ട്രംപിന്റെ വാദം തെറ്റ്, ഗർഭകാലത്ത് പാരസീറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ ബന്ധമില്ല- പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

അടുത്തിടെയാണ് പാരസീറ്റമോളും ഓട്ടിസവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. പാരസീറ്റമോൾ പ്രധാന ഘടകമായ ടൈലനോൾ എന്ന വേദനാസംഹാരി ഓട്ടിസത്തിലേക്ക് നയിക്കുമെന്നായിരുന്നു ട്രംപിന്റെ വാദം. ഇതിനുപിന്നാലെ നിരവധി ഡോക്ടർമാരും ഗവേഷകരുമൊക്കെ ട്രംപിനെതിരേ വിമർശനവുമായി രംഗത്തെത്തി. എന്നാൽ പാരസീറ്റമോൾ ഉപയോഗവും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.

ഡെന്മാർക്കിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനം ജാമാ പീഡിയാട്രിക്സ് എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1997-നും 2022-നും ഇടയിൽ ജനിച്ച 1.5 ദശലക്ഷം കുട്ടികളുടെ ആരോഗ്യവിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇതിൽ 31000 പേർ ഗർഭകാലത്ത് പാരസീറ്റമോളുമായി സമ്പർക്കമുണ്ടായവരാണ്. ഇതിൽ 1.8 ശതമാനം പേർക്കുമാത്രമാണ് പിന്നീട് ഓട്ടിസം സ്ഥിരീകരിച്ചത്. എന്നാൽ പാരസീറ്റമോളുമായി സമ്പർക്കത്തിലേർപ്പെടാത്ത മൂന്നുശതമാനം പേരിലും ഓട്ടിസം കണ്ടെത്തി.

തുടർന്ന് ഗർഭകാലത്തിന്റെ ഏത് ഘട്ടത്തിലാണ് പാരസീറ്റമോൾ ഉപയോഗിച്ചതെന്നും എത്ര ഡോസ് ഉപേയാഗിച്ചിരുന്നുവെന്നും പരിശോധിച്ചു. വിശദ പരിശോധനയിലാണ് പാരസീറ്റമോൾ ഉപയോഗം ഓട്ടിസം സാധ്യത കൂട്ടുന്നില്ലെന്ന് വ്യക്തമായതെന്ന് ഗവേഷകർ പറയുന്നു.

അതേസമയം 2024-ൽ സ്വീഡനിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ പാരസീറ്റമോളും ഓട്ടിസവും തമ്മിൽ ബന്ധമുണ്ടാകാം എന്ന വിലയിരുത്തലിൽ എത്തിയിരുന്നു. എന്നാൽ അതിൽ അടിസ്ഥാനമില്ലെന്നും അമ്മയിൽ തിരിച്ചറിയപ്പെടാതെ കിടന്നിരുന്ന മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാവാം ഓട്ടിസം സാധ്യത കൂട്ടുന്നതെന്നുമാണ് ഗവേഷകർ പറയുന്നത്.

ട്രംപിന്റെ വാദത്തിനുപിന്നാലെ പാരസീറ്റമോൾ സുരക്ഷിതമാണെന്നും ഉപയോഗത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പീഡിയാട്രീഷ്യനും ലോകാരോഗ്യസംഘടനയിലെ മുൻ ഗവേഷകയുമായ ഡോ. സൗമ്യ സ്വാമിനാഥനും വ്യക്തമാക്കിയിരുന്നു. പാരസീറ്റമോൾ സുരക്ഷിതമാണെന്നും വിദഗ്ധ നിർദേശത്തോടെ കഴിക്കാവുന്നതുമാണെന്നും അവർ പറഞ്ഞു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി&ഒബ്സ്റ്റെട്രിക്സ് നിർദേശിക്കുന്നത് പ്രകാരം ഏറ്റവും സുരക്ഷിതമായ മരുന്നാണ് പാരസീറ്റമോൾ എന്നും ഡോ.സൗമ്യ വ്യക്തമാക്കി.

വേദനാസംഹാരിയായും പനി ഭേദപ്പെടുത്താനും പ്രത്യേക പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കടകളിൽ നിന്ന് ലഭിക്കുന്ന അസിറ്റാമിനോഫിൻ എന്ന മരുന്നിന്റെ ബ്രാൻ‍ഡ് നെയിമാണ് ടെയ്ലനോൾ. എന്നാൽ, ടൈലനോളും ഓട്ടിസവുമായി ബന്ധിപ്പിക്കുന്ന യാതൊരു വിശ്വാസ്യയോഗ്യമായ തെളിവുകളും ഇതുവരെ ലഭ്യമല്ലെന്ന് ടൈലനോളിന്റെ നിർമാതാക്കൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

എന്താണ് ഓട്ടിസം?

മസ്തിഷ്‌കവികാസത്തിലെ ഒരു തകരാറായി ഓട്ടിസത്തെ കണക്കാക്കാം. ഇതിൽ ഓട്ടിസ്റ്റിക്ക് ഡിസോർഡർ, ആസ്‌പെർഗർ സിൻഡ്രോം, റെറ്റ് സിൻഡ്രോം, Not otherwise specified (PDD-NOS) എന്നിങ്ങനെ പല അവസ്ഥകൾ ഉൾപ്പെട്ടിരിക്കുന്നു. പൊതുവേ കുട്ടിക്കാലത്ത് തന്നെ ഓട്ടിസം സ്ഥിരീകരിക്കപ്പെടാറുണ്ടെങ്കിലും മുതിർന്നതിനു ശേഷം മാത്രം സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥകളും കുറവല്ല. പലരിലും ജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിൽ തുടർന്നിരുന്ന ശീലങ്ങളും പെരുമാറ്റവുമെല്ലാം ഓട്ടിസത്തിന്റേതാണെന്ന് വൈകി തിരിച്ചറിഞ്ഞിട്ടുള്ളവരുമുണ്ട്. സാമൂഹികപരമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ട്, ആവർത്തിക്കുന്ന പെരുമാറ്റങ്ങൾ തുടങ്ങി കുട്ടിക്കാലത്തെ ലക്ഷണങ്ങളിൽ പലതും തന്നെയാണ് മുതിർന്നവരിലും പ്രകടമാവുന്നത്. പെരുമാറ്റം, ശീലങ്ങൾ, താൽപര്യങ്ങൾ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിച്ചാണ് വിദഗ്ധർ രോഗനിർണയത്തിലെത്തുക.

Content Highlights: Large-scale 2026 study finds no causal link between paracetamol and autism., Data from 1.5 million children shows no increased risk of autism spectrum disorder