അമിതവണ്ണം കുറയ്ക്കാൻ നൽകുന്ന മരുന്ന് കാൻസർ പ്രതിരോധത്തിനും മികച്ചതെന്ന് പഠനം

പ്രമേഹത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനുമായി അവതരിപ്പിക്കപ്പെട്ട ഒസെമ്പിക് എന്ന മരുന്ന് ഉറക്കപ്രശ്നങ്ങൾ, അൽഷൈമേഴ്സ്, വിഷാദരോഗം, കരളിന്റെ പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ കാൻസർ പ്രതിരോധത്തിലും ഒസെമ്പിക് ഉൾപ്പെടെയുള്ള ഒരുകൂട്ടം വണ്ണംകുറയ്ക്കാനുള്ള മരുന്നുകൾ സംരക്ഷണം നൽകുന്നുവെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ലാൻസെറ്റ് ജേർണലിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒസെമ്പിക്, റിബെൽസുസ്, വിഗോവി, മൗൻജാരോ, സെപ്ബൗണ്ട് തുടങ്ങിയ ഒരുകൂട്ടം മരുന്നുകൾക്ക് കാൻസർ പ്രതിരോധത്തിനുള്ള കഴിവുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ഇസ്രായേലിൽ അമിതവണ്ണവും ടൈപ് 2 ഡയബറ്റിസും അനുഭവിക്കുന്ന 6,300 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഏകദേശം 7.5 വർഷത്തോളം പഠനത്തിൽ പങ്കാളികളായവരെ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് ഇത്തരം മരുന്നുകൾ ഉപയോഗിച്ചവരിൽ കാൻസർ സാധ്യതയിൽ നിന്ന് 41 ശതമാനം സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
ഈ മരുന്നുകളും കാൻസറും തമ്മിലുള്ള ബന്ധത്തേക്കുറിച്ചും ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശരീരവീക്കമാണ് ഇതിലെ പ്രധാനകാരണമായി ഗവേഷകർ പറയുന്നത്. ശരീരവീക്കം കാൻസർ സാധ്യത കൂട്ടുന്ന ഘടകമാണ്. മേൽപ്പറഞ്ഞ മരുന്നുകൾ ശരീരവീക്കം കുറയ്ക്കുകയും പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുകയും ഹോർമോൺ നില സന്തുലിതമാക്കുകയും ചെയ്യും. ഇവ മൂന്നും കാൻസർ സാധ്യത തടയുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ പറയുന്നു.
വിശപ്പ് കുറയ്ക്കുക എന്നതാണ് ഇത്തരം മരുന്നുകളുടെ അടിസ്ഥാന ധർമം. അമിതവണ്ണത്തിനും പ്രമേഹത്തിനുമല്ലാതെ മറ്റ് അസുഖങ്ങൾക്കും ഈ മരുന്നുകൾ ഫലപ്രദമാണെന്നതിന് തെളിവുകൾ ധാരാളം ലഭിക്കുന്നുണ്ട്. ഹൃദ്രോഗങ്ങൾക്ക് ഉചിത ചികിത്സാവിധിയാണെന്നതിന് തെളിവുകൾ ശക്തമാണ്. മസ്തിഷ്കാഘാതവും ഹൃദയസ്തംഭനവും ഗണ്യമായി കുറയ്ക്കുന്നുണ്ട് ഇവ. അമേരിക്കയിലെ FDA-യുടെ (Food and Drug Administration) അംഗീകാരവും ഈ മരുന്ന് നേടിക്കഴിഞ്ഞു. ഉറക്കത്തിൽ ശ്വാസംനിലയ്ക്കുന്ന അസുഖത്തിനും ഈ മരുന്നുകൾ ഉപയോഗിക്കാമെന്നാണ് ക്ലിനിക്കൽപരീക്ഷണങ്ങൾ തെളിയിക്കുന്നത്.
Content Highlights: New research suggests Ozempic and similar weight-loss drugs may reduce cancer risk