ചർമത്തിൽ മഞ്ഞനിറം, വയറുവേദന; പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണങ്ങൾ അറിയാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോ​ഗങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. അതിനു പ്രധാനകാരണം പാൻക്രിയാറ്റിക് അർബുദം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ലക്ഷണങ്ങളിൽ പ്രകടമാകില്ല എന്നതാണ്. ആളുകൾ പലപ്പോഴും അവ​ഗണിക്കുന്ന പാൻക്രിയാറ്റിക് കാൻസറിന്റെ നാല് ലക്ഷണങ്ങൾ പരിശോധിക്കാം. 

വയറുവേദന 
പാൻക്രിയാറ്റിക് കാൻസറിന്റെ പ്രാരംഭലക്ഷണങ്ങളിൽ ഒന്നാണ് വയറിൻ്റെ മുകൾഭാഗത്ത് വേദന അനുഭവപ്പെടുന്നത്. ഇത് പുറകുവശത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. വളരെ ചെറിയ തോതിലോ ഒരുതരം കടച്ചിൽ പോലെയോ ഈ വേദന അനുഭവപ്പെട്ടേക്കാം. ഇടവിട്ട് വരുന്നതിനും തുടർച്ചയായി നിലനിൽക്കുന്നതിനും സാധ്യതയുണ്ട്. മിക്ക ആളുകളും ഇത് ദഹനക്കേടോ മാനസിക പിരിമുറുക്കമോ ആണെന്ന് കരുതി ഈ അസ്വസ്ഥതയെ അവഗണിക്കുകയാണ് പതിവ്. അതിനാൽ, സാധാരണ ചികിത്സകളോട് പ്രതികരിക്കാതെ വേദന തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടാം. 

ഭാരക്കുറവും വിശപ്പില്ലായ്മയും
ഡയറ്റെടുക്കാതെ തന്നെ ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും സാധാരണയായി നാം അവ​ഗണിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്. അർബുദം ശരീരത്തിൻ്റെ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നുതാകാം ഇതിന് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. പതുക്കെ ബോധപൂർവം ശരീരഭാരം കുറയുന്നതിൽനിന്ന് വ്യത്യസ്തമാണ് അറിയാതെ ഭാരം കുറയുന്നത്.

മഞ്ഞപ്പിത്തം
പാൻക്രിയാറ്റിക് കാൻസർ ഉള്ളവരുടെ രക്തത്തിൽ ബിലിറുബിൻ അടിഞ്ഞുകൂടുന്നതിനാൽ ചർമത്തിനും കണ്ണിനും മഞ്ഞനിറം വരാൻ സാധ്യതയുണ്ട്. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. അർബുദം ബൈൽ ഡക്റ്റിൽ തടസ്സമുണ്ടാക്കുകയും പിത്തരസം ഒഴുകുന്നത് തടയുകയും ചെയ്യുന്നു. അതിനാൽ, ചർമത്തിലെ നിറവ്യത്യാസങ്ങളിൽ ശ്രദ്ധവേണം. മഞ്ഞപ്പിത്തത്തോടൊപ്പം കടുത്ത നിറമുള്ള മൂത്രം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. 

ദഹനസംബന്ധമായ പ്രശ്നങ്ങൾ
പാൻക്രിയാറ്റിക് അർബുദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. മുഴകൾ വളരുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഓക്കാനം, ഛർദ്ദി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ഇതിന് പുറമെ മലബന്ധവും വയറിളക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ലക്ഷണങ്ങൾക്ക് സാധാരണ അസുഖങ്ങളുമായി സാമ്യമുള്ളതിനാൽ ഇവയെ ദഹനപ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവ​ഗണിക്കാറാണ് പതിവ്. ദീർഘകാലം ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഏതൊരു മാറ്റം ശ്രദ്ധയിൽപ്പെട്ടാലും ഒരു ഡോക്ടറെ കാണേണ്ടതാണ്. 

(മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മറ്റ് രോ​ഗങ്ങളുടെ ഭാ​ഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)

Content Highlights: Pancreatic Cancer: Recognizing the Silent Killer's Subtle Symptoms