വായിലെ സൂക്ഷ്മാണുക്കൾ പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമോ?; മുന്നറിയിപ്പുമായി പഠനം

സൈലന്റ് കില്ലർ എന്ന് വിശേഷിപ്പിക്കുന്ന രോഗങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. പാൻക്രിയാസിലെ കോശങ്ങളുടെ അമിതവളർച്ച മൂലമുണ്ടാകുന്ന അർബുദമാണിത്. പ്രാരംഭഘട്ടങ്ങളിൽ തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യതയും ഈ അർബുദത്തിൽ കൂടുതലാണ്. ഇപ്പോഴിതാ, വായിലെ സൂക്ഷ്മാണുക്കളും പാൻക്രിയാറ്റിക് കാൻസർ സാധ്യതയും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. NYU Langone Health നടത്തി JAMA ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനമാണ് വായിലെ ചില ബാക്ടീരിയകൾക്കും ഫംഗസുകൾക്കും രോഗസാധ്യത മൂന്നിരട്ടിയിലധികം വർധിപ്പിക്കാൻ സാധിക്കുമെന്ന് പറയുന്നത്.
പഠനം പറയുന്നത്
ഒമ്പത് വർഷക്കാലയളവിൽ 1,22,000 മുതിർന്നവരുടെ ഉമിനീർ സാമ്പിളുകൾ വിശകലനം ചെയ്തായിരുന്നു പഠനം നടത്തിയത്. പാൻക്രിയാറ്റിക് കാൻസറിനുള്ള വർധിച്ച അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്ന വായിലെ 27 സൂക്ഷ്മാണുക്കളെ ഗവേഷകർ കണ്ടെത്തി. 24 ബാക്ടീരിയകളേയും മൂന്ന് ഫംഗസുകളേയുമാണ് ഇവർ കണ്ടെത്തിയത്. Porphyromonas gingivalis, Eubacterium nodatum, Parvimonas micra എന്നിവ ഉയർന്ന അപകടസാധ്യതയുള്ള ബാക്ടീരിയയുമായി പഠനം കണക്കാക്കുന്നു.
ഉമിനീര് വഴി വായിൽ നിന്ന് പാൻക്രിയാസിലെത്തുന്ന ഈ സൂക്ഷ്മാണുക്കൾ കാൻസറിന് കാരണമായേക്കാമെന്നാണ് പഠനം പറയുന്നത്. പാൻക്രിയാസിലെത്തുന്നതോടെ ട്യൂമറിന് കാരണമാകുന്ന വീക്കം ഇവ സൃഷ്ടിച്ചേക്കാം. വായിലെ ഹാനികരമായ സൂക്ഷ്മാണുക്കൾ രക്തപ്രവാഹത്തിൽ പ്രവേശിച്ച് പാൻക്രിയാസിൽ എത്തി കാൻസറിന് കാരണമാകുമെന്ന തരത്തിൽ നേരത്തെയുള്ള റിപ്പോർട്ടുകളെ ഈ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നു.
എങ്ങിനെ പ്രതിരോധിക്കാം
- വായിലെ ശുചിത്വം പാലിക്കുക: കൃത്യമായി പല്ല് തേക്കുന്നതും ഫ്ലോസ് ചെയ്യുന്നതും വായിലെ ഹാനികരമായ സൂക്ഷ്മാണുക്കൾ അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
- പുകവലി ഒഴിവാക്കുക: പുകവലി നിർത്തുന്നത് പാൻക്രിയാറ്റിക് കാൻസറിനും മറ്റ് കാൻസറുകൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.
- ആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
- ചിട്ടയായ വ്യായാമം: ശാരീരിക വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണങ്ങൾ
വയറുവേദന
പാൻക്രിയാറ്റിക് കാൻസറിന്റെ പ്രാരംഭലക്ഷണങ്ങളിൽ ഒന്നാണ് വയറിൻ്റെ മുകൾഭാഗത്ത് വേദന അനുഭവപ്പെടുന്നത്. ഇത് പുറകുവശത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. വളരെ ചെറിയ തോതിലോ ഒരുതരം കടച്ചിൽ പോലെയോ ഈ വേദന അനുഭവപ്പെട്ടേക്കാം. ഇടവിട്ട് വരുന്നതിനും തുടർച്ചയായി നിലനിൽക്കുന്നതിനും സാധ്യതയുണ്ട്. മിക്ക ആളുകളും ഇത് ദഹനക്കേടോ മാനസിക പിരിമുറുക്കമോ ആണെന്ന് കരുതി ഈ അസ്വസ്ഥതയെ അവഗണിക്കുകയാണ് പതിവ്. അതിനാൽ, സാധാരണ ചികിത്സകളോട് പ്രതികരിക്കാതെ വേദന തുടരുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടാം.
ഭാരക്കുറവും വിശപ്പില്ലായ്മയും
ഡയറ്റെടുക്കാതെ തന്നെ ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്മയും സാധാരണയായി നാം അവഗണിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്. അർബുദം ശരീരത്തിൻ്റെ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നുതാകാം ഇതിന് കാരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. പതുക്കെ ബോധപൂർവം ശരീരഭാരം കുറയുന്നതിൽനിന്ന് വ്യത്യസ്തമാണ് അറിയാതെ ഭാരം കുറയുന്നത്.
മഞ്ഞപ്പിത്തം
പാൻക്രിയാറ്റിക് കാൻസർ ഉള്ളവരുടെ രക്തത്തിൽ ബിലിറുബിൻ അടിഞ്ഞുകൂടുന്നതിനാൽ ചർമത്തിനും കണ്ണിനും മഞ്ഞനിറം വരാൻ സാധ്യതയുണ്ട്. ഇത് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. അർബുദം ബൈൽ ഡക്റ്റിൽ തടസ്സമുണ്ടാക്കുകയും പിത്തരസം ഒഴുകുന്നത് തടയുകയും ചെയ്യുന്നു. അതിനാൽ, ചർമത്തിലെ നിറവ്യത്യാസങ്ങളിൽ ശ്രദ്ധവേണം. മഞ്ഞപ്പിത്തത്തോടൊപ്പം കടുത്ത നിറമുള്ള മൂത്രം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ
പാൻക്രിയാറ്റിക് അർബുദത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. മുഴകൾ വളരുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഓക്കാനം, ഛർദ്ദി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ഇതിന് പുറമെ മലബന്ധവും വയറിളക്കവും ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ലക്ഷണങ്ങൾക്ക് സാധാരണ അസുഖങ്ങളുമായി സാമ്യമുള്ളതിനാൽ ഇവയെ ദഹനപ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കാറാണ് പതിവ്. ദീർഘകാലം ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഏതൊരു മാറ്റം ശ്രദ്ധയിൽപ്പെട്ടാലും ഒരു ഡോക്ടറെ കാണേണ്ടതാണ്.
(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)
Content Highlights: Oral Bacteria Linked to Increased Pancreatic Cancer Risk, Study Finds