ശരീരം നോക്കിവേണം വ്യായാമം ചെയ്യാൻ; ഓവർ ട്രെയിനിങ് സിൻഡ്രോം നിസ്സാരമല്ല, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

ആരോഗ്യകരമായ ശരീരത്തിന് വ്യായാമം അനിവാര്യമാണ്. ജോലിത്തിരക്കും മറ്റുംപറഞ്ഞ് വ്യായാമം ചെയ്യാൻ ഒഴികഴിവുകൾ പറയുന്നവരേറെയുണ്ട്. എന്നാൽ ഇനി ചിലരാകട്ടെ എത്ര വ്യായാമം ചെയ്താലും മതിയാകാത്തവരുമാണ്. ഓരോരുത്തരുടെയും ശരീരം, ആരോഗ്യാവസ്ഥ തുടങ്ങിയവയൊക്കെ പരിഗണിച്ചുമാത്രമേ വ്യായാമം ചെയ്യാവൂ. അല്ലാത്തപക്ഷം അമിതമായി വ്യായാമം ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഓവർ ട്രെയിനിങ് സിൻഡ്രോം എന്ന ഈ അവസ്ഥ മാനസികവും ശാരീരികവുമായ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
അതികഠിനമായ വ്യായാമങ്ങളിൽ മുഴുകുകയും അതിൻനിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശരീരത്തിൽ ബുദ്ധിമുട്ടും വീക്കവും ഉണ്ടാക്കുന്നതോടൊപ്പം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. ഹോർമോൺ അസന്തുലിതാവസ്ഥ പിന്നീട് പേശീഭാരം കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് കൂട്ടുകയും ചെയ്യും. അതിനാൽ, വ്യായാമം ചെയ്യുമ്പോൾ അതിന്റെ ദൈർഘ്യം, തീവ്രത, എണ്ണം എന്നിവ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്.
ഓവർട്രെയിനിങ് സിൻഡ്രോം ഉണ്ടോയെന്ന് തിരിച്ചറിയാം, ലക്ഷണങ്ങൾ
നിരന്തരമായ ക്ഷീണമാണ് ആദ്യത്തെ ലക്ഷണം. വ്യായാമത്തിനിടയിൽ ശരീരത്തിന് വിശ്രമിക്കാനുള്ള സമയം ലഭിക്കാതിരിക്കുമ്പോഴാണ് ക്ഷീണമുണ്ടാകുന്നത്. ഉറങ്ങാനുള്ള പ്രയാസമാണ് മറ്റൊന്ന്. അമിതമായി വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും ഇത് അഡ്രിനാലിൻ ഉത്പാദനം കൂട്ടുകയും ചെയ്യും. ഇങ്ങനെ ശരീരത്തിന് റിലാക്‌സ് ചെയ്യാൻ പറ്റാതെ വരികയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
അടിക്കടി പേശികൾക്കും സന്ധികൾക്കുമുണ്ടാകുന്ന മുറിവും ഓവർട്രെയിനിങ് സിൻഡ്രോമിന്റെ ഭാഗമായുള്ളതാവാം. ഇത് ശരീരത്തിന് സ്ഥിരമായ വീക്കവുമുണ്ടാക്കും. വിശപ്പില്ലായ്മയാണ് മറ്റൊന്ന്. വ്യായാമം കൂടുമ്പോൾ ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാവുകയും ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യും. കൂടാതെ, ചില പ്രത്യേക ഭക്ഷണത്തോടുള്ള ആഗ്രഹവും കൂടും. ഇത് അസാധാരണമായ ഭക്ഷണക്രമത്തിലേക്ക് നയിക്കും.
മാനസികസമ്മർദങ്ങളെ ചെറുക്കാൻ വ്യായാമം സഹായിക്കുമെങ്കിലും അമിതമായ വ്യായാമം ഒരൂു വ്യക്തിയെ ഉത്കണ്ഠാകുലനും വികാരനിർഭരനുമാക്കും. വിഷാദം പോലെയുള്ള ദീർഘകാല അസുഖങ്ങളിലേക്കും ഇത് നയിക്കും. സ്ത്രീകളിൽ ഇത് ആർത്തവചക്രത്തിന്റെ താളം തെറ്റിക്കുകയും ചെയ്യാം. ഇത് പിന്നീട് ബോൺ ഡെൻസിറ്റി സംബന്ധമായ പ്രശ്‌നങ്ങൾ, പ്രത്യുത്പാദനസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയിലേക്കും നയിക്കാം.
രോഗപ്രതിരോധശേഷി കുറയ്ക്കുക, പേശികളുടെ വളർച്ച കുറയുക എന്നിവയാണ് ഓവർട്രെയിനിങ് സിൻഡ്രോമിന്റെ മറ്റുചില ലക്ഷണങ്ങൾ. കൂടാതെ, തങ്ങളുടെ ശരീരവും അതിന്റെ ഫിറ്റ്‌നസുമായി ഭ്രാന്തമായ അഭിനിവേശവുമുണ്ടാവും ഇത്തരക്കാർക്ക്. എത്ര വ്യായാമം ചെയ്താലും മതിയാവില്ല എന്ന തോന്നലും ഉണ്ടാകും.
വ്യായാമം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
- ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയുമൊക്കെ ചില പ്രശ്‌നങ്ങൾ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
- ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
- ജിമ്മിലാണെങ്കിൽ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിൾ, ട്രെഡ് മിൽ തുടങ്ങിയവയിലേക്ക് കടക്കാവൂ.
- പ്രഷർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്‌നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോ തെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- നടുവേദന, മുട്ടുവേദന ഒക്കെ ഉള്ളവർ ഭാരമെടുക്കുന്നതുപോലുള്ള വ്യായാമങ്ങളിലേക്ക് കടക്കരുത്.
വാം അപ് നിർബന്ധം
- വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തശേഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം.
- മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ്.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ദാഹിക്കുമ്പോൾ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
Content Highlights: Are you over-exercising? Learn the signs of Overtraining Syndrome and how to train safely in 2026. Read our expert guide to protect your health today.