ഒരുമണിക്കൂറിൽ വായയിലെ അർബുദസാധ്യതയറിയാം, വേദനയില്ലാത്ത പരിശോധന; ബ്രഷ് ടെസ്റ്റ് വികസിപ്പിച്ച് ഗവേഷകർ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഒരുമണിക്കൂറിനുള്ളിൽ വായയിലെ അർബുദം കണ്ടെത്താനാകുന്ന ബ്രഷ് ടെസ്റ്റ് വികസിപ്പിച്ച് ഗവേഷകർ. ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് വായ്പ്പുണ്ണിൽ നിന്ന് കോശങ്ങൾ ശേഖരിച്ച് വായയിലെ അർബുദം സ്ഥിരീകരിക്കാനുള്ള ബ്രഷ് സ്വാബ് വികസിപ്പിച്ചത്.

ബയോപ്സി പരിശോധനകളെ അപേക്ഷിച്ച് വേദനയില്ലാത്തതും വേഗത്തിൽ ഫലംകണ്ടെത്താനാവുന്നതുമാണ് ഈ ടെസ്റ്റ് എന്ന് ഗവേഷകർ അവകാശപ്പെടുന്നു. 545 രോഗികളിൽ നിന്നുള്ള 1,000 ലധികം സാമ്പിളുകൾ വിശകലനം ചെയ്താണ് qMIDS-V3 എന്നറിയപ്പെടുന്ന പുതിയ ബ്രഷ് ബയോപ്സി ടെസ്റ്റ് വിലയിരുത്തിയത്. പരിശോധനയ്ക്കൊടുവിൽ ഓറൽ സ്ക്വാമസ് സെൽ കാർസിനോമ എന്ന വായയിലെ അർബുദം കൃത്യമായി തിരിച്ചറിയാനായെന്നും ഗവേഷകർ പറയുന്നു.

സാധാരണയായി ഒരു ചെറിയ ടിഷ്യു നീക്കം ചെയ്യുന്ന പരമ്പരാഗത ബയോപ്സികളിൽ നിന്ന് വ്യത്യസ്തമായി മൃദുവായ ബ്രഷ് ഉപയോഗിച്ച് ഉപരിതല കോശങ്ങൾ മാത്രമാണ് പുതിയ പരിശോധനയിൽ ശേഖരിക്കുന്നത്. ഫലങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാകവുകയും ചെയ്യും.

എത്രനേരത്തേ രോഗം തിരിച്ചറിയുന്നു എന്നതാണ് മറ്റെല്ലാ കാൻസറിനെയും പോലെ ഓറൽ കാൻസറിലെയും അതിജീവനസാധ്യത കൂട്ടുന്നത്. എന്നാൽ നിലവിലെ രോഗനിർണയ പരിശോധനകളിലെ പരിമിതികൾ കാരണം പലപ്പോഴും രോഗസ്ഥിരീകരണവും വൈകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഫലപ്രദമായിരിക്കും പുതിയ ടെസ്റ്റ് എന്ന് പഠനത്തിന്റെ പ്രധാന ഗവേഷകനായ മുയ്-ടെക് തെഹ് പറഞ്ഞു.

ചെലവ് കുറഞ്ഞ പരിശോധനാരീതി വൈകാതെ വിപണിയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. വിചാരിച്ചതുപോലെ മുന്നോട്ട് പോയാൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ രോഗികൾക്ക് ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

ഓറൽ കാൻസർ നിസ്സാരമാക്കരുത്

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതാണ് വായിലെ കാൻസർ. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം)വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പലപ്പോഴും, രോഗത്തിന്റെ ആദ്യകാലലക്ഷണങ്ങളായ ചെറിയ വായ്പുണ്ണ്, ചെറിയ വേദന, ഉണങ്ങാത്ത മുറിവ് എന്നിവരെ പലരും അവഗണിക്കാറാണ് പതിവ്.

വായിലെ മുറിവുകളും പാടുകളും സാധാരണ സംഭവമാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗുരുതര രോഗങ്ങളുടെ സൂചനയാകാം എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. രണ്ടാഴ്ച കഴിഞ്ഞും ഈ പാടുകളും മുറിവും തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.

പൂർവാർബുദ അവസ്ഥകൾ

ല്യൂക്കോപ്ലാക്കിയ (Leukoplakia)

വെള്ളപ്പാട് എന്ന് അർഥം വരുന്ന ഇത് പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പാടുകൾ പ്രധാനമായി 3 തരത്തിൽ കാണുന്നു

ഹോമോ ജീനസ് ല്യൂക്കോപ്ലാക്കിയ (HOMOGENUS LEUKOPLAKIA)

തൊലിയിൽ അല്പം തടിച്ചു നിൽക്കുന്ന ഈ പാട് വളരെ നേർമയേറിയതും മിനുമിനുത്തതുമാണ് .

സ്‌പെകിൽഡ് ല്യൂക്കോപ്ലാക്കിയ (SPECKLED LEUKOPLAKIA)

കവിളിന്റെ ഉൾഭാഗത്തു വായുടെ രണ്ടുവശങ്ങളിലും പൊടി വിതറിയ പോലുള്ള വെള്ള പാടുകളാണ് ഈ വിധത്തിൽ അറിയപ്പെടുന്നത് . ഇവ കാൻസർ ആയി മാറാനുള്ള സാധ്യത കൂടുതലാണ്

നോഡുലാർ അൾസറേറ്റഡ് ല്യൂക്കോപ്ലാക്കിയ (NODULAR ULCERATED LEUKOPLAKIA)

വെള്ളപ്പാടുകൾക്കിടയിൽ വ്രണവും ചുവന്ന നിറവും ഇടകലർന്നാണ് ഇവ കാണുക. കാൻസർ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പരിശോധന നിരീക്ഷണങ്ങൾക്കായി ഡോക്ടറെ കാണേണ്ടതാണ് .

ലക്ഷണങ്ങൾ

  • വായിൽ തുടർച്ചയായുള്ള പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്കുകയും ചെയ്യുക
  • വായ തുറക്കാൻ പ്രയാസം അനുഭവപ്പെടുക
  • വെള്ളയോ ചുവന്നതോ രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുക.
  • ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുക.
  • വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുക.
  • ഭക്ഷണം ചവക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
  • വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുക
  • വായിൽനിന്നും അകാരണമായ രക്തസ്രാവം
  • ശബ്ദത്തിലുള്ള വ്യതിയാനം
  • പല്ലുകൾ ഇളകുക
  • അകാരണമായി ശരീരഭാരം കുറയുക

വായിലെ കാൻസർ എങ്ങനെ തടയാം ?

  • എല്ലാതരത്തിലുമുള്ള പുകയിലയുടെ ഉപയോഗവും പൂർണമായി നിർത്തുക.
  • മദ്യം ഉപയോഗിക്കാതിരിക്കുക.
  • സമീകൃത ആഹാരം ശീലിക്കുക, പച്ചക്കറികളും പഴങ്ങളും ധാരാളം ചേർക്കുക.
  • എല്ലാ ആറുമാസം കൂടുംതോറും ഡോക്ടറെ കാണുക.

Content Highlights: New qMIDS-V3 brush biopsy allows painless oral cancer screening., Results are available within one hour of testing., Targeting market availability within two years by 2026