ്ട്.

രോഗം നേരത്തേ കണ്ടെത്താനുള്ള ലളിതമായ പരിശോധനകൾക്കും കുടലിന്റെ ആരോഗ്യം വീണ്ടെടുക്കുന്ന ചികിത്സകൾക്കും പഠനം വഴിതുറക്കുമെന്നു കരുതുന്നു.

Content Highlights: Recent medical research reveals a link between Parkinson's disease severity and gut microbiome