16-ാം വയസ്സിൽ സ്തനത്തിൽ ട്യൂമർ, ഒപാലിന്റെ ലോകസുന്ദരിപ്പട്ടത്തിന് പിന്നിൽ അതിജീവനത്തിന്റെ കഥയുമുണ്ട്

ലോകസുന്ദരിപ്പട്ടത്തിന്റെ തിളക്കത്തിലേക്ക് എത്തി നിൽക്കുന്നതിന് മുമ്പുതന്നെ തായ്ലാൻറിൽ നിന്നുള്ള ഒപാൽ സുചാത ചൊങ്സ്രി എന്ന ഇരുപത്തിയൊന്നുകാരിക്ക് തന്‌റെ ഉത്തരവാദിത്തക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പതിനാറാം വയസ്സിൽ സ്തനത്തിൽ ബാധിച്ച ട്യൂമറിനെ എടുത്തുനീക്കുമ്പോൾ ഇനിയങ്ങോട്ടുള്ള തന്റെ ജീവിതം മുഴുവൻ സ്തനാർബുദ അവബോധത്തിനായി നീക്കിവെക്കുമെന്ന് ഒപാൽ തീരുമാനിച്ചത്.
പതിനാറാം വയസ്സിലാണ് ഒപാലിന് മാരകമല്ലാത്ത സ്തനാർബുദം സ്ഥിരീകരിക്കുന്നത്. ഇന്ന് ലോകസുന്ദരിപ്പട്ടം വരെ എത്തിനിൽക്കാനുള്ള ഏറ്റവും വലിയ പ്രചോദനവും അതാണെന്നാണ് ഒപാൽ പറയുന്നത്. സ്തനാർബുദത്തേക്കുറിച്ച് അവബോധം പകരാനും രോഗം നേരത്തേ കണ്ടുപിടിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് പങ്കുവെക്കാനുമൊക്കെയായാണ് 'ഒപാൽ ഫോർ ഹെർ' എന്ന ക്യാംപയിൻ ആരംഭിച്ചത്.
സ്തനാർബുദത്തേക്കുറിച്ച് അവബോധം ഇല്ലാത്തതുകൊണ്ടും സാമ്പത്തിക പരാധീനതകളാലുമൊക്കെ നിരവധി സ്ത്രീകൾ ദുരിതം അനുഭവിക്കുന്നത് കണ്ടതുകൊണ്ടാണ് നിശബ്ദത വകഞ്ഞ് സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ടി ഉറക്കെ സംസാരിക്കണമെന്ന് ഒപാൽ തീരുമാനിച്ചത്. സ്തനാർബുദം കൗമാരക്കാരേയും ബാധിക്കാമെന്നും നേരത്തേ കണ്ടെത്തലാണ് രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനമെന്നും ഒപാൽ വ്യക്തമാക്കുന്നു.
രോഗത്തേക്കുറിച്ച് അറിവ് പകരാനുള്ള പോഡ്കാസ്റ്റുകൾ ആരംഭിക്കുക, ആശുപത്രികളുമായി സഹകരിച്ച് സ്തനാർബുദ പരിശോധനകൾക്ക് തുടക്കമിടുക, ആരോഗ്യപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുക തുടങ്ങിയവയൊക്കെയാണ് ഒപാലിന്റെ മുന്നോട്ടുള്ള തീരുമാനങ്ങൾ. ലോകസുന്ദരിപ്പട്ടം കൂടി ലഭിച്ചതോടെ ഭാവിയിൽ തനിക്ക് ഇത്തരം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികളുടെ ഭാഗമാകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒപാൽ പറയുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലാൻറ് ആയ ഒപാൽ സുചാത കിരീടം ചൂടിയത്. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് ശനിയാഴ്ച വൈകുന്നേരം ആറരയോടെ എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.
സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന. റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
മുഴയിൽ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: Miss Thailand's Inspiring Journey: From Breast Cancer Survivor to Miss World Advocate